തിരുവനന്തപുരം: കെ-റെയിൽ വിഷയത്തിൽ ശശി തരൂർ നിലപാട് തിരുത്താൻ തയാറാകണമെന്നാവശ്യപ്പെട്ട് കെ. മുരളീധരൻ എംപി. സുധാകരൻ നൽകിയത് വാണിംഗാണെന്നും തരൂരിനെ പുറത്താക്കിയാൽ വിഷയം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പ്രതിസന്ധികളിൽ ഒപ്പം നിന്നത് പാർട്ടിയാണെന്ന് ഓർക്കണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. അന്ന് പാർട്ടിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഒരുപോലെ നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്. ആ നിലയ്ക്ക് തരൂർ യു.ഡി.എഫിനും പാർട്ടിയുടെ നിലപാടിനും ഒപ്പം നിൽക്കണം,' മുരളീധരൻ ആവശ്യപ്പെട്ടു.

'റിപ്പോർട്ട് പഠിക്കട്ടെ എന്നാണ് തരൂർ പറയുന്നത്. കോൺഗ്രസ് സമിതി പഠിച്ച റിപ്പോർട്ട് എല്ലാ എംഎ‍ൽഎമാർക്കും എംപിമാർക്കും നൽകിയതാണ്. ഇനി പ്രത്യേകിച്ച് പഠിക്കണമെന്നാണെങ്കിൽ അങ്ങനെ ആകട്ടെ അത് വിവാദമാക്കേണ്ട കാര്യമില്ല. വിഷയത്തിൽ തരൂർ തെറ്റ് തിരുത്തി പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് കരുതുന്നത്,' അദ്ദേഹം കൂട്ടിച്ചേർത്തു.

'സുധാകരൻ നൽകിയത് വാണിങ് മാത്രമാണ്. പുറത്താക്കിയാൽ വിഷയം മാറും. ഇപ്പോൾ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ. അതിലൊരാളെ പുറത്താക്കിയാൽ ബുദ്ധിമുട്ടാകും. മാത്രവുമല്ല പാർട്ടി ഭരണഘടന അനുസരിച്ച് അക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്' മുരളീധരൻ പറഞ്ഞു.

കെ-റെയിൽ വിഷയത്തിൽ സർക്കാർ നിലപാടിനേയും മുരളീധരൻ വിമർശിച്ചു. 'കമ്മീഷൻ പറ്റിയുള്ള വികസനമാണ് സംസ്ഥാന സർക്കാരിപ്പോൾ കെ-റെയിൽ എന്ന പദ്ധതിയിലൂടെ നടത്തുന്നതെന്നും കെ മുരളീധരൻ ആരോപിച്ചു. പാരിസ്ഥിതിക ആഘാത റിപ്പോർട്ട് പോലുമില്ലാതെ എന്ത് പദ്ധതിയാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

എന്തടിസ്ഥാനത്തിലാണ് സ്ഥലമേറ്റെടുക്കുന്നത്. കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് പറയുന്നു. എവിടെ നിന്നാണ് ആ പണം വരിക. രണ്ട് പ്രളയം കടന്നതിന്റെ നഷ്ടപരിഹാരം നൽകാനോ റോഡ് ടാറുചെയ്യാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് കടം വാങ്ങി പൊറുതിമുട്ടുമ്പോഴാണ് വലിയ തുക മുടക്കി കെ റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രം സാമ്പത്തിക പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലയിൽ പദ്ധതി പരാജയമാണ്. ഇതേ നിലപാടാണ് സിപിഐക്കും ഉള്ളത്,' അദ്ദേഹം പറഞ്ഞു.