- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുമ്മനത്തിന് ലഭിക്കേണ്ട നായർ വോട്ടുകൾ ചോർത്തിയത് മുരളിയൂടെ സ്ഥാനാർത്ഥിത്വത്തിലൂടെ; കേരളം ഗുജറാത്താകുമെന്ന പ്രസ്താവന ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടുകൾ പോക്കറ്റിലാക്കി ശിവൻകുട്ടി; നേമത്ത് സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോൾ യുഡിഎഫിനു കൂടിയത് 22,664 വോട്ട്; ശിവൻകുട്ടിയുടെ വിജയത്തിൽ തുണച്ചത് മുരളീധരൻ ഇഫക്റ്റ്!
തിരുവനന്തപുരം: ബിജെപി തുറന്ന അക്കൗണ്ട് ഇക്കുറി ഞങ്ങൾ പൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് നടപ്പിലാക്കാൻ ഇടതുമുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടിയെ തുണച്ചത് കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വമാണ്. ബിജെപിയുമായുള്ള ശക്തമായ പോരാട്ടത്തിൽ മുരളീധരൻ പിടിച്ച വോട്ടുകളുടെ ബലത്തിലാണ് ഇടതു സ്ഥാനാർത്ഥി വിജയിച്ചു കയറിയത്. ഇത് കണക്കുകൂട്ടലുകളിൽ നിന്ന് വ്യക്തമാണ് താനും.
കേരളത്തിന്റെ ഗുജറാത്ത് എന്ന വിശേഷണം തന്നെയാണ് കുമ്മനത്തിന് ഏറ്റവും തിരിച്ചടിയായതും. ഈ വിഷയം കൂടുതൽ പ്രചരിപ്പിച്ചു ന്യൂനപക്ഷ വോട്ടുറപ്പിക്കുന്നതിൽ വിജയിച്ചത് ശിവൻകുട്ടിയായിരുന്നു. ഒരു വിഭാഗം ന്യുനപക്ഷ വോട്ടുകൾ മുരളീധരനും ലഭിച്ചു. അതേസമയം ഒറ്റയടിക്ക് കുമ്മനത്തിന് ലഭിക്കേണ്ടിയിരുന്ന നായർ വോട്ടുകളാണ് കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ബിജെപിക്ക് നഷ്ടമായതും.
35 സീറ്റുകളിൽ ജയിച്ചാൽ അധികാരം പിടിക്കുമെന്ന് ബിജെപി പ്രചാരണം നടത്തിയെങ്കിലും 5 സീറ്റിലെങ്കിലും വിജയിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്ന നേതൃത്വത്തെ തീർത്തും നിരാശരാക്കുന്നതായിരുന്നു ആകെയുള്ള നേമവും പോയ അവസ്ഥ. നേമം ഉറപ്പിച്ചതിനൊപ്പം മഞ്ചേശ്വരം, പാലക്കാട്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലായിരുന്നു പ്രതീക്ഷ. സീറ്റ് ഉറപ്പിച്ച നേമത്ത് കുമ്മനം രാജശേഖരൻ ഇറങ്ങിയിട്ടും ചോർന്നത് 15,925 വോട്ടുകളാണ്.
സിപിഎമ്മിനു 3,305 വോട്ടു കുറഞ്ഞപ്പോൾ യുഡിഎഫിനു കൂടിയത് 22,664 വോട്ട്. യുഡിഎഫ് പിടിച്ച ഈ വോട്ടുകളാണ് ശരിക്കും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാലിനു 67,813 വോട്ടും സിപിഎമ്മിലെ വി.ശിവൻകുട്ടിക്ക് 59,142 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥി വി.സുരേന്ദ്രൻ പിള്ളയ്ക്കു 13,860 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ ശിവൻകുട്ടിക്കു 55,837 വോട്ടും കുമ്മനത്തിനു 51,888വോട്ടും കെ.മുരളീധരനു 36,524 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥി നേടിയ13,860 വോട്ട് മുരളീധരൻ 36,524 വോട്ടായി ഉയർത്തി. ചോർന്നതിൽ ഭൂരിഭാഗവും ബിജെപി പക്ഷത്ത് നിലയുറപ്പിച്ച നായർ വോട്ടുകൾ.
പ്രചാരണത്തിൽ മുന്നിലെത്തിയിട്ടും വോട്ടു ബാങ്ക് നിലനിർത്താൻ ബിജെപിക്കായില്ല. കുമ്മനം വർഗീയവാദിയാണെന്ന പ്രചാരണം രണ്ടു പാർട്ടികളും നടത്തിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചു. ഒ.രാജഗോപാലിനു പാർട്ടിക്കു പുറത്തുനിന്നും ലഭിച്ച വോട്ടുകൾ സമാഹരിക്കാൻ കുമ്മനത്തിനായില്ല. കെ.മുരളീധരൻ വരുന്നതോടെ സിപിഎമ്മിനു ലഭിക്കുന്ന നായർ വോട്ടുകൾ ചോരുമെന്നും ബിജെപി വോട്ടുകൾ നിലനിർത്താനായാൽ ജയിക്കുമെന്നുമുള്ള പ്രതീക്ഷ തെറ്റി. സ്വന്തം പാർട്ടിയിലെ നേതാവായ ഒ.രാജഗോപാലിന്റെ പ്രസ്താവനകളും തിരിച്ചടിയായി. കുമ്മനം തന്റെ പിൻഗാമിയാണെന്നു പറയാനാകില്ലെന്നും മുരളീധരൻ ശക്തനായ എതിരാളിയാണെന്നുള്ള പ്രസ്താവനയും എതിരാളികൾ പ്രചാരണ വിഷയമാക്കി.
കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന സീറ്റ് ഘടകക്ഷികളിലേക്കെത്തിയതാണ് തിരിച്ചടിയായതെന്ന ബോധ്യത്തിലാണ് കെ.മുരളീധരനെ യുഡിഎഫ് കളത്തിലിറക്കിയത്. 2006 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച എൻ.ശക്തനു ലഭിച്ചത് 60,886 വോട്ട്. 2011ൽ എൻ.ശക്തൻ കാട്ടാക്കടയിലേക്കു മാറിയപ്പോൾ പകരം സ്ഥാനാർത്ഥിയായത് എസ്ജെഡിയിലെ ചാരുപാറ രവി. ലഭിച്ചത് 20,248 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായത് ജെഡിയുവിലെ വി.സുരേന്ദ്രൻപിള്ള. ലഭിച്ചത് 13,869 വോട്ട് മാത്രം.
മുരളി എത്തുന്നതോടെ മണ്ഡലം പിടിക്കാമെന്ന ലക്ഷ്യം സാധ്യമായില്ലെങ്കിലും പത്തു വർഷമായി ചോരുന്ന വോട്ടുകളിൽ ഭൂരിഭാഗവും തിരികെയെത്തി. മുരളി മത്സരിച്ചില്ലെങ്കിൽ ചെറിയ ഭൂരിപക്ഷത്തിനു കുമ്മനം ജയിക്കുമായിരുന്നു എന്നു വിശ്വസിക്കുന്നവർ മൂന്നു പാർട്ടികളിലുമുണ്ട്. തിരഞ്ഞെടുപ്പു പരാജയം കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കു ക്ഷീണമാകുമ്പോൾ, നേമത്തെ പോരാട്ടം പാർട്ടിയിൽ മുരളിയുടെ ഗ്രാഫ് ഉയർത്തും.
നേമത്തെ തോൽവിയെ കുറിച്ച് വ്യക്തമാക്കി മാധ്യമങ്ങളെ കാണുമെന്നാണ് ഇന്നലെ മുരളീധരൻ വ്യക്തമാക്കിയത്. നേതൃമാറ്റം അടക്കമുള്ള ആവശ്യങ്ങൾ കോൺഗ്രസിൽ ശക്തമാകുമ്പോൾ തിരക്കിട്ട നേതൃമാറ്റം ആവശ്യമില്ലെന്നാണ് കെ. മുരളീധരൻ വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി കെ. മുരളീധരൻ ഇന്നലെ ചർച്ച നടത്തിയിരുന്നു.
നേതൃത്വമാണ് തോൽവിക്ക് കാരണമെന്നും നേതൃമാറ്റം ആവശ്യമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിൽ തന്നെ ആവശ്യം ഉയരുന്നതിനിടെയാണ് നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരനെയോ കെ. സുധാകരനെയോ കൊണ്ടുവരണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ