തിരുവനന്തപുരം: കെ മുരളീധരൻ എംഎൽഎ വട്ടിയൂർക്കാവ് മണ്ഡലം ഉപേക്ഷിക്കാൻ ആലോചിക്കുന്നതായി സൂചന. തനിക്ക് അനുയായികളും സുഹൃദ് വലയവും ഏറെയുള്ള കോഴിക്കോട്ടേയ്ക്ക് വീണ്ടും പോകാൻ മുരളീധരൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി അടുത്ത അനുയായികൾ പറയുന്നു.

ലീഡർ കെ കരുണാകരന്റെ മകനെ ഒരു സീറ്റ് നൽകി ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മുരളീധരന് തലസ്ഥാനത്തെ വട്ടിയൂർക്കാവ് സീറ്റ് നൽകിയത്. എന്നാൽ ശത്രുക്കളുടെപോലും പ്രതീക്ഷകളെ കടത്തിവെട്ടി മുരളി അവിടെ വമ്പൻ വിജയം കുറിച്ചു. എൽഡിഎഫിന്റെ കരുത്തനായ ചെറിയാൻ ഫിലിപ്പ്, ബിജെപിയുടെ വി വി രാജേഷ് എന്നിവരോടാണ് മുരളി അങ്കം ജയിച്ചത്. കെ കരുണാകരന്റെ മരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നതുകൊണ്ട് ലീഡറോടുള്ള അനുതാപവോട്ടുകളും മുരളീധരന്റെ വിജയത്തിനു മാറ്റു കൂട്ടി.

തുടർന്ന് മണ്ഡലത്തിൽ അങ്ങോളമിങ്ങോളം ഓടിയെത്തുന്ന മുരളീധരൻ എല്ലാവർക്കും സമ്മതനായി. രാഷ്ട്രീയ ഭേദമില്ലാതെ സൗഹൃദം സ്ഥാപിക്കുന്ന മുരളിക്കുതന്നെ അടുത്ത തെരഞ്ഞെടുപ്പിലും വട്ടിയൂർക്കാവ് സീറ്റ് എന്ന് കോൺഗ്രസിൽ ഏകദേശം തീരുമാനവുമായിട്ടുണ്ട്. പക്ഷേ മുരളീധരന് അത്രയ്ക്ക് ശുഭാപ്തിവിശ്വാസം പോരെന്നാണ് സൂചനകൾ.

സോളാർ കുംഭകോണവും, ബാർകോഴ കേസും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അടിത്തറയിളക്കുമെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ. യുഡിഎഫ് സർക്കാരിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിനും തനിക്കും സുരക്ഷിതമല്ലാത്ത ഒരു മണ്ഡലത്തിൽ തുടരുന്നതിൽ മുരളീധരൻ സംശയം പ്രകടിപ്പിച്ചതായി അനുയായികൾ പറയുന്നു. ഇനി ഒരു പരാജയം ഏറ്റുവാങ്ങേണ്ടിവന്നാൽ ചിലപ്പോൾ തുടർന്ന് സീറ്റ്തന്നെ ലഭിക്കില്ലെന്നുവരാം. മറിച്ച് വീണ്ടും വിജയിച്ചാൽ കോൺഗ്രസിൽ അജയ്യനായി തുടരുകയും ചെയ്യാമെന്നാണ് മുരളീധര വിഭാഗത്തിന്റെ കണക്കുകൂട്ടൽ.

എൽഡിഎഫിന് മേൽക്കൈയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കഴിഞ്ഞതവണ ചെറിയാൻ ഫിലിപ്പിനു പകരം പാർട്ടി ചിഹ്നത്തിൽ ഒരാളെ മത്സരിപ്പിച്ചിരുന്നെങ്കിൽ വിജയം ഉറപ്പായിരുന്നുവെന്ന് സിപിഐ -എം വിലയിരുത്തുകയും ചെയ്തു. ഇത്തവണ എം വിജയകുമാറിന് അവസരം നൽകുകയാണെങ്കിൽ വട്ടിയൂർക്കാവ് നൽകാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ അത് മുരളീധരന് കനത്ത വെല്ലുവിളിയാകും. ട്രെന്റ് കൂടി മാറിയാൽ കോൺഗ്രസ് ഒലിച്ചുപോകുകതന്നെ ചെയ്യുമെന്ന് മുരളീധരന് ഉറപ്പുണ്ട്. കൂടാതെ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മണ്ഡലത്തിലെ വാർഡുകളിൽ മികച്ച നേട്ടം കൊയ്തു. മുരളീധരന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നിട്ടുപോലും പല വാർഡിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കഴിഞ്ഞ തവണ മത്സരിച്ച വി വി രാജേഷ് തന്നെയാണ് ഇത്തവണയും വട്ടിയൂർക്കാവിൽ ബിജെപിക്കുവേണ്ടി ഇറങ്ങുന്നത്.

രണ്ടുതവണ തന്നെ പാർലമെന്റിലേക്ക് വിജയിപ്പിച്ച കോഴിക്കോട്ടുകാർ ചതിക്കില്ലെന്നാണ് മുരളീധരന്റെ കണക്കുകൂട്ടൽ. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി എന്നീ മണ്ഡലങ്ങൾ മാത്രമേ യുഡിഎഫിനെ തുണച്ചുള്ളു. പക്ഷേ മൂന്നുമണ്ഡലങ്ങളും മുസ്ലിം ലീഗിന്റെ കൈയിലുമാണ്. മന്ത്രി എം കെ മുനീറിന്റെ മണ്ഡലമായ കോഴിക്കോട് സൗത്ത് ആണ് മുരളീധരന്റെ ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പിൽ മുനീർ മലപ്പുറത്ത് മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഈ മണ്ഡലമോ, തിരുവമ്പാടിയോ കോൺഗ്രസിന് ലഭിച്ചേക്കും. സിപിഐ-എം കരുത്താർജ്ജിച്ച സൗത്തിനുവേണ്ടി കോൺഗ്രസിൽ മറ്റാരും താൽപ്പര്യം പ്രകടിപ്പിക്കാത്തതും മുരളീധരന് പ്രതീക്ഷയേകുന്നുണ്ട്.