- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല; എം പിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ട്; ഒരു സാഹചര്യത്തിൽ ഒരു എംപിമാരുമായും യാതൊരുവിധ ചർച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല; നേമത്തു സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ചു കെ മുരളീധരൻ എം പി
ന്യൂഡൽഹി: നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ചു കെ മുരളീധരൻ എംപി. എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല എന്നായിരുന്നു സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ മുരളീധരന്റെ പ്രതികരണം. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. കാരണം, എംപിമാർ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനിൽക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഒരു എംപിമാരുമായും യാതൊരുവിധ ചർച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല. കെ മുരളീധരൻ പ്രതികരിച്ചു.
കെ മുരളീധരൻ നേമത്ത് മത്സരിക്കും എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാൻ നീക്കം നടന്നത്. ഈ വാർത്തയെയാണ് ഇപ്പോൾ മുരളീധരൻ തന്നെ നിഷേധിച്ചിരിക്കുന്നത്. അതേസമയം ബിജെപിയുടെ കയ്യിലുള്ള കേരളത്തിലെ ഏക നിയമസഭ മണ്ഡലമായ നേമം പിടിക്കാൻ ഉതകുന്ന സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കയാണ്.
നിലവിൽ വടകര എംപിയായ കെ.മുരളീധരൻ സന്നദ്ധത അറിയിച്ചില്ലെങ്കിൽ ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അടക്കമുള്ള മുതിർന്ന നേതാക്കളെയും പരിഗണിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും മുരളീധരൻ രണ്ടുതവണ നിയമസഭയിലെത്തിയിട്ടുണ്ട്. കെ മുരളീധരൻ നേമത്ത് മത്സരിക്കാൻ സന്നദ്ധനാണെങ്കിലും സമാന ആവശ്യം മറ്റും എംപിമാരും ഉന്നയിച്ചാൽ പാർട്ടി പ്രതിസന്ധിയിലാകും. അതുകൊണ്ട് തന്നെ വീണ്ടും നേമത്തെ കരുത്തനെ തേടിയുള്ള ചർച്ചകൾ കേന്ദ്രീകരിക്കുന്നത് രമേശ് ചെന്നിത്തലയിലേക്കും ഉമ്മൻ ചാണ്ടിയിലേക്കും നീങ്ങുകയാണ്.
നേമം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. നേമത്തും വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന് കേരളത്തിലെ മുതിർന്ന നേതാക്കളോട് ഹൈക്കമൻഡ് ആവശ്യപ്പെട്ടു കഴിഞ്ഞു. ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുമോ എന്ന് ഹൈക്കമാൻഡ് ചോദിച്ചു. ഈ ഘട്ടത്തിലാണ് കെ മുരളീധരൻ താൻ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചത്. എന്നാൽ, ഒരു എംപിക്ക് മാത്രമായി എങ്ങനെ ഇളവു നൽകുമെന്ന ചോദ്യമാണ് ഹൈക്കമാൻഡിന് മുന്നിലുള്ളത്.
എംപിമാർ ആരും മത്സരിക്കേണ്ടതില്ലെന്നതാണ് ഹൈക്കമാണ്ടിന്റെ ആദ്യ തീരുമാനം. എന്നാൽ നേമം പിടിക്കാൻ മുരളിയിലൂടെ കഴിയുമെന്നാണ് ഹൈക്കമാണ്ടിന്റെ വിലയിരുത്തൽ. എന്നാൽ, ഇതിനായി മുരളീധരന് മാനദണ്ഡങ്ങൾ മാറ്റി മത്സരത്തിന് അനുമതി നൽകേണ്ടി വരുമെന്ന വെല്ലുവിളിയാണ് ഹൈക്കമാൻഡ് നേരിടുന്നത്. മാത്രമല്ല, വടകരയിൽ ഉപതിരഞ്ഞെടുപ്പു വരുന്നമ്പോൾ സീറ്റു നിലനിർത്താൻ സാധിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
വട്ടിയൂർക്കാവിലെ എംഎൽഎയായിരുന്നു മുരളീധരൻ. വടകരയിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ചർച്ചകളാണ് മുരളീധരനെ എംപിയാക്കിയത്. വടകരയിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ തയ്യറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഈ നീക്കം രാഷ്ട്രീയമായി ദോഷമുണ്ടാക്കിയെന്ന് മുരളീധരന് തോന്നലുണ്ടായി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്വന്തമാകുകയും ചെയ്തു. ഇതിൽ മുരളിക്ക് വേദനയും അമർഷവുമുണ്ട്.
നേമത്ത് ബിജെപി വിരുദ്ധൻ മത്സരിച്ചാൽ അതിന്റെ ഗുണഫലം മറ്റുള്ള സ്ഥലങ്ങളിലും ഉണ്ടാകും. സിപിഎം മുൻ എംഎൽഎ ശിവൻകുട്ടിയേയും സ്ഥാനാർത്ഥിയാക്കും. കുമ്മനത്തിനെതിരെ ശിവൻ കുട്ടിയേക്കാൾ മികച്ച സ്ഥാനാർത്ഥിയെ കോൺഗ്രസിന് നിർത്താനായാൽ ജയിക്കാമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നേമത്ത് ഉമ്മൻ ചാണ്ടിയേയും കെ മുരളീധരനേയും പരിഗണിക്കുന്നത്. വിഷ്ണുനാഥ് പോലുള്ളവരുടെ പേരും ചർച്ചയിലുണ്ട്. അതിശക്തനായ സ്ഥാനാർത്ഥി നേമത്ത് മത്സരിച്ചാൽ അതിന്റെ ഗുണം കേരളത്തിൽ ഉടനീളം കോൺഗ്രസിനുണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം വരും. ഈ പട്ടികയിൽ തന്നെ നേമത്തെ ചർച്ചകൾ അവസാനിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാൽ നേമത്ത് ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നത്. എൽഡിഎഫിന് വേണ്ടി എംഎൽഎയായിരുന്ന വി ശിവൻകുട്ടിയും യുഡിഎഫിന് വേണ്ടി എൽജെഡിയിലെ സുരേന്ദ്രൻപിള്ളയുമാണ് മത്സര രംഗത്തിറങ്ങിയത്. 8671 വോട്ടുകൾക്കാണ് ഒ രാജഗോപാൽ ശിവൻകുട്ടിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന് 13860 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ. രാജഗോപാലിനെതിരെ വി ശിവൻകുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. രാജഗോപാലിനാവട്ടെ 67,813 വോട്ടും. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ ശിവൻകുട്ടി തന്നെയായിരുന്നു രാജഗോപാലിനെ പരാജയപ്പെടുത്തിയത്. 2006ൽ കോൺഗ്രസിന്റെ കൈകളിലായിരുന്ന നേമം സീറ്റായിരുന്നു 2011ൽ സിപിഐഎം പിടിച്ചെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ