തൃശൂർ: കൃഷ്ണ ഭക്തനായ മുത്തച്ഛന്റെ ഓർമ്മകൾ മനസ്സിൽ നിറച്ച് പേരമകൻ കണ്ണൻ ഗുരുവായൂരപ്പ സന്നിധിയിൽവച്ച് വധു ചിന്നുവിന് താലിചാർത്തി. കെ മുരളീധരൻ എംഎൽഎയുടെ മകൻ അരുൺനാരായണനും തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ വധു ആതിരാ മോഹനും തമ്മിലുള്ള വിവാഹമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ ഇന്ന് നടന്നത്.

കേരളത്തിലെ കോൺഗ്രസ്സുകാർക്കു പ്രിയങ്കരനായ ലീഡറുടെ ഇഷ്ടദൈവമായിരുന്ന ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. തുടർന്ന് തൃശൂർ ലുലു കൺവെൻഷൻ സെന്ററിലായിരുന്നു വിവാഹ സൽക്കാരം. രാവിലെ തൃശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടേയും സ്മൃതിമണ്ഡപത്തിൽ പ്രാർത്ഥിച്ച് അനുഗ്രഹം തേടിയാണ് അരുൺ വിവാഹമണ്ഡപത്തിലേക്ക് തിരിച്ചത്.

ഗുരുവായൂർ ക്ഷേത്രസന്നിധിയിലെ താലിചാർത്തൽ ചടങ്ങിന് ഏറെയാർക്കും ക്ഷണമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനും സംബന്ധിച്ചു. തുടർന്ന് ലുലു കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹവിരുന്നിൽ രാഷ്ട്രീയ, സിനിമാ, വ്യവസായ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെ കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിലെത്തി. സിപിഐ(എം) നേതാവും മന്ത്രിയുമായ എസി മൊയ്തീൻ, സിപിഐ നേതാവ് സി ദിവാകരൻ, വ്യവസായി രവി പിള്ള, സിനിമാതാരങ്ങളായ ബാലചന്ദ്രമേനോൻ, ജയറാം തുടങ്ങി നിരവധിപേർ ലുലു കൺവെൻഷൻ സെന്ററിൽ ദമ്പതികളെ ആശീർവദിക്കാനെത്തി. 

വട്ടിയൂർക്കാവ് എംഎൽഎയായ കെ മുരളീധരന്റെയും ജ്യോതി മുരളീധരന്റെയും മൂത്തമകനായ അരുൺ നാരായണൻ (കണ്ണൻ) ടെക്‌നോപാർക്കിൽ ഉദ്യോഗസ്ഥനാണ്. ശബരീനാഥാണ് സഹോദരൻ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് കാക്കനാട്ട് വീട്ടിൽ ഡോ. മോഹൻ കെ മേനോന്റെയും ബീനാ മോഹന്റെയും മകളാണ് ആതിര (ചിന്നു)