കോഴിക്കോട്: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന്ക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പെട്രോൾ ഡീസൽ വില വർദ്ധനവും കോവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉൾപ്പെടുത്തി ഒരു മാറ്റം വരുത്തിയാൽ അത് മുഖം മിനുക്കലല്ല മുഖം കൂടുതൽ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികൾ മന്ത്രിസഭയിൽ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനഃസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരൻ വിമർശിച്ചു.

കോൺഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തിൽ എത്ര സിന്ധ്യമാർ പോയാലും കോൺഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ സിന്ധ്യ എന്താണെന്ന് എല്ലാവർക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകത്തിൽ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോൺഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.

വണ്ടിപ്പെരിയാറി ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച 'ദീപാഞ്ജലി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കെ മുരളീധരന്റെ പ്രതികരണം.