തിരുവനന്തപുരം: നിയമസഭയിലേക്ക് മൂന്ന് തവണ മത്സരിച്ചിട്ടുണ്ടെങ്കിലും അതിൽ രണ്ട് തവണയും തോൽവിയായിരുന്നു കെ മുരളീധരനെന്ന നേതാവിനെ കാത്തിരുന്നത്. ഒടുവിലാണ് തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎ ആയത്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബിജെപി വലിയ മുന്നേറ്റം നടത്തി. ഇതോടെ കെ മുരളീധരൻ വീണ്ടും വട്ടിയൂർക്കാവിൽ മത്സരിക്കിലെന്ന് വിധത്തിൽ വാർത്തകളും ഉണ്ടായിരുന്നു. എന്നാൽ, വട്ടിയൂർക്കാവ് കണ്ട് ആരും പനിക്കേണ്ട കാര്യമില്ലെന്ന് മുരളീധരൻ അസന്നിഗ്ധമായി വ്യക്തമാക്കി കഴിഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് മണ്ഡലത്തിൽ നിന്നും വടക്കൻ ജില്ലകളിലെ ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുരളീധഝരൻ പറഞ്ഞു. തോൽവി ഭയന്ന് സുരക്ഷിതമായ മറ്റേതെങ്കിലും മണ്ഡലം തേടുന്നത് ശരിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി. മൂന്നുതവണ താൻ നിയമസഭയിലേക്ക് മത്സരിച്ചു. വടക്കാഞ്ചേരിയിൽ ഉപതിരഞ്ഞെടുപ്പിലും കൊടുവള്ളിയിലും പരാജയപ്പെട്ടു. നല്ല ഭൂരിപക്ഷത്തിനാണ് വട്ടിയൂർകാവിൽ തന്നെ വിജയിപ്പിച്ചത്. നിയമസഭയിൽ കന്നിപ്രവേശനം തന്ന നിയോജക മണ്ഡലമാണ്. ഇത് ഉപേക്ഷിച്ച് പോകേണ്ട ഒരു സാഹചര്യവുമില്ല.

പാർട്ടി തന്നെ ഒരു മണ്ഡലം ഏൽപ്പിച്ചു. അത് ഭംഗിയായി നടത്തിക്കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ട്. ഇവിടെ സുരക്ഷിതമല്ലെന്ന് തോന്നിയാൽ മറ്റൊരിടത്തേക്ക് പോകുക, അവിടെ സുരക്ഷതമല്ലെന്ന് തോന്നുമ്പോൾ ഇങ്ങോട്ട് വരിക എന്നതൊന്നും ശരിയായ നടപടിയല്ല. മത്സരിക്കുന്നുണ്ടെങ്കിൽ അത് വട്ടിയൂർകാവിൽ മാത്രമായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ഉറച്ച മണ്ഡലമെന്ന കണക്കുകൂട്ടലിൽ വട്ടിയൂർകാവ് മണ്ഡലത്തിൽ മത്സരിക്കാൻ പല പ്രമുഖ നേതാക്കളും ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തു വരുമ്പോഴാണ് മുരളീധരൻ നയം വ്യക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ അടക്കമുള്ളവർ വട്ടിയൂർക്കാവ് നോട്ടമിടുന്നു എന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

കഴിഞ്ഞ തവണ ലീഡർ കെ കരുണാകരന്റെ മകനെ ഒരു സീറ്റ് നൽകി ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മുരളീധരന് തലസ്ഥാനത്തെ വട്ടിയൂർക്കാവ് സീറ്റ് നൽകിയത്. എന്നാൽ ശത്രുക്കളുടെപോലും പ്രതീക്ഷകളെ കടത്തിവെട്ടി മുരളി അവിടെ വമ്പൻ വിജയം കുറിച്ചു. എൽഡിഎഫിന്റെ കരുത്തനായ ചെറിയാൻ ഫിലിപ്പ്, ബിജെപിയുടെ വി വി രാജേഷ് എന്നിവരോടാണ് മുരളി അങ്കം ജയിച്ചത്. തുടർന്നങ്ങോട്ട് ഈ മണ്ഡലത്തിലെ എല്ലാ കാര്യങ്ങൾക്കുമായി ഓടി നടന്നു അദ്ദേഹം.

അതേസമയം മുരളിക്ക് ഇത്തവണ കാര്യങ്ങൾ അത്രയ്ക്ക് എളുപ്പമാകില്ലെന്നാണ് സൂചന. സോളാർ കുംഭകോണവും, ബാർകോഴ കേസും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ അടിത്തറയിളക്കുമെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തൽ. യുഡിഎഫ് സർക്കാരിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഐ ഗ്രൂപ്പ് വിലയിരുത്തുന്നു. ഇതിിനടെയാണ് ഗ്രൂപ്പിനുള്ളിൽ നിന്നും മുരളി കോഴിക്കോട്ടേക്ക് മാറുന്നുവെന്ന വിധത്തിൽ ചില രാഷ്ട്രീയകേന്ദ്രങ്ങൾ സൂചന നൽകിയത്.

സിപിഐ(എം) സ്ഥാനാർത്ഥിയായി ഇത്തവണ എം വിജയകുമാർ വട്ടിയൂർക്കാവിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ അത് മുരളീധരന് കനത്ത വെല്ലുവിളിയാകും. ട്രെന്റ് കൂടി മാറിയാൽ കോൺഗ്രസ് ഒലിച്ചുപോകുകതന്നെ ചെയ്യുമെന്ന് മുരളീധരന് ഉറപ്പുണ്ട്. കൂടാതെ ബിജെപിയും മുരളിക്ക് ഭീഷണി ഉയർത്തുന്നുണ്ട്.