- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിംലീഗിന് താലത്തിൽ വെച്ചു സീറ്റു നൽകാൻ കെ മുരളീധരൻ! നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു; കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനെയും പരിഗണിക്കണമെന്ന് വടകര എംപി; ലീഗിന്റെ നോട്ടം 35 സീറ്റുകൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് മത്സരിക്കാൻ ഒരുങ്ങുന്നത് 35 സീറ്റുകളിലാണ്. വടക്കൻ മലബാറിലെ എല്ലാ മണ്ഡലങ്ങളിലും സീറ്റുകൾ ചോദിച്ചു വാങ്ങാനാണ് ലീഗിന്റെ നീക്കം. ഈ നീക്കത്തെ ചെറുക്കാൻ കോൺഗ്രസിന് കരുത്തില്ലെന്നതാണ് വാസ്തവം. ഇതിന്റെ സൂചന നൽകുന്ന പ്രതികരണവുമായി വടകര എംപിയും മുതിർന്ന നേതാവുമായി കെ മുരളീധരൻ രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് അധിക സീറ്റ് നൽകണമെന്ന് കെ. മുരളീധരൻ എം പി ആവശ്യപ്പെട്ടു രംഗത്തുവന്നു.
കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനെയും പരിഗണിക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെട്ടത്. ലീഗ് 35 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന സൂചനകൾ ഉള്ളപ്പോഴാണ് മുരളിയുടെ ഈ ഉദാര സമീപനം എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കോഴിക്കോട് ജില്ലയിൽ അധികമായി രണ്ട് സീറ്റുകൾ വാങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വടകര, പേരാമ്പ്ര, ബേപ്പൂർ സീറ്റുകളിൽ ഏതെങ്കിലും രണ്ട് സീറ്റുകൾ വേണമെന്നാണ് ആവശ്യം.
മുസ്ലിം ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന സൂചനകൾ വരികയും സിപിഎം ഉൾപ്പെടെ വിമർശം ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് കെ. മുരളീധരന്റെ പ്രതികരണം. മുന്നണിയിൽ നിന്ന് വിട്ടുപോയ പാർട്ടികളുടെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് മുരളീധരന്റെ പക്ഷം.
കോഴിക്കോട് അധിക സീറ്റ് വേണമെന്ന നിലപാട് ലീഗ് ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം കേൾക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദും,അബ്ദുറഹ്മാൻ രണ്ടത്താണിയും എത്തിയപ്പോഴാണ് ജില്ലാ കമ്മറ്റി ആവശ്യം ഉന്നയിച്ചത്. വടകര,പേരാമ്പ്ര, ബേപ്പൂർ സീറ്റുകളിൽ രണ്ടെണ്ണം ചോദിച്ച് വാങ്ങണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പക്ഷം.
കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം കുന്ദമംഗലം വാങ്ങണമെന്നും തീരുമാനമായി. അധികമായി കിട്ടുന്ന സീറ്റിൽ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് -എംഎസ്എഫ് നേതാക്കൾ നേതൃത്വത്തിന് മുമ്പിൽ വെച്ചു. മലബാറിൽ വിജയസാധ്യതയുള്ള സീറ്റുകളിൽ മാത്രം ലീഗ് നാേട്ടമിടുന്നതിൽ കോൺഗ്രസിനുള്ളിലും അമർഷം ശക്തമായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ