അഞ്ചൽ: കൈയിൽ ആവശ്യത്തിനു പണവും സ്വത്തുമൊക്കെയുണ്ടെങ്കിലും എത്രപേർക്കുണ്ടാകും ഈ മഹാമനസ്‌കത. സ്വന്തം മകളുടെ വിവാഹത്തിനൊപ്പം 20 നിർധന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കിയിതാ ഒരു പ്രവാസി മലയാളി വ്യവസായി മാതൃകയാകുന്നു.

മുരളിയ ഫൗണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ കെ മുരളീധരനാണ് തന്റെ മകൾ രാധികയുടെ വിവാഹത്തിനൊപ്പം 20 നിർധനയുവതികളുടെ വിവാഹവും നടത്തിയത്. പത്തനാപുരം ഗാന്ധിഭവൻ, സഖി ടിവി, ഏരൂർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഏരൂർ ഗ്രാമത്തിന് ആഘോഷമായി സമൂഹവിവാഹം നടന്നത്. ഏരൂർ ജങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വിവാഹങ്ങൾ നടന്നത്.

ഓരോ വധൂവരന്മാർക്കും 5 പവൻ സ്വർണം, ഒരു ലക്ഷം രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, വിവാഹ വസ്ത്രം, യാത്രാ ചെലവ് എന്നിവ മുരളീധരന്റെ മുരളിയ ഫൗണ്ടേഷൻ നൽകുകയും ചെയ്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരായിരുന്നു വധൂവരന്മാർ. ആറു വർഷം മുമ്പ് മൂത്തമകളായ ഡോ. രേവതിയുടെ വിവാഹത്തിനൊപ്പം 16 പേരുടെ വിവാഹവും മുരളീധരൻ നടത്തിയിരുന്നു.

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിയായ മുരളീധരൻ നാടിനും നാട്ടാർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. മുരളിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏരൂർ പഞ്ചായത്തിലെ അഞ്ഞൂറോളം പേർക്ക് പെൻഷൻ നൽകുന്നുണ്ട്. പാലിയേറ്റീവ് കെയർ സെന്ററിലെ നൂറോളം പേർക്കും ഫൗണ്ടേഷന്റെ സഹായം ലഭിക്കുന്നുണ്ട. ഏരൂർ ഗ്രാമപ്പഞ്ചായത്തിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനായി പഞ്ചായത്ത് മുഖേന രണ്ടുലക്ഷം രൂപയും ഫൗണ്ടേഷൻ നൽകുന്നുണ്ട്. +2 പരീക്ഷയിൽ മികച്ച വിജയം നേടുന്ന കുട്ടികൾക്ക് സഹായവും പ്രൊഫഷണൽ കോഴ്‌സിൽ പഠനമികവിലൂടെ പ്രവേശനം ലഭിക്കുന്നവർക്ക് ഉപരിപഠനത്തിനുള്ള ചെലവും മുരളിയ ഫൗണ്ടേഷൻ നൽകുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ വർഷം ഏരൂർ പഞ്ചായത്തിലെ 19 വാർഡുകളിൽ വീടില്ലാത്തവർക്കായി 19 വീടുകളും നിർമ്മിച്ചുനൽകിയിരുന്നു. ഓണാഘോഷം പോലുള്ള പ്രത്യേക അവസരങ്ങളിലും അഗതികൾക്കും വയോജനങ്ങൾക്കുമായി നിരവധി കാര്യങ്ങളാണ് മുരളിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചെയ്യുന്നത്. പഠനത്തിൽ സമർത്ഥരായ ഏറ്റവും പാവപ്പെട്ട അനേകം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകിവരുന്നുമുണ്ട്.

മമ്മൂട്ടി രക്ഷാധികാരിയും കെ മുരളീധരൻ ചെയർമാനുമായ 'കെയർ ആൻഡ് ഷെയർ' എന്ന കാരുണ്യസംഘടനയിലൂടെ കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയയും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികൾക്കായി 'പൂർവികം' പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. മുരളീധരന്റെ ജന്മനാടായ ഏരൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഓരോ വീട്, മുരളിയ ഫൗണ്ടേഷൻ നൽകിവരുന്ന പ്രതിമാസ പെൻഷൻ, രോഗികൾക്ക് പാലിയേറ്റീവ് കെയർ, എല്ലാ വിഷയത്തിലും 'എ പ്ലസ്' നേടുന്ന ബി.പി.എൽ. വിദ്യാർത്ഥികൾക്ക് സൗജന്യ ഉപരിപഠനം, ഏരൂർ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും പോഷകാഹാര പദ്ധതി എന്നിവ ഫൗണ്ടേഷൻ എല്ലാക്കൊല്ലവും മുടക്കം കൂടാതെ നടത്തിവരുന്നുണ്ട്.

ഏരൂർ ഗ്രാമത്തിന് ഉത്സവാന്തരീക്ഷം പകർന്നു നടന്ന സമൂഹ വിവാഹത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. മന്ത്രി അടൂർ പ്രകാശാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത്ത. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനൻ അദ്ധ്യക്ഷനായി. കെ. മുരളീധരൻ തന്നെ താലിമാല സമ്മാനിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി, മുൻ എംഎ‍ൽഎ പി.എസ്. സുപാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ .സോമശേഖരൻ പിള്ള, ജസ്റ്റിസ് ഡി.ശ്രീദേവി, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, സഖി ടി.വി മാനേജിങ് ഡയറക്ടർ രാജ് മേനോൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരിപ്രസാദ്, ഡയറക്ടർമാരായ മോഹൻകുമാർ, മോനി മാത്യു പണിക്കർ, സാമൂഹ്യ ക്ഷേമബോർഡ് അംഗം ഷാഹിദാ കമാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സന്തോഷ്, ഏരൂർ സുഭാഷ്, പുനലൂർ നഗരസഭാ ചെയർപേഴ്‌സൺ രാധാമണി വിജയാനന്ദ്, ടി. ബാലകൃഷ്ണൻ , ഫാ. തോമസ് കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും വിവാഹാഘോഷങ്ങൾക്കു മാറ്റുകൂട്ടി.