തിരുവനന്തപുരം: ബിജെപി മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയെ പിന്തുണച്ച് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ രംഗത്ത്. വട്ടിയൂർക്കാവിൽ പ്രധാന എതിരാളി ബിജെപിയാണെന്നും എൽഡിഎഫ് മത്സരരംഗത്ത് ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു.

വട്ടിയൂർക്കാവിൽ നടക്കുന്നത് വികസനവും വർഗീയതയും തമ്മിലുള്ള പോരാട്ടമാണെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനാണ് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി. മുൻ രാജ്യസഭ എംപിയും സിപിഐ(എം) സംസ്ഥാന സമിതി അംഗവുമായ ടിഎൻ സീമയാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

സ്ഥാനാർത്ഥി നിർണയ വേളയിൽ ഉൽപ്പെടെ വട്ടിയൂർക്കാവിൽ മുരളീധരന് ഈസി വാക്കോവറെന്ന് കരുതിയിരുന്നെങ്കിലും എൽഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ രംഗത്തെത്തിയതോടെയാണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ത്രികോണ മത്സരത്തിന് മണ്ഡലത്തിൽ കളമൊരുങ്ങിയത്.

കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തു ബിജെപിയാണ്. ഇതാണു മറ്റു ചില മണ്ഡലങ്ങളിലും കാണുത്. ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിന്റെ മത്സരം കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ എങ്ങനെ ധാരണയുണ്ടാക്കുമെന്നും സിപിഐ(എം) ആണ് ബിജെപിയുമായി ധാരണയുണ്ടാക്കരുന്നുിയിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു. എന്നാൽ അന്നു തന്നെ കോൺഗ്രസ് നേതാക്കളായ എ.കെ ആന്റണിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഇതിനെ എതിർത്തിരുന്നു.

രണ്ടു കൂട്ടരുടേയും പ്രഖ്യാപിത ശത്രു കോൺഗ്രസാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതത്തിനുവേണ്ടി ഏത് അടവും പയറ്റുന്നവരാണ് ബിജെപി. മതേതര കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിൽ വന്ന് വിഭജന രാഷ്ട്രീയം പറഞ്ഞ് എങ്ങനെയും അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. കേരളത്തിൽ ബിജെപിയുമായി യാതൊരു സഹകരണവും ഇല്ലെന്നും സംസ്ഥാനത്ത് യുഡിഎഫിന് ഭരണ തുടർച്ച എന്നത് ബിജെപിയുടെ വോട്ടിലൂടെ വേണ്ടെന്നും അതിലും ഭേദം പ്രതിപക്ഷത്ത് ഇരിക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.