തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചപ്പോൾ അതിന് ആനുപാതികമായി കേരളവും വാറ്റു കുറയ്ക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, അതിന് തയ്യാറല്ലെന്നാണ് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്. ഇക്കാര്യത്തിൽ ജനരോഷം ഉയരുമ്പോൾ താത്വികമായ ന്യായീകരണങ്ങളുമായും അദ്ദേഹം രംഗത്തുവന്നു.

ഇന്ധന നികുതിയിൽ കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്നാണ് ഇപ്പോൾ ധനമന്ത്രി പറയുന്നത്. യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി. എന്നാൽ എൽഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില നിർണയം കമ്പനികൾക്ക് വിട്ടുനൽകിയത് യുപിഎ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിൽ ഓയിൽ പൂൾ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മന്മോഹൻ സിങ് ആണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യൽ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തിയെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്രം 1500 ശതമാനം വർധിപ്പിച്ച ശേഷമാണ് ഇപ്പോൾ അഞ്ചു രൂപ കുറച്ച്ത്. കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിൽ ഇന്ധന വില കുറഞ്ഞിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളടെ വില അന്തർദേശീയ മാർക്കറ്റിൽ ഉയരുമ്പോഴും വില പിടിച്ചു നിർത്താനുള്ള സംവിധാനമായിരുന്നു. ഈ സംവിധാനം മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിർത്തി. ഇത് രണ്ടും ഇന്ധന വില നിർണയത്തിലെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തി.

മൂന്നാമതായി, കേന്ദ്രസർക്കാർ അനിയന്ത്രിതമായി പെട്രോളിന്റെയും ഡീസലിന്റെയും മുകളിൽ സ്പെഷൽ എക്സൈസ് താരിഫ് ഏർപ്പെടുത്തിയത്. നേരത്തെ ഒരു ലിറ്റർ പെട്രോളിന് 8.3 രൂപ ഉണ്ടായിരുന്നത് 31.5 രൂപയായും ഡീസലിന് 2 രൂപ 10 പൈസയിൽ നിന്ന് 30 രൂപയായും വർധിപ്പിച്ചു. ഇതിൽ നിന്നാണ് അഞ്ചുരൂപയും 10 രൂപയും കുറച്ചത്.

പ്രതിപക്ഷം അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തിൽ പ്രതിപക്ഷം ബിജെപിയെ സഹായിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയെന്നും ധനമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ ആദ്യ സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാർ നികുതി വർധിപ്പിച്ചിട്ടേയില്ല. ഒരു തവണ കുറയ്ക്കുകയാണ് ചെയ്തത്. കോവിഡ് കാലത്ത് സംസ്ഥാനത്തിന്റെ ചെലവുകൾ വലിയ തോതിൽ വർധിച്ചു. എന്നാൽ കോവിഡ് കാലത്ത് സംസ്ഥാനസർക്കാർ അധിക സെസ് ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.