- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനാപകടത്തിൽപ്പെട്ടു; പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടിയതോടെ ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിൽ; നിയമസഭാ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാൻ പോലും ആളില്ലാത്ത അവസ്ഥ
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനാപകടത്തിൽപ്പെട്ടു. പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലായതോടെ അവതാളത്തിലായി ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ. പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
നിരവധി ഫയലുകളാണ് ഇവരുടെ അഭാവത്തിൽ വകുപ്പിൽ കെട്ടിക്കിടക്കുന്നത്. നാളെ മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതോടെ ധനവകുപ്പുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ.
ധനവകുപ്പിന്റെ സുപ്രധാന പദവിയിലുള്ളവർ ഒഴിവുദിവസം ഒരുമിച്ച് തമിഴ്‌നാട് സുബ്രഹ്മണ്യ പുരത്തേക്ക് വിനോദ യാത്ര പോയതാണ് പ്രതിസന്ധിയുടെ തുടക്കം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ആദ്യമേ തന്നെ ജോലിഭാരം കൂടുതലുള്ള വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉത്തവാദിത്വമില്ലായ്മയാണ് ഇങ്ങനൊരു സംഭവത്തിലേക്ക് നയിച്ചതെന്നത് ധനമന്ത്രിയെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ഉദ്യോഗസ്ഥർ അപകടത്തിൽപ്പെട്ട് ചികിത്സയിലായതോടെ പകരം സംവിധാനം ഒരുക്കാൻ പോലുമുള്ള സാവകാശം ലഭിക്കാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനം കൂടുന്നത്. പല സെക്ഷനുകളിലും ഒരു മാസത്തിൽ കൂടുതലായ ഫയലുകളുണ്ട്. ആയിരക്കണക്കിനു ഫയലുകൾ തീർപ്പാക്കാനുള്ളപ്പോഴും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ വിനോദയാത്ര കാരണമുള്ള വാഹനാപകടം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് തന്നെ തലവേദനയായിരിക്കുകയാണ്.
അതേസമയം ഓണക്കാല ചെലവിനു കടമെടുക്കാനൊരുങ്ങിയിരിക്കയാണ് സർക്കാർ. 1000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. അടുത്തമാസം 8000 കോടി രൂപയിലേറെ ഖജനാവിൽ നിന്നു ചെലവാക്കേണ്ടിവരും. ബോണസും ഉത്സവബത്തയും അഡ്വാൻസും ആണ് അധികമായി വരുന്ന പ്രധാന ചെലവ്. ബോണസിന്റ കാര്യത്തിൽ അടുത്തയാഴ്ചയോടെ ധനവകുപ്പ് തീരുമാനമെടുക്കും. 2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് ഒരുമിച്ചു നൽകാനാണു തീരുമാനം.
കഴിഞ്ഞ വർഷം 4000 രൂപ ബോണസും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 15,000 രൂപ വീതം ഓണം അഡ്വാൻസും നൽകി. പാർട്ടൈം കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 5000 രൂപ അഡ്വാൻസ് നൽകി. ഇത്തവണയും സമാനമായ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്ന കാര്യമാണു ധനവകുപ്പു പരിഗണിക്കുന്നത്.
രണ്ടുമാസത്തെ ക്ഷേമപെൻഷനായി 3200 രൂപ വീതമാണു നൽകേണ്ടത്. ഇതിനുമാത്രം 1800 കോടി രൂപ വേണ്ടിവരും. ഒരു മാസം ശമ്പളത്തിനും പെൻഷനും മാത്രമായി ഏകദേശം 5000 കോടി രൂപയാണു സർക്കാർ ചെലവിടുന്നത്. ബോണസ് ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ കൂടി ചേരുമ്പോൾ ഇത് 8000 കോടിയായി ഉയരും. അധിക ചെലവിനായി കടമെടുക്കേണ്ടിവരുമെന്നു സമ്മതിക്കുന്ന ധനവകുപ്പ് എത്ര തുക വേണ്ടിവരുമെന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നു വിശദീകരിക്കുന്നു.
കടമെടുക്കാമെന്നു വച്ചാലും കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ വെല്ലുവിളിയാണ്. ഡിസംബർ വരെ 17,936 കോടി മാത്രമേ കടമെടുക്കാൻ അനുമതിയുള്ളൂ. വികസന പദ്ധതികൾക്ക് കിഫ്ബിയും ക്ഷേമപെൻഷൻ കൊടുക്കുന്നതിനായി പെൻഷൻ കമ്പനിയും എടുക്കുന്ന കടവും ഈ പരിധിക്കകത്തു നിന്നേ പറ്റൂ. അതിനാൽ പരമാവധി തുക മറ്റു മാർഗങ്ങളിലൂടെ മിച്ചം വച്ചതിനുശേഷം അവശേഷിക്കുന്നതു മാത്രം വായ്പയെടുത്താൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം.