- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ട്രഷറികൾ കൂടുതൽ ജന സൗഹൃദമാക്കും; ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ കുറിച്ച് പുതു തലമുറയ്ക്ക് കൂടി പകർന്നു നൽകണം: മന്ത്രി കെ എൻ ബാലഗോപാൽ
ആലപ്പുഴ: സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹാർദ്ദമാക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. ഹരിപ്പാട് റവന്യു ടവറിലെ ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ ട്രഷറികൾ ജനസൗഹൃദമാക്കുയെന്നതാണ് സർക്കാർ ലക്ഷ്യം. ഹരിപ്പാട് സബ് ട്രഷറിക്ക് സംസ്ഥാനത്തെ ട്രഷറി ചരിത്രത്തിൽ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്. ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ ക്കുറിച്ചുള്ള അറിവുകൾ പുതു തലമുറയ്ക്ക് കൂടി പകർന്നു നൽകണമെന്നും മന്ത്രി പറഞ്ഞു.
പെൻഷൻ കൈപ്പറ്റുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഹരിപ്പാട് റവന്യു ടവറിന്റെ താഴത്തെ നിലയിലാണ് സബ് ട്രഷറി പ്രവർത്തിക്കുക. പുതിയ ട്രഷറിയുടെ സ്ട്രോങ്ങ് റൂം നിർമ്മാണത്തിനായി 17 ലക്ഷം രൂപയും ട്രഷറിയിലെ കൗണ്ടർ ക്യാബിൻ, വൈദ്യുതീകരണം, നെറ്റ് വർക്ക് സംവിധാനം, ഫർണീച്ചർ, റൂഫ് സീലിങ് എന്നിവയ്ക്കായി 38.91 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സബ് ട്രഷറി പരിധിയിൽ ഹരിപ്പാട് നഗരസഭയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തും ആറ് ഗ്രാമപഞ്ചായത്തുകളുമാണുള്ളത്.
150 സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് അനുകൂല്യങ്ങൾ എന്നിവയുടെ വിതരണം, 4000 പെൻഷൻകാർക്കുള്ള പെൻഷൻ വിതരണം, 4000 വ്യക്തിഗത അകൗണ്ടുകൾ, 10,000 സ്ഥിര നിക്ഷേപ അകൗണ്ടുകൾ, രണ്ടായിരത്തോളം വരുന്ന ശമ്പള വിതരണ അകൗണ്ടുകൾ, ഓഫീസ് സംബന്ധമായ ഇരുനൂറോളം മറ്റ് അകൗണ്ടുകൾ എന്നിവയുടെ ഇടപാടുകളും ഹരിപ്പാട് സബ് ട്രഷറി വഴി നടത്തുന്നുണ്ട്. 12 ജീവനക്കാരാണ് ഇവിടെയുള്ളത്.
ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് നഗരസഭാധ്യക്ഷൻ കെ.എം. രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ട്രഷറി ഡയറക്ടർ എ.എം. ജാഫർ, ദക്ഷിണ മേഖല ട്രഷറി ഉപഡയറക്ടർ കെ.പി. ബിജുമോൻ, നഗരസഭാംഗം വൃന്ദ എസ്. കുമാർ, ജില്ല ട്രഷറി ഓഫിസർ പി. എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ