- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എകെജി സെന്ററിലേക്ക് വലതുകാൽ വെച്ചു കയറി അനിൽകുമാർ; ഇടതുവശം ചേർന്നു വരാൻ നിർദ്ദേശിച്ച കോടിയേരി ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചു; കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന നേതാവിനെ സ്വീകരിക്കാൻ എം എ ബേബിയും എസ് രാമചന്ദ്രൻ പിള്ളയും അടക്കം മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങൾ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച കെപിസിസി ജനറൽ സെക്രട്ടറി കൂടിയായിരുന്ന കെ പി അനിൽകുമാർ എകെജി സെന്ററിലെത്തി. സിപിഎമ്മിൽ ചേരുമെന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം എകെജി സെന്ററിൽ എത്തിയത്. ഓഫീസിൽ എത്തിയ അനിൽകുമാറിന് മികച്ച സ്വീകരണവും കിട്ടി. ആദ്യമായി എകെജി സെന്ററിന്റെ പടികൾ കയറിയ അനിൽകുമാർ വലതുകാൽ വച്ചാണ് അകത്തേക്ക് കയറിയത്. മുറിയിലേക്ക് കയറവേ ഇടതുവശം ചേർന്നു വരാൻ കോടിയേരി നിർദ്ദേശിക്കുകയായിരുന്നു. അടുത്തിടെ സിപിഎമ്മിലെത്തി പി എസ് പ്രശാന്തായിരുന്നു അനിലിനൊപ്പം എത്തിയത്.
കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച നേതാവിനെ സ്വീകരിക്കാൻ മൂന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളാണ് ഓഫീസിൽ ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണനു പുറമേ എം എ ബേബി, എസ് രാമചന്ദ്രൻ പിള്ള എന്നിവരും ഓഫീസിൽ ഉണ്ടായിരുന്നു. അനിലിനെ ചുവന്ന ഷാൾ അണിയിച്ചാണ് കോടിയേരി സ്വീകരിച്ചത്. യാതൊരു ഉപാധികളും ഇല്ലാതെയാണ് അനിൽകുമാർ സിപിഎമ്മിൽ എത്തുന്നതെന്ന് കോടിയേരിയും പറഞ്ഞു.
കെപിസിസി ഓഫീസിൽ താക്കോൽ സൂക്ഷിച്ചിരുന്ന ആളാണ് അനിൽകുമാർ. കോൺഗ്രസ് കേരളത്തിലും അപ്രസക്തമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷത്തോടെ അനിൽകുമാറിനെ സ്വീകരിക്കുന്നതായും കോൺഗ്രസിൽ ഉരുൾ പൊട്ടലാണെന്നും കോടിയേരി പറഞ്ഞു. ഇടത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഇനിയുള്ള കാലം സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ.പി അനിൽകുമാറും വ്യക്തമാക്കി.
ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് ഘടകത്തിലായാലും പ്രവർത്തിക്കും. സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്താനാവണം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കണം. അതിന് ഇന്ന് കേരളത്തിൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നതിനാണ് താൽപര്യപ്പെടുന്നതെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിന് ഞാൻ ആരുമായും സംസാരിച്ചിട്ടില്ലെന്നായിരുന്നു അനിൽകുമാറിന്റെ മറുപടി.
നേതൃത്വത്തിന് എതിരെ വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനിൽകുമാറിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ പറഞ്ഞു. ആയുസ്സിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തിലധികം പ്രവർത്തിച്ച, വിയർപ്പും രക്തവും സംഭാവന ചെയ്തിട്ടുള്ള പ്രസ്ഥാനത്തിൽ നിന്ന് വിടപറയുകയാണെന്ന് അനിൽകുമാർ പറഞ്ഞു.
ഇന്നത്തോടുകൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി.സി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയിൽ വഴി അയച്ചുവെന്നും അനിൽകുമാർ പറഞ്ഞു. പുതിയ നേതൃത്വം വന്നതിന് ശേഷം ആളുകളെ നോക്കി നീതി നടപ്പാക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. പാർട്ടിക്കുള്ളിൽ നീതി നിഷേധിക്കപ്പെടുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ട്, തന്റെ രക്തത്തിന് വേണ്ടി, തലയറുക്കാൻ വേണ്ടി കാത്തുനിൽക്കുന്ന ആളുകളാണ് നേതൃത്വത്തിൽ ഉള്ളതെന്നതുകൊണ്ട്, പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലാത്തതുകൊണ്ട് പാർട്ടിയുമായി 43 വർഷമായുള്ള ബന്ധം അവസാനിപ്പിക്കുന്നു.
2016ൽ കൊയിലാണ്ടിയിൽ സീറ്റ് നൽകാതെ അപമാനിച്ചു. ഒരു പരാതി പോലും പറഞ്ഞില്ല. അച്ചടക്കത്തോടെ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റി. 2021ലും സീറ്റ് നൽകാമെന്ന് പറഞ്ഞ് പാർട്ടി ചതിച്ചു. അഞ്ച് വർഷം നിശബ്ദനായിരുന്നു, അഞ്ച് വർഷവും ഒരു പരാതിയും പറയാതെ പ്രവർത്തിച്ചു. ഗ്രൂപ്പില്ലാതെ പ്രവർത്തിച്ചതിനുള്ള തിക്തഫലമാണിത്. ഏഴയൽപക്കത്ത് പോലും സ്ഥാനം നൽകാതെ പാർട്ടി തന്നെ ആദരിച്ചിവെന്ന് അനിൽകുമാർ പരിഹസിച്ചു.
കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നടന്ന ശേഷം പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിൽ അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പക്ഷെ ഡിസിസി പ്രസിഡന്റുമാർ പലരുടേയും പെട്ടിതാങ്ങുന്നവരാണെന്ന ആരോപണമായിരുന്നു അനിൽകുമാർ ആരോപിച്ചിരുന്നത്. ഇതിൽ വിശദീകരണം ചോദിച്ചശേഷം അനിൽകുമാർ നൽകിയ വിശദീകരണം നേതൃത്വം തള്ളിയിരുന്നു. ഇതോടെ പുറത്താക്കൽ നടപടിയുണ്ടായേക്കുമെന്ന സൂചനയ്ക്കിടെയാണ് രാജിപ്രഖ്യാപനം. കെ.എസ്.യു. കോഴിക്കോട് ജില്ലാ ട്രഷറർ, ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരിക്കേയാണ് രാജി.
മറുനാടന് മലയാളി ബ്യൂറോ