- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെൽട്രോൺ സ്ഥാപക ചെയർമാൻ കെ പി പി നമ്പ്യാർ അന്തരിച്ചു; ഓർമയായത് ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ മഹദ് വ്യക്തിത്വം
ബംഗളൂരു: ഇലക്ട്രോണിക്‌സ് വിദഗ്ധനും കെൽട്രോണിന്റെ സ്ഥാപക ചെയർമാനുമായ കെ പി പി നമ്പ്യാർ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി എട്ടോടെ ബംഗളൂരുവിലെ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ എന്നതിനു പുറമെ തിരുവനന്തപുരം ടെക്നോപാർ
ബംഗളൂരു: ഇലക്ട്രോണിക്‌സ് വിദഗ്ധനും കെൽട്രോണിന്റെ സ്ഥാപക ചെയർമാനുമായ കെ പി പി നമ്പ്യാർ അന്തരിച്ചു. 86 വയസായിരുന്നു.
വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി എട്ടോടെ ബംഗളൂരുവിലെ വസതിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
കെൽട്രോണിന്റെ ആദ്യത്തെ ചെയർമാൻ എന്നതിനു പുറമെ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ പ്രഥമ പദ്ധതി നിർവഹണ സമിതി ചെയർമാൻ എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് കേരളത്തിന് മികച്ച സംഭാവനകൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ മുന്നേറ്റത്തിനും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറിയായത്.
2006ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. ഇലക്ട്രോണിക് മാൻ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ 1929 ഏപ്രിൽ 15നാണ് അദ്ദേഹം ജനിച്ചത്. തളിപ്പറമ്പിൽ നിന്ന് ഹൈസ്‌കൂൾ പഠനത്തിനുശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ലണ്ടനിലെ ഇംപീരിയൽ കോളജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുമാണ് എംഎസ്‌സി ബിരുദം കരസ്ഥമാക്കിയത്.
1958 ൽ ഭാരത് ഇലക്ട്രോണിക്‌സിൽ ക്രിസ്റ്റൽ ഡിവിഷന്റെ മേധാവിയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ബ്രിട്ടനിലെ ട്രാൻസിസ്റ്റർ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ആപ്ലിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിന്റെ മേധാവിയായി. 1963ൽ ഡൽഹി ഐ.ഐ.ടി.യിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. ഫിലിപ്‌സ് ഇന്ത്യയിൽ പ്രൊഫഷണൽ ഇലക്ട്രോണിക്‌സ് കംപോണന്റ്‌സ് മാനേജർ, ടാറ്റ ഇലക്ട്രോണിക്‌സിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ, മുംബൈ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ജനറൽ മാനേജർ എന്നീ പദവികൾ വഹിച്ചു.
1973ലാണ് കെൽട്രോണിന്റെ ആദ്യ ചെയർമാനും മാനേജിങ് ഡയറക്ടറും ആയി കെ പി പി നമ്പ്യാർ നിയമിതനാകുന്നത്. 1983 വരെ ഈ സ്ഥാനത്തു തുടർന്നു. 1983 മുതൽ 85 വരെ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്നു.
1974ൽ തിരുവനന്തപുരത്ത് ഇലക്ട്രോണിക്‌സ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. ഇലക്ട്രോണിക്‌സ് രംഗത്തുള്ള ഗവേഷണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സെന്റർ സ്ഥാപിച്ചത്. 1985 ഫെബ്രുവരി മുതൽ 87 ജനവരി വരെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രി' (ഐ.ടി.ഐ.) ലിമിറ്റിഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു. 1987 മുതൽ 88 വരെയാണ് കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറി സ്ഥാനം അദ്ദേഹം അലങ്കരിച്ചത്. 1989ൽ കേന്ദ്ര സർവീസിൽ നിന്നും വിരമിച്ച ഇദ്ദേഹം സർക്കാരിന്റെ പ്രത്യേക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചു.
ഇൻവെൻഷൻ പ്രൊമോഷൻ ബോർഡിന്റെ റിപ്പബ്ലിക് ഡേ അവാർഡ് (1973), കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്‌നോളജി അവാർഡ് (1973), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്‌സിന്റെ നാഷണൽ ഡിസൈൻ അവാർഡ് (1985), വാസ്വിക് അവാർഡ് (1986), ഇലക്ട്രോണിക്‌സ് കംപൊണന്റ്‌സ് അസോസിയേഷന്റെ ഇലക്ട്രോണിക്‌സ് മാൻ ഒഫ് ദി ഇയർ (1994-95) തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.