- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അളയിൽ കുത്തിയാൽ ചേരയും കടിക്കും; കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്; ഗൾഫിലെ ജോലി കാട്ടി കളി തുടങ്ങിയാൽ, ഇവിടേയും പലർക്കും പലതും തുടങ്ങേണ്ടിവരും': അധിക്ഷേപ പ്രസംഗത്തിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദുർഗാദാസിന് പിന്തുണയുമായി കെ.പി.ശശികല
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനെക്കുറിച്ച് അധിക്ഷേപ പ്രസംഗം നടത്തിയ് ദുർഗാദാസ് ശിശുപാലനെ ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്നും വെള്ളിയാഴ്ച പിരിച്ചുവിട്ടിരുന്നു.
ഇതിനെതിരെ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ജോലി നഷ്ടപ്പെടുത്താനുള്ള പ്രചാരണങ്ങൾക്ക് സിപിഎം നേതാവ് ബാബു രാജൻ നേതൃത്വം നൽകിയെന്നാണ് ദുർഗാദാസ് ആരോപിക്കുന്നത്. ഖത്തർ എംബസിയുടെ കീഴിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം വെയ്ക്കണമെന്ന് താൻ നിരന്തരം ആവശ്യപ്പെട്ടതാണ് തനിക്കെതിരെയുള്ള പ്രചാരണത്തിന് കാരണമെന്നും ദുർഗാദാസ് ശിശുപാലൻ ഫേസ് ബുക്കിൽ കുറിച്ചു.
ദുർഗാദാസിന്റെ പ്രസ്താവനകൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ അല്ലെന്നും തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് പരാമർശമെന്നും മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാൾ കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും റിക്രൂട്ട്മെന്റ് എന്ന പേരിൽ തീവ്രവാദികൾക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുർഗാദാസിന്റെ വിവാദ പ്രസ്താവന.
അതേസമയം, ദുർഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തി. ഗൾഫിലെ ജോലി കാട്ടി കളി തുടങ്ങിയാൽ തിരിച്ചടിക്കാൻ അറിയാമെന്നും കെ.പി. ശശികല പോസ്റ്റിൽ ഭീഷണിമുഴക്കി.
'കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്. ഗൾഫിലെ ജോലി കാട്ടി കളി തുടങ്ങിയാൽ. ഇവിടേയും പലർക്കും പലതും തുടങ്ങേണ്ടി വരും. അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയിൽ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്,' ശശികല പറഞ്ഞു.
ദുർഗാദാസ് ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി നേരത്തെ പരാതിയില്ലെന്നും വർഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നയാളാണെന്നും ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ശശികല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം. ദുർഗാദാസിന്റെ പാരമ്പര്യം ഉൾപ്പെടെ എടുത്ത് പറഞ്ഞായിരുന്നു ശശികലയുടെ വിമർശനം.
ഹിന്ദു ഐക്യവേദി സ്ഥാപക നേതാക്കളിൽ ഒരാളായ ശിശുപാലിന്റെ മകനാണ് ദുർഗാദാസ്. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിർഭയനായി സമൂഹത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ശിശുപാൽ എന്നും കെ.പി. ശശികല പറഞ്ഞു.
കെ.പി. ശശികലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ ശിശുപാൽജിയെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് മറക്കാൻ കഴിയില്ല. വാർദ്ധക്യത്തിലെ അവശതകളിൽ പോലും ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിർഭയനായി സമൂഹത്തിന് നേതൃത്വം നൽ കാൻ ശിശുപാൽ ജി മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ആ ശിശുപാൽജിയുടെ മകനാണ് ദുർഗാദാസ്.
നാളിതുവരെ ദുർഗാദാസ് ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആർക്കും പരാതിയില്ല. വർഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ല. വിഭാഗികമായോ വർഗീയമായോ അവിടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് ആർക്കും അനുഭവമില്ല. അദ്ദേഹം തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസം ഒരു ഹിന്ദു സംഗമത്തിലെ ഏതോ ഒരു കാലാംശത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചത്രെ? അത് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു. ഖത്തറടക്കം ഗൾഫ് രാജ്യങ്ങൾ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലർ. (ആ ന്യായം വെച്ച് പാക്കിസ്ഥാനും അവരുടേതാകണമല്ലോ?)
ഓരോ പ്രസ്താവനയും ചോദ്യവും അവർ ഭയക്കുന്നു. ആളുകളെ ഒറ്റപ്പെടുത്തി ചോദ്യങ്ങളും പ്രസ്താവനകളും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പലർക്കും. ഇന്ത്യയെ കഷണം കഷണമാക്കുമെന്ന് ടുക്കടെ ഗ്യാംങ്ങിന് ആർത്തു വിളിക്കാം. അതിനായി പ്രവർത്തിക്കാം പാക്കിസ്ഥാനിൽ പോയി ഇന്ത്യാ വിരുദ്ധത പ്രസംഗിക്കാം. അതൊക്കെ അവരുടെ അവകാശമെന്ന ഭാവമാണ്.
ഒന്നു മാത്രം ഓർക്കുക. നിങ്ങൾ ജോലികളഞ്ഞാൽ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവർ പകരം കളിതുടങ്ങിയാൽ. സൗദി അറേബ്യ ലോകത്താദ്യമായി ഒരു റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യമാണ്. ഒരു റോബോട്ടിന് പൗരത്വം കൊടുത്താലും ഇവിടുത്തെ മദനി ശിഷ്യന്മാർക്കാർക്കും സൗദിയടക്കം ഒരു ഗൾഫ് രാജ്യവും പൗരത്വം നൽകില്ല. അതുകൊണ് ആ കട്ടിലു കണ്ട് പനിക്കേണ്ട. നിങ്ങൾക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കിൽ ഈ നാടു തരുന്ന പാസ്പോർട്ട് കൂടിയേ തീരു. വെറുതേ പറഞ്ഞൂന്നേയുള്ളു.
മറുനാടന് മലയാളി ബ്യൂറോ