കണ്ണൂർ: കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. വ്യാഴാഴ്ചയ്ക്കകം കേബിളുകൾ നീക്കണമെന്നാണ് കണ്ണൂർ ഇലക്ട്രിക്കൽ സർക്കിളിൽ നൽകിയിരിക്കുന്ന നിർദ്ദേശം.

പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ ഇവ നീക്കിയില്ലെങ്കിൽ, കേബിളുകൾക്ക് നാശം വരാത്തവിധം കെ.എസ്.ഇ.ബി. നേരിട്ട് നീക്കംചെയ്യും. കെ-ഫോൺ ഉള്ള റൂട്ടുകളിൽ വൈദ്യുതിത്തൂണുകൾ വാടകയ്ക്ക് ചോദിച്ചുള്ള അപേക്ഷകൾ പരിഗണിക്കേണ്ടെന്നും കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ട്. നഗരങ്ങളിൽ ഒരു തൂണിന് 500 രൂപയും ഗ്രാമങ്ങളിൽ 200 രൂപയുമാണ് ഒരു കൊല്ലത്തേക്കുള്ള വാടക.

ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്ന കേബിളുകൾ മാറ്റാനാണ് നിർദ്ദേശം. കേബിൾ ടി.വി., ഇന്റർനെറ്റ് സർവീസുകളെ ഇത് പ്രതിസന്ധിയിലാക്കും. 20 വർഷമായി തുടരുന്ന സംവിധാനമാണ് കെ-ഫോണിനായി മാറ്റുന്നത്. സംസ്ഥാനത്തെ ഓരോ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലും എവിടെയൊക്കെയാണ് മറ്റു കേബിളുകൾ അഴിച്ചുമാറ്റേണ്ടത് എന്നതിനെക്കുറിച്ച് അതത് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാർ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ബി.എസ്.എൻ.എലിനും കത്തുകൾ നൽകിത്തുടങ്ങി.

നഗരങ്ങളിലും കണക്ഷൻ കൂടുതൽ കിട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തിൽ കെ-ഫോണിന് മാത്രമായി വൈദ്യുതിത്തൂണുകൾ തയ്യാറാക്കുന്നത്. കെ.എസ്.ഇ.ബി.യുടെ ഉത്തരവ് വിവിധ ഇലക്ട്രിക്കൽ സർക്കിളുകളിൽ നടപ്പാക്കാൻ തുടങ്ങുമ്പോൾ ആ പ്രദേശങ്ങളിലെ കേബിൾ ടി.വി., ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടേക്കും. ബി.എസ്.എൻ.എൽ., റെയിൽടെൽ, കേരള വിഷൻ, എഷ്യാനെറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയവയുടെ സർവീസുകളെയാണ് തീരുമാനം ബാധിക്കുക.

ജിയോ കമ്പനി കെ.എസ്.ഇ.ബി.യുടെ വൈദ്യുതിത്തൂണുകൾ ഉപയോഗിക്കുന്നില്ല. സ്വന്തമായി സ്ഥാപിച്ച തൂണുകളിലൂടെയാണ് അവർ കണക്ഷൻ കൊടുത്തുകൊണ്ടിരിക്കുന്നത്. എന്നാൽ, തൂണുകൾ സ്ഥാപിച്ച് കേബിളുകൾ വലിക്കുക എന്നത് മറ്റ് സേവനദാതാക്കൾക്ക് കടുത്ത വെല്ലുവിളിയാകും. കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ഗ്രാമങ്ങളിലടക്കം എത്തിക്കാനുള്ള സംസ്ഥാന സർക്കാർ സംരംഭമാണ് കെ-ഫോൺ. സംസ്ഥാനത്തെ പിന്നോക്ക മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകുന്ന കെ-ഫോൺ പദ്ധതി ഉടൻ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്ു. 30,000ത്തിലധികം സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ ഫോൺ സൗകര്യം ലഭ്യമാകും

1028.2 കോടി രൂപ ചെലവുവരുന്ന പദ്ധതിക്ക് കിഫ്ബി 823 കോടി രൂപ അനുവദിച്ചിരുന്നു. കെഎസ്ഇബി ലൈനിലൂടെ കേബിൾ വലിക്കുന്നതിനാൽ ഭൂമി കുഴിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കമുള്ള 20 ലക്ഷം വീട്ടിലാണ് സൗജന്യ ഇന്റർനെറ്റ് നൽകുക. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും. വീടുകളിൽ ഫോണിനും ഇന്റർനെറ്റിനുമൊപ്പം ആവശ്യമെങ്കിൽ കേബിൾ ടിവിയും ലഭ്യമാകും. കേബിൾ കടന്നുപോകുന്ന 2800 കിലോമീറ്റർ സ്ഥലത്തിന്റെയും 29,000 ഓഫീസുകളുടെയും സർവേ പൂർത്തിയായി. 52,746 കിലോമീറ്റർ കേബിൾ കെഎസ്ഇബിയുടെ 40 ലക്ഷത്തിലേറെയുള്ള പോസ്റ്റുകളിലൂടെ എത്തിക്കും.

സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കും. വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കേണ്ടതിന്റെ പട്ടിക കലക്ടർമാർ തയ്യാറാക്കി. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫീസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും. സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയൻ കമ്പനിയാണ് നൽകുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാ(ബിഇഎൽ)ണ് പദ്ധതിനിർവഹണ ഏജൻസി.

എന്താണ് കെ-ഫോൺ പദ്ധതി?

എല്ലാവർക്കും ഇന്റർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവർക്കും ഇന്റർനെറ്റ് എന്നത് യാഥാർത്ഥ്യമാക്കും. അതിനായാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകാനാണ് കെ-ഫോൺ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും.

എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?

സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബർ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ടർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെൻഡർ. 2020 ഡിസംബറോടെ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസെൻസ് ഉള്ളവർക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാനും കഴിയും. കേബിൾ ടിവി ഓപ്പറേറ്റർമാർക്കും അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.

എന്താണ് കെ-ഫോൺ പദ്ധതി ഉണ്ടാക്കാൻ പോകുന്ന ചലനം ?

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോൺ വഴി സംസ്ഥാനത്ത് എല്ലാവർക്കും അറിവിന്റെ വാതായനങ്ങൾ തുറന്നിടും. ഈ മേഖലയിലെ കുത്തകവൽക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് നിലവിൽ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

സംസ്ഥാനത്തെ ഐ ടി മേഖലയിൽ വൻ കുതിപ്പ് സാധ്യമാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാർട്ട് അപ്പ് മേഖലകളിൽ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം . 30000 ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാക്കും.

സർക്കാർ സേവനങ്ങളെ കൂടുതൽ ഡിജിറ്റലാക്കാം. ഇ - ഹെൽത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.