ആലപ്പുഴ : അന്ന് പായസവും കരമീനും മിച്ചമായി.പിറന്നാൾ ആഘോഷവേളയിൽ ഗൗരിയമ്മ വിങ്ങിപ്പൊട്ടി. താൻ ഒറ്റപ്പെട്ടതായി ഗൗരിയമ്മ പരസ്യ പ്രഖ്യാപനം നടത്തി. 2015 ലെ പിറന്നാൾ ആഘോഷവേദിയിലാണ് കേരളത്തിന്റെ വിപ്ലവനായിക പൊട്ടിക്കരഞ്ഞത്.

എന്നാൽ ഇന്ന് 98-ാം പിറന്നാൾ ആഘോഷിക്കുന്ന ഗൗരിയമ്മ ഏറെ ഉൽസാഹവതിയാണ്. മുൻപിലും പിറകിലും ഇടത് പിന്തുണ ഉറപ്പാക്കിയാണ് ഗൗരിയമ്മ ഇക്കുറി പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്.

പിറന്നാൾ ആഘോഷവേദിയായ ആലപ്പുഴ ചാത്തനാട്ടെ വീടിന് സമീപമുള്ള ഹാളിലേക്ക് ഗൗരിയമ്മ നേരത്തെ തന്നെ എത്തിയിരുന്നു. ആയിരം പേർക്ക് പിറന്നാൾ വിരുന്നൊരുക്കിയാണ് ഗൗരിയമ്മ പിറന്നാൾ പൊടിപൊടിക്കാൻ ഒരുങ്ങിയത്. ഗൗരിയമ്മയുടെ പ്രതീക്ഷ അസ്ഥാനത്താക്കാതെ തന്നെ ഇടത് മുന്നണി പ്രവർത്തകരും നേതാക്കളും നേരത്തെ തന്നെ എത്തി. എത്തിയവർക്കെല്ലാം കേക്ക് മുറിച്ചു മധുരം വിളമ്പി ഗൗരിയമ്മ. പതിവിന് വിപരീതമായി ചുറുചുറുക്കോടെ അതിഥികളെ സ്വീകരിച്ചു.

ഗൗരിയമ്മയുടെ വാക്കിലും നോക്കിലും ഒരു കമ്മ്യൂണിസ്റ്റുക്കാരിയുടെ വിപ്ലവവീര്യം നിറഞ്ഞു. രണ്ടര പതിറ്റാണ്ടിനുശേഷം സി പി എം പിന്തുണയോടെ കമ്മ്യൂണിസ്റ്റുക്കാരിയായി ആഘോഷിക്കുന്ന ആദ്യപിറന്നാൾ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിതിന്റെ പേരിൽ സി പി എമ്മിൽനിന്നും പുറത്താക്കിയ ഗൗരിയമ്മ പിന്നീട് പിറന്നാൾ ആഘോഷങ്ങൾ നടത്തിയതുമുഴുവൻ തന്റെ സ്വന്തം പാർട്ടിയായ ജെ എസ്എസും യു ഡി എഫുമായി ചേർന്നാണ്. എന്നാൽ സ്വന്തം പാർട്ടിയിലെ ഇടതടവില്ലാത്ത പിളർപ്പും യു ഡി എഫുമായുള്ള അഭിപ്രായ വ്യത്യാസവും ഗൗരിയമ്മയെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽനിന്നും അകറ്റിയിരുന്നു.

സർക്കാർ നൽകിയ സുരക്ഷാ ഉദ്യോഗസ്ഥനായ പൊലീസുകാരന്റെ സഹായത്തോടെ നാളുകൾ കഴിച്ചിരുന്ന ഗൗരിയമ്മയെ വളർത്തുപുത്രിയായ പ്രൊഫ. ബീനാകുമാരി പോലും ഉപേക്ഷിച്ചതായി ഗൗരിയമ്മ തന്നെ പരിഭവിച്ചിരുന്നു. യു ഡി എഫുമായി കടുത്ത ഭിന്നത വർദ്ധിച്ച നാളുകളായതിനാൽ യു ഡി എഫ് നേതാക്കളോ മന്ത്രിമാരോ ഗൗരിയമ്മയെ പിറന്നാൾ ദിനത്തിൽമാത്രമല്ല മറ്റ് ചർച്ചകളിൽനിന്നുപ്പോലും ഒഴിവാക്കിയിരുന്നു.ഇതോടെ പരുങ്ങലിലായ ഗൗരിയമ്മ പുറംലോകം കാണാതെ ഏകാന്തവാസത്തിലായി. ഒരുക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഒന്നും നിറഞ്ഞുനിന്ന ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട് ഇതോടെ ശ്മശാന മൂകമായി.

എന്നാൽ ജെ എസ് എസ് യു ഡി എഫ് വിട്ടതോടെ ഇടത്മുന്നണിയിൽ ചേരാൻ ഒരുങ്ങിയ ഗൗരിയമ്മ കനത്ത വിവാദത്തിലേക്ക് നീങ്ങി. സ്വത്തു തർക്കവും സ്വന്തം പാർട്ടിയിലെതന്നെ പാരവെയ്‌പ്പും ഗൗരിയമ്മയുടെ സി പി എം പ്രവേശനത്തിന് തടസമായി. എന്നാൽ ഏറെ നാളത്തെ പിരിമുറക്കത്തിനുശേഷം ഗൗരിയമ്മ ആദ്യമായി സന്തോഷത്തോടെ പിറന്നാൾ ആഘോഷിച്ചു. മന്ത്രിമാരുടെ സമ്മാനങ്ങൾ നേരത്തെ തന്നെ വീട്ടിലെത്തി. ഇനി ഓരോരുത്തരായി ഗൗരിയമ്മയെ വന്നു കാണും. ഒരൊറ്റ യുഡി എഫുക്കാരെയും ഗൗരിയമ്മ വിളിച്ചില്ലെന്നാണ് അറിയുന്നത്. പ്രാദേശിക നേതാക്കളോ സംസ്ഥാന നേതാക്കളോ മുന്മന്ത്രിമാരോ ആരും തന്നെ ഗൗരിയമ്മയുടെ വീട്ടലോ പരിസരത്തോ എത്തിയില്ലെന്നുള്ളതും പ്രത്യേകതയായി. 1919 ജൂലൈ 14 ആണ് ഗൗരിയമ്മയുടെ ഔദ്യോഗിക ജനന കണക്കായി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ നക്ഷത്ര തിളക്കത്തിൽ ഗൗരിയമ്മ നാളിന്റെ അടിസ്ഥാനത്തിൽ പിറന്നാൾ ആഘോഷം ഇന്നത്തേക്ക് ആക്കുകയായിരുന്നു.