തിരുവനന്തപുരം: തലുമുറൾക്ക് പ്രത്യേകിച്ചും വനിതകൾക്ക് എന്നും ആവേശം പകരുന്ന ജീവിതമായിരുന്നു ഇന്നു പുലർച്ചെ അന്തരിച്ച കെ ആർ ഗൗരിയമ്മയുടെത്.കേരളത്തിന്റെ ഉരുക്കുവനിത എന്ന് സംശയലേശമന്യേ പറയാവുന്ന വ്യക്തിത്വം.അതുപോലെത്തന്നെ മലയാളിക്കെന്നും പ്രിയപ്പെട്ടതായിരുന്നു ഗൗരിയമ്മയുടെയും ടി വി തോമസിന്റെയും പ്രണയവും വിവാഹവുമൊക്കെ.ഇപ്പോഴിത കാലങ്ങൾക്കിപ്പുറം ഗൗരിയമ്മയുടെ വിയോഗവാർത്തകൾക്കിടയിലും കൗതുകമാവുകയാണ് ഒരു പഴയ കല്ല്യാണക്കത്ത്.

ടി വി തോമസിന്റെയും കെ ആർ ഗൗരിയമ്മയുടെയും കല്ല്യാണത്താണ് കാലങ്ങൾക്കിപ്പുറവും വൈറലാകുന്നത്.'ഞാനും സഖാവ് കെ ആർ ഗൗരിയും തമ്മിലുള്ള വിവാഹം 1957 മെയ് മാസം 30ാം തീയ്യതി വൈകുന്നേരം 4 മണിക്ക് വധുവിന്റെ തിരുവനന്തപുരത്തെ വസതിയായ സാനഡുവിൽ വച്ച് നടക്കുകയാണ്.തദ്ദവസരത്തിൽ താങ്കൾ സന്നിഹിതനായി ഞങ്ങളെ അനുഗ്രഹിക്കാൻ താൽപ്പര്യപ്പെടുന്നു. എന്ന് വിധേയൻ ടി വി തോമസ്. ഉപചാരവപൂർവ്വം കെ ആർ ഗൗരി,എംഎൻ ഗോവിന്ദൻ നായർ എന്നാണ് കത്തിന്റെ ഉള്ളടക്കം.

വളരെ ലളിതവും ലഘുവുമായ കല്യാണക്കത്ത് കലങ്ങൾക്കിപ്പുറവും വൈറലാവുകയാണ്. ഗൗരിയമ്മയുടെ വിയോഗ വാർത്തകൾക്കിടയിൽ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഈ കത്ത് ഷെയർ ചെയ്യുന്നവരും നിരവധിയാണ്.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ഗൗരി അമ്മ ടിവി തോമസ് പ്രണയവും ദാമ്പത്യവും. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുമ്പോഴാണ് ഇരുവരുടേയും പ്രണയം മുറുകിയതെന്ന് ഗൗരി അമ്മ തന്നെ ഒരിക്കൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പുന്നപ്ര-വയലാർ സമരനായകനായ ടി.വി. തോമസിനെ കെ.ആർ. ഗൗരി ആദ്യമായി കാണുന്നത് സ്വന്തം വീട്ടുമുറ്റത്തുവച്ചാണ്. വൈകാതെ പ്രണയം പൂവിട്ടു.

1957-ൽ ഒന്നാം ഐക്യകേരള മന്ത്രിസഭയിൽ ഇരുവരും മന്ത്രിയായി. ഇരുവരുടെയും താത്പര്യമറിഞ്ഞ് തൊട്ടടുത്തുള്ള മന്ദിരം നൽകി. സാനഡുവിൽ ഗൗരിയും റോസ് ഹൗസിൽ ടി.വി.യും. ഇരുവീടിനുമിടയിൽ ഒരു ചെറുവഴിയും. പ്രണയം മൂത്തതറിഞ്ഞ് പാർട്ടി മുൻകൈയെടുത്ത് ഗൗരിയുടെ ഔദ്യോഗിക വസതിയായ സാനഡുവിൽവെച്ച് വിവാഹം നടത്തി. രണ്ടു കാറിലാണ് സെക്രട്ടേറിയറ്റിൽ പോകുന്നതെങ്കിലും ഉച്ചയ്ക്ക് ഊണുകഴിക്കാൻ ഒരു കാറിൽ ഒരുവീട്ടിലേക്ക്.

പലതരത്തിൽ, രാഷ്ട്രീയേതരമായും വിയോജിപ്പുകളും തർക്കങ്ങളുമുണ്ടായിരുന്നെങ്കിലും 1967 വരെ ആ ബന്ധം പിളർപ്പില്ലാതെ തുടർന്നു. 1964-ൽ ഇരുവരും പരസ്പരം മത്സരിക്കുന്ന വ്യത്യസ്ത പാർട്ടിയിലായി. 1967-ൽ രണ്ടുപാർട്ടിയും ഒരുമിച്ചുള്ള മന്ത്രിസഭയിൽ ചേരാൻ ആലപ്പുഴയിലെ വീട്ടിൽനിന്ന് ഇരുവരും ഒരു കാറിലാണ് തിരുവനന്തപുരത്തെത്തിയത്. പക്ഷേ, സിപിഐ-സിപിഎം. പോര് മൂത്തതിനൊപ്പം ആ ബന്ധത്തിലും വിള്ളൽ വർധിച്ചു. മറ്റുചില വിയോജിപ്പുകളും കൂടിയായതോടെ അകൽച്ച പൂർണമായി. പക്ഷേ, ഇരുവരും തമ്മിലുള്ള അഗാധ പ്രണയത്തിന്റെ കിളിവാതിൽ ഒരിക്കലും അടഞ്ഞില്ല.