തൃശ്ശൂർ: തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ് ഒരുപടി മുന്നിലാണ്. ബിജെപിയിലും കോൺഗ്രസിലും ഏകദേശ ധാരണയുമായി. അതേസമയം സിപിഎമ്മിൽ ചർച്ചകൾ സജീവമായി നടക്കുകയും ചെയ്യുന്നു. തൃശ്ശൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ അൽപ്പം വിചിത്രമാണ്. മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് മുൻ സ്പീക്കറായ കെ രാധാകൃഷ്ണൻ മത്സര രംഗത്തു നിന്നും പിന്മാറാൻ തീരുമാനിച്ചപ്പോൾ സീറ്റ് മോഹിച്ച ബാബു എം പാലിശ്ശേരിക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്. അതേസമയം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ മന്ത്രിസ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെട്ട മുൻ ജില്ലാ സെക്രട്ടറി ബേബി ജോണിനും സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനം.

സീറ്റുകൾക്ക് വേണ്ടി കടിപിടികൂടുന്നവർക്കിടെയാണ് സിപിഐ(എം) നേതാവ് കെ രാധാകൃഷ്ണൻ താൻ മത്സര രംഗത്തുനിന്നും മാറിനിൽക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. തൃശൂർ ജില്ലയിലെ മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സര രംഗത്ത് നിലനിർത്തിക്കൊണ്ടുള്ള ശുപാർശയാണ് ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചിരിക്കുന്നത്. പാർട്ടി നടപടി നേരിട്ട ബാബു എം പാലിശേരിയിയെ ഇക്കുറി മാറ്റി നിർത്താനും സിപിഐ(എം) ആലോചന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ബാബു എം പാലിശ്ശേരിക്കെതിരെ ഉയർന്നിരുന്നു.

ചാലക്കുടിയിൽ ബിഡി ദേവസ്സി, പുതുക്കാട് പ്രൊഫ. രവീന്ദ്രനാഥ്, ഗുരുവായൂരിൽ അബ്ദുൾഖാദർ എന്നിവർക്ക് ഒരവസരം കൂടി നൽകാനാണ് പാർട്ടി ഒരുങ്ങുന്നത്. ബാബു എം പാലിശ്ശേരിക്ക് പകരം യുവ നേതാവ് ടി.കെ. വാസു, നടൻ വി കെ ശ്രീരാമൻ, തൃശൂർ മുൻ മേയർ പ്രൊഫ. ആർ ബിന്ദു, ഡിവൈഎഫ്‌ഐ നേതാവ് അനൂപ് എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.

വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളിക്കും വനിതാ നേതാവ് നഫീസയ്ക്കുമാണ് സാധ്യത. നാലു തവണ ചേലക്കരയെ പ്രതിനിധീകരിച്ച് സഭയിലെത്തിയ കെ. രാധാകൃഷ്ണൻ മത്സര രംഗത്തുനിന്നും മാറിനിൽക്കാനുള്ള സന്നദ്ധത പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി നിലപാട് കൈക്കൊണ്ടിട്ടില്ല. മുൻ ജില്ലാ സെക്രട്ടറി ബേബി ജോണിനെ ഒഴിവാക്കി മുരളി പെരുനെല്ലിയുടെ പേരിനാണ് മണലൂരിൽ സാധ്യത നൽകുന്നത്.

അതേസമയം അഭിനേതാവ് ജയരാജ് വാര്യരെ തൃശ്ശൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനും പാർട്ടി ആലോചിക്കുന്നുമുണ്ട്. മത്സരിക്കാൻ സന്നദ്ധത അറിയിച്ചില്ലെങ്കിലും ഇടതു മുന്നണിയോടാണ് താൽപര്യമെന്ന് ജയരാജ് വാര്യരും വ്യക്തമാക്കി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. കോൺഗ്രസിലെ തേറമ്പിലിനെ തറപറ്റിക്കാൻ സിപിഎമ്മും സിപിഐയും സിപിഐ(എം) സ്വന്ത്രരും രംഗത്തിറങ്ങിയിട്ടും വിജയം തേറമ്പിലിനൊപ്പം നിന്നു. ഇക്കുറി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ മേൽക്കൈകൂടി കണക്കിലെടുത്താണ് പൊതുസമ്മതനെന്ന നിലയിൽ ജയരാജ് വാര്യർ എത്തിയത്.

ലോക്‌സഭയിൽ ഇന്നസെന്റിനെ രംഗത്തിറക്കി വിജയിപ്പിക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയരാജിനെ രംഗത്തിറക്കിയാൽ വിജയിപ്പിക്കാമെന്നും പാർട്ടി കണക്കു കൂട്ടുന്നുണ്ട്.