- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
529.45 കിലോമീറ്റർ പാതയ്ക്ക് സംസ്ഥാനം പ്രതീക്ഷിക്കുന്നത് 63,941 കോടി; 1.26 ലക്ഷം കോടിയാകുമെന്ന് നീതി ആയോഗും; പദ്ധതി തയ്യാറാക്കൽ പ്രാരംഭ നടപടികൾ പോലും പൂർണ്ണമാക്കാതെ; സർവ്വേയും എസ്റ്റിമേറ്റും ഇല്ലാതെയുള്ള കെ റെയിലിലെ കണക്കുകൂട്ടൽ കേരളത്തെ തകർക്കുമോ?
പത്തനംതിട്ട : കേരളത്തിൽ സിൽവർ ലൈൻ റെയിൽവേ പാത നടപ്പാക്കില്ലെന്ന് റിപ്പോർട്ട്. പദ്ധതിക്കു വേണ്ടി സമഗ്ര പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിയതു പ്രാരംഭ നടപടികൾ പൂർണമാക്കാതെ എന്നാണ് റിപ്പോർട്ട്.. ഇതോടെ, 64,000 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാകുമെന്നുള്ള കെ-റെയിൽ അധികൃതരുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ലേസർ സർവേ മാത്രമാണു നടത്തിയത്. വിവിധ പ്രദേശങ്ങളിൽ പാതയുടെയും നിലവിലുള്ള കെട്ടിടങ്ങളുടെയും മലനിരകളുടെയും ഉയരം കണക്കാക്കുന്നതിനുള്ള ടോപ്പോഗ്രാഫിക്കൽ സർവേ നടത്തിയിട്ടില്ലെന്നാണ് വിമർശനം. ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ളവർ ഈ പദ്ധതിക്കെതിരെ വിമർശനം ഉയർത്തിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ. പദ്ധതി മേഖലയിലെ ജലനിരപ്പ്, ജലാശയങ്ങൾക്കു മുകളിലൂടെയുള്ള പാലം, എലിവേറ്റഡ് പാലം, മണ്ണിന്റെ ഘടന, അടിത്തറ നിർമ്മാണത്തെപ്പറ്റിയുള്ള വിലയിരുത്തൽ എന്നിവ കണക്കാക്കാനുള്ള ഹൈഡ്രോഗ്രാഫിക് പഠനവും നടത്തിയില്ല. ഈ സർവേകൾ നടത്താൻ ടെൻഡർ ക്ഷണിച്ചതു കഴിഞ്ഞയാഴ്ചയാണെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഷനുകളുടെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയും തയാറാക്കിയിട്ടില്ലെന്നാണ് വാർത്ത.
പത്തു സ്റ്റേഷനുകളുടെ നിർമ്മാണത്തിനു പ്ലാൻ തയാറാക്കുന്നതിനു ടെൻഡർ ക്ഷണിച്ചത് ഏതാനും ദിവസം മുമ്പാണ്. പദ്ധതി പൂർത്തിയാകുമ്പോൾ 1,30,000 കോടി രൂപ ചെലവാകുമെന്ന് നിതീ ആയോഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നതാകും സിൽവർ ലൈൻ എന്ന വിമർശനവും ശക്തമാണ്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗ, അർധ അതിവേഗ പാതകളുടെ നിർമ്മാണം കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷനാണു നടത്തുന്നത്. സിൽവർ ലൈൻ പദ്ധതിയാകട്ടെ, റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരളാ റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചുമതലയിലാണ്.
റെയിൽവേയുടെ സമ്മതവും കേന്ദ്ര സഹായവും ലക്ഷ്യമിട്ടാണ് ഇതു ചെയ്തത്. ബജറ്റ് പദ്ധതിയല്ലാത്തതിനാൽ കേരളം ഉദ്ദേശിക്കുന്നത്ര പണം കേന്ദ്രത്തിൽനിന്നു ലഭിക്കില്ല. ഇതോടെ കടം എടുത്ത് പദ്ധതി നടപ്പാക്കേണ്ടി വരും. ഇത് വലിയ ബാധ്യതയുമാകും. നിർദ്ദിഷ്ട സിൽവർ ലൈൻ അതിവേഗ റെയിൽപ്പാതയുടെ നിർമ്മാണത്തിൽ യാതൊരു അധികബാധ്യതയും കേന്ദ്രം വഹിക്കില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച നീതി ആയോഗ് റെയിൽ മന്ത്രാലയത്തിന്റെ വിഹിതമായി പറഞ്ഞിട്ടുള്ള 2150 കോടി രൂപയിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അറിയിച്ചു. അധികപണം കണ്ടെത്തലും കടംവീട്ടലും പൂർണമായും സംസ്ഥാനത്തിന്റെ ചുമതലയിൽ ആണെന്നാണ് നീതി ആയോഗ് അറിയിച്ചത്.
രണ്ട് വ്യവസ്ഥകൾ നീതി ആയോഗ് മുന്നോട്ട് വെച്ചു. കേന്ദ്ര ബജറ്റ് വിഹിതത്തിൽ നിന്ന് പിന്നീട് പദ്ധതിക്ക് പണം കിട്ടില്ലെന്നതാണ് ഒന്ന്. അധികച്ചെലവിന് സംസ്ഥാനം കടമെടുത്താൽ വരുന്ന പലിശ, മറ്റ് ബാധ്യതകൾ എന്നിവ സ്വയം വഹിക്കണമെന്നതാണ് മറ്റൊരു നിലപാട്. 529.45 കിലോമീറ്റർ പാതയ്ക്ക് 63,941 കോടിയാണ് കേരളം പ്രതീക്ഷിക്കുന്ന ചെലവ്. പക്ഷേ പദ്ധതിച്ചെലവ് 1.26 ലക്ഷം കോടിയെങ്കിലും വന്നേക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ റെയിൽ െഡവലപ്മെന്റ് കോർപ്പറേഷൻ ആത്മവിശ്വാസത്തിലാണ്. കിലോമീറ്ററിന് 120 കോടി മതിയാകുമെന്ന് അവർ വിലയിരുത്തി. രാജ്യത്തെ മറ്റിടങ്ങളിൽ കിലോമീറ്ററിന് 80 കോടിവരെ മാത്രമേ വേണ്ടിവന്നുള്ളൂ.
അതേസമയം റെയിൽ മന്ത്രാലയം ആദ്യം വഹിക്കുമെന്ന് പറഞ്ഞ 7720 കോടിയിൽ നിന്ന് പിന്നാക്കംപോയി 2150 കോടിയായി വിഹിതം കുറച്ചതിലൂടെ കേരളത്തിന്റെ ബാധ്യത ഏറുകയാണ്. എന്നാൽ നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരം-കാസർകോട് യാത്ര കേരളത്തിന്റെ വികസനചരിത്രത്തിൽ നേട്ടമാകുമെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്.
കെ-റെയിൽ പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം (ഇ.ഐ.എ) നടത്തണമെന്നും വിശദ പദ്ധതി രേഖ (ഡി.പി.ആർ) ജനങ്ങൾക്ക് ചർച്ചയ്ക്കായി നല്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത്തരമൊരു ചർച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത് സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവർത്തനങ്ങളുമാണ്.
പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടത്. റെയിൽ ഗതാഗതമാകണം അതിന്റെ കേന്ദ്ര സ്ഥാനത്തെന്നും പരിഷത്ത് നിർദ്ദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ