തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അതിവേഗ റെയിൽപാത പദ്ധതിയായ സിൽവർ ലൈനിൽ(കെ റെയിൽ) എല്ലാം അതിവേഗം പൂർത്തയാക്കാൻ കേരളം. ഈ പദ്ധതിക്ക് വേണ്ടി കേരളം പരിസ്ഥിതി അനുമതി പോലും തേടിയിട്ടില്ല. പരിസ്ഥിതി അനുമതി പോലും തേടാതെയാണ് ഈ പദ്ധതിയിലെ തള്ളുകൾ. ഈ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും വിലയിരുത്തുന്നു.

അതിനിടെ സിൽവർ ലൈൻ വേഗ റെയിൽപാതയ്ക്കു വേണ്ടി 11 ജില്ലകളിൽ 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് സർക്കാർ അനുമതി നൽകി. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു. പാരിസ്ഥിതിക പഠനം പോലും നടത്താതെയുള്ള ഈ നീക്കത്തിൽ പ്രതിഷേധം ശക്തമാണ്. കൺസൾട്ടൻസിയിലെ പണം തട്ടലാണ് ഈ പദ്ധതിക്ക് പിന്നിലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് കാര്യങ്ങൾ അങ്ങനെ അല്ലെന്ന് വരുത്താൻ ഭൂമി ഏറ്റെടുക്കൽ നീക്കം.

റെയിൽവേ ബോർഡിന്റെ അംഗീകാരവും സാമൂഹികാഘാതപഠന റിപ്പോർട്ടും വിദഗ്ധസമിതിയുടെയും കലക്ടർമാരുടെയും ശുപാർശയും ലഭിച്ച ശേഷമായിരിക്കും സ്ഥലമേറ്റെടുപ്പിനുള്ള അന്തിമാനുമതി നൽകുക. ഓരോ ജില്ലയിലും ഏറ്റെടുക്കുന്ന ഭൂമി (ഹെക്ടറിൽ) തിരുവനന്തപുരം: 78 ഹെക്ടർ, കൊല്ലം: 83, പത്തനംതിട്ട 44, ആലപ്പുഴ: 42, കോട്ടയം 108, എറണാകുളം 120, തൃശൂർ 111, മലപ്പുറം 110, കോഴിക്കോട് 42, കണ്ണൂർ 53, കാസർകോട് 161.

11 ജില്ലകളിലും തഹസിൽദാർമാരുടെ ഓഫിസുകൾ തുറക്കാനും സർക്കാർ അനുമതി നൽകി. ഓരോ ജില്ലയിലും സ്‌പെഷൽ തഹസിൽദാർ ഉൾപ്പെടെ 18 ജീവനക്കാരുണ്ടാകും. ഇതിനു പുറമേ ഏകോപനത്തിന് സ്‌പെഷൽ ഡപ്യൂട്ടി കലക്ടറുടെ ഓഫിസും തുടങ്ങും. ഭൂമി ഏറ്റെടുക്കലിനായി ആദ്യഘട്ടത്തിൽ കിഫ്ബിയിൽ നിന്ന് 2100 കോടി രൂപ വായ്പയെടുക്കും. വലിയ ചെലവ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഇതിലെ കേന്ദ്ര സഹായത്തിലും അവ്യക്തതയുണ്ട്. ഇതിനിടെയും പദ്ധതിയുമായി മുമ്പോട്ട് പോകുകയാണ് പിണറായി സർക്കാർ.

സിൽവർ ലൈൻ അതിവേഗ തീവണ്ടിപ്പാതയ്ക്ക് 10 ഇടങ്ങളിൽ സ്റ്റേഷൻ പണിയാനുള്ള രൂപകൽപ്പന തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചതും വിവാദമായിരുന്നു. ഭൂമിശാസ്ത്രപരമായ പഠനം നടത്താനുള്ള ടെണ്ടറും ഇതിനൊപ്പം ക്ഷണിച്ചിട്ടുണ്ട്. കൺസൾട്ടൻസി ഇനത്തിൽ കോടികളാണ് ഇതിനെല്ലാമായി ചെലവഴിക്കുന്നത്. പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം കിട്ടും മുമ്പാണിത്. കേരള വികസനത്തിൽ വലിയ കാൽവെപ്പായി സംസ്ഥാനം കണക്കാക്കുന്ന സിൽവർ ലൈൻ പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

സിൽവർ ലൈനിന്റെ പരിസ്ഥിതി, സാമൂഹിക ആഘാതങ്ങൾ പഠിക്കാനും പുനരധിവാസ പ്ലാൻ തയാറാക്കാനും സംസ്ഥാനം ജൂണിൽ നടപടി തുടങ്ങിയിരുന്നു. ഇതിനുള്ള ഏജൻസിയെ കണ്ടെത്താൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ അന്ന് ടെൻഡറും ക്ഷണിച്ചു. പരിസ്ഥിതി ആഘാതത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ, സാമൂഹികാഘാതത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡിജീനസ് പീപ്പിൾ പ്ലാൻ എന്നിവയും തയാറാക്കാനാണ് പദ്ധതി.

സിൽവർ ലൈൻ അതിവേഗ റെയിൽപ്പാതയുടെ നിർമ്മാണത്തിൽ യാതൊരു അധികബാധ്യതയും കേന്ദ്രം വഹിക്കില്ലെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച നീതി ആയോഗ് റെയിൽ മന്ത്രാലയത്തിന്റെ വിഹിതമായി പറഞ്ഞിട്ടുള്ള 2150 കോടി രൂപയിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അറിയിച്ചിട്ടുണ്ട്. അധികപണം കണ്ടെത്തലും കടംവീട്ടലും പൂർണമായും സംസ്ഥാനത്തിന്റെ ചുമതലയിൽ ആണെന്നാണ് നീതി ആയോഗ് അറിയിച്ചത്.

ഇതെല്ലാം വലിയ പ്രതിസന്ധിയായി മാറും. രണ്ട് വ്യവസ്ഥകൾ നീതി ആയോഗ് മുന്നോട്ട് വെച്ചു. കേന്ദ്ര ബജറ്റ് വിഹിതത്തിൽ നിന്ന് പിന്നീട് പദ്ധതിക്ക് പണം കിട്ടില്ലെന്നതാണ് ഒന്ന്. അധികച്ചെലവിന് സംസ്ഥാനം കടമെടുത്താൽ വരുന്ന പലിശ, മറ്റ് ബാധ്യതകൾ എന്നിവ സ്വയം വഹിക്കണമെന്നതാണ് മറ്റൊരു നിലപാട്. ഇതിനും ഭാവിയിൽ സഹായം ഉണ്ടാവില്ല. ഇതെല്ലാം കേരളത്തെ കടക്കണിയിലേക്ക് തള്ളി വിടും.

റെയിൽ മന്ത്രാലയം ആദ്യം വഹിക്കുമെന്ന് പറഞ്ഞ 7720 കോടിയിൽ നിന്ന് പിന്നാക്കം പോയി. 2150 കോടിയായി വിഹിതം കുറച്ചതിലൂടെ കേരളത്തിന്റെ ബാധ്യത ഏറുകയാണെന്നാണ് വിലയിരുത്തലും. എന്നാൽ നാല് മണിക്കൂർകൊണ്ട് തിരുവനന്തപുരം-കാസർകോട് യാത്ര കേരളത്തിന്റെ വികസനചരിത്രത്തിൽ നേട്ടമാകുമെന്നാണ് സംസ്ഥാനം വിലയിരുത്തുന്നത്. പ്രധാനമന്ത്രിയെ കണ്ടപ്പോൾ മുഖ്യമന്ത്രി മുന്നോട്ടുവെച്ച പദ്ധതികളിൽ സിൽവർ ലൈനും ഉണ്ടായിരുന്നു.