കണ്ണൂർ : കെ റെയിൽ സർവ്വേക്കെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തിൽ വളപട്ടണം പൊലിസിൽ പരാതി നൽകുമെന്ന് സർവ്വേ ഏജൻസി അധികൃതർ അറിയിച്ചു. വളർത്തുനായയുടെ കടിയേറ്റ രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കണ്ണൂർ വലിയന്നൂർ സ്വദേശി ആദർശ്, ഇരിട്ടി സ്വദേശി ജുവൽ പി.ജെയിംസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയിൽ സർവ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതിൽ ആദർശും ജുവലും അടക്കം മൂന്ന് പേർ ഒരു വീട്ടുപറമ്പിൽ സ്ഥല നിർണയം നടത്താൻ എത്തിയപ്പോഴാണ് പട്ടിയുടെ കടിയേറ്റത്.

ഗേറ്റ് കടന്ന് അകത്തു കയറിയപ്പോൾ ഗൃഹനാഥനും മകനും പുറത്തുവന്നു. എവിടെയാണ് സ്‌പോട്ട് മാർക്ക് ചെയ്യുന്നതെന്ന് ചോദിച്ചു. ഈ സ്ഥലം കാണിച്ചു കൊടുക്കാൻ ഇവരുമായി മതിലിനരികിലേക്ക് മാറിയപ്പോൾ വീട്ടമ്മ പുറത്തു വരികയും ഗേറ്റ് അടക്കുകയും പട്ടിയെ അഴിച്ചുവിടുകയാണെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.

വീട്ട് പറമ്പിൽ നിന്ന് പുറത്തു പോകുന്നതിനിടെ പട്ടിയെ അഴിച്ചുവിടുകയും, പട്ടി ഇരുവരേയും കടിക്കുകയുമായിരുന്നു. ഇരുവരുടെയും കാലിനാണ് പരിക്ക്. ഇവർ മതിൽ ചാടി റോഡിൽ എത്തിയതോടെ സർവ്വേ സംഘത്തിലുള്ള മറ്റുള്ളവർ എത്തുകയും ഇവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

സർവേ ഏജൻസി, കെ.റെയിൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. മന: പുർവ്വമായി പട്ടിയെ വിട്ടുകടിപ്പിച്ചതിന് വീട്ടുടമയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ വളപട്ടണം പൊലിസിന് പരാതി നൽകുമെന്ന് സർവ്വേ ഏജൻസി അധികൃതർ അറിയിച്ചു.