തിരുവനന്തപുരം: കെ റെയിലിൽ സിപിഐയുടെ ആവശ്യം അംഗീകരിക്കില്ല. കെ-റെയിലിന്റെ വിശദപദ്ധതിരേഖ (ഡി.പി.ആർ.) പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതിലഭിച്ചതിനുശേഷം മാത്രമേ പ്രസിദ്ധീകരിക്കാനാകൂ എന്ന് കെ-റെയിൽ കോർപ്പറേഷൻ നിലപാട് എടുത്തു. ഇതോടെ കഴിഞ്ഞ ദിവസം സൈബർ സഖാക്കൾ പ്രചരിപ്പിച്ചത് ഡി പി ആർ അല്ലെന്നും വ്യക്തമായി.

ഡിപിആർ പുറത്തു വിടണമെന്ന് സിപിഐ. ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും സാങ്കേതികതടസ്സം ഉണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോർപ്പറേഷൻ. ഇനി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഡി.പി.ആറിന്റെ സാങ്കേതികവിവരങ്ങൾ മാത്രമേ ഇനി പരസ്യപ്പെടുത്താനുള്ളൂ എന്നാണ് കെ-റെയിലിന്റെ നിലപാട്. അന്തിമ അനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ചശേഷം ഇതു പരസ്യപ്പെടുത്തും. അതുവരെ രഹസ്യസ്വഭാവമുള്ള രേഖയാണ്-കെ റെയിൽ പറയുന്നു.

സമാനരീതിയിലുള്ള മറ്റു പദ്ധതികളുടെ ഡി.പി.ആർ. അന്തിമ അനുമതിക്കുശേഷമാണ് പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചതാണ് ഈ കീഴ്‌വഴക്കമെന്ന് കെ-റെയിൽ കോർപ്പറേഷൻ അധികൃതർ പറയുന്നു. കൊച്ചി മെട്രോ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഡി.പി.ആർ. ആദ്യഘട്ടത്തിൽ പരസ്യപ്പെടുത്തിയിട്ടില്ലെന്നും കെ-റെയിൽ അവകാശപ്പെടുന്നു. കെ-റെയിലിന്റെ ഡി.പി.ആർ. കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. റൂട്ട്, നിർമ്മാണരീതി, സാങ്കേതികവിദ്യ എന്നിവയെല്ലാം പരസ്യപ്പെടുത്തിയിട്ടുണ്ട്.

ഇനി പരസ്യപ്പെടുത്താനുള്ളത് സാങ്കേതികകാര്യങ്ങളാണ്. ജൂലായ്ക്കുള്ളിൽ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കെ-റെയിൽ അവകാശപ്പെടുന്നത്. ഒമ്പതുമാസമാണ് പഠനത്തിനുവേണ്ടത്. ഏര്യൽ ലൈഡാർ സർവേ വഴി തയ്യാറാക്കിയ ഡി.പി.ആറിൽ പദ്ധതിക്കുവേണ്ടി നിശ്ചിയിച്ച സ്ഥലത്തെ ആഘാതപഠനമാണ് ഇപ്പോൾ നടക്കുന്നത്.

അടയാളക്കല്ലുകൾ സ്ഥാപിച്ച് അതിർത്തിതിരിച്ചാൽ മാത്രമേ സാമൂഹിക ആഘാത പഠനത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് കല്ലിട്ടുതുടങ്ങിയത്. ഇത് കോടതി വിലക്കിയിട്ടുണ്ട്.