തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം ആസ്ഥാനം എകെജി സെന്ററാണ്. ഈ എകെ ജി സെന്ററിന് അടുത്ത് സിപിഎം കുറച്ചു ഭൂമി വാങ്ങിയിരുന്നു. രേഖകളിൽ 32 സെന്റ് വാങ്ങാൻ കൊടുത്തത് 6.4 കോടിയാണ്. സെന്റിന് 20 ലക്ഷം കൊടുത്താണ് വാങ്ങിയത്. ഈ ഭൂമിക്ക് അടുത്തു കൂടി അതിവേഗ റയിൽ പാത കടന്നു പോകുമോ എന്ന് അറിയില്ല. അങ്ങനെ പോയാൽ സിപിഎം വാങ്ങിയ ഈ സ്ഥലത്തിന് സെന്റിന് 40 ലക്ഷം രൂപവരെ പരമാവധി കിട്ടും. കാരണം സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ അടിസ്ഥാനമാക്കിയാണെന്നതാണ്.

എന്നാൽ ഈ പ്രദേശത്ത് ഒരു കോടി രൂപ കൊടുത്താൽ പോലും സെന്റിന് കിട്ടില്ലെന്നതാണ് വസ്തുത. ഏറ്റെടുക്കേണ്ട പ്രദേശത്ത് മൂന്നുവർഷത്തിനിടെ നടന്ന ഭൂമിവിൽപ്പനയിൽ ഏറ്റവുമുയർന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. പ്രാഥമിക വിജ്ഞാപനം വരുന്ന ദിവസത്തിനു മുമ്പേയുള്ള മൂന്നുവർഷത്തെ രജിസ്ട്രേഷൻ വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കണമെന്ന് നിബന്ധനയുള്ള 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.

അതായത് കെ റെയിലിന് എകെജി സെന്ററിന് മുന്നിലെ ഭൂമി ഏറ്റെടുത്താൽ ഇപ്പോഴത്തെ അടിസ്ഥാന വില രേഖകളിൽ നിന്ന് എടുത്താൽ അത് സെന്റിന് 25 ലക്ഷത്തിൽ ഉയരെ പോകാൻ ഒരു സാധ്യതയുമില്ല. അതുകൊണ്ട് തന്നെ അടിസ്ഥാന വിലയുടെ ഇരട്ടി നൽകിയാലും അത് അമ്പത് ലക്ഷത്തിൽ താഴെ മാത്രമാകും. ഭൂമി രജിസ്‌ട്രേഷന് സർക്കാരിന്റെ ന്യായ വില സമ്പ്രദായം ഉപയോഗിക്കുന്നതു കൊണ്ടാണ് ഇത്. അതുകൊണ്ട് തന്നെ യഥാർത്ഥ വില ഏറ്റെടുക്കലിൽ കിട്ടാൻ പോകുന്നില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് കുടിയിറക്കുന്നവർ പ്രതിഷേധവുമായി എത്തുന്നത്.

ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും മരങ്ങൾക്ക് വനംവകുപ്പുമാണ് വിലനിശ്ചയിക്കുന്നത്. അടിസ്ഥാനവില, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയുടെ വില, പ്രദേശത്തിന്റെ ഘടന അനുസരിച്ചുള്ള പ്രത്യേക വിഹിതം എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പോളവില നിശ്ചയിക്കുന്നത്. ഇതിന്റെ ഇരട്ടി ആശ്വാസധനത്തിന് അർഹതയുണ്ട്. അതായത് സെന്റിന് 25 ലക്ഷം വിപണി വില നിശ്ചയിച്ചാൽ കിട്ടുക അമ്പത് ലക്ഷം. സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങിയ ദിവസംമുതൽ ഭൂമിവിലയുടെ 12 ശതമാനം പലിശയ്ക്ക് ഭൂ ഉടമകൾക്ക് അർഹതയുണ്ട്. അതും ബാങ്ക് പലിശ മാത്രം.

സാമൂഹിക ആഘാത പഠന റിപ്പോർട്ടാണ് പദ്ധതിയുടെ കെറെയിലിന്റെ ഭാവി നിശ്ചയിക്കുന്നത്. പദ്ധതിയോട് എതിർപ്പുള്ള പ്രദേശവാസികൾക്ക് പഠനം നടക്കുന്ന വേളയിൽ ഇക്കാര്യം വ്യക്തമാക്കാം. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കും. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് സ്ഥലമേറ്റെടുക്കൽ വേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്. സമിതി ശുപാർശ ചെയ്താൽ സർക്കാർ പ്രാഥമിക വിജ്ഞാപനം ഇറക്കണം. ജില്ലാതല പർച്ചേസ് കമ്മിറ്റി രൂപവത്കരിച്ച് സ്ഥലവില സംബന്ധിച്ച് ഭൂ ഉടമകളുമായി ധാരണയിലെത്തണം. ഒരുവർഷമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ അന്തിമവിജ്ഞാപനം ഇറക്കണം.

ഒരുവർഷത്തിനുള്ളിൽ തുക കൈമാറി വസ്തു ഏറ്റെടുക്കണം. ഇതിൽ വീഴ്ച സംഭവിച്ചാൽ അതുവരെ നടന്ന നടപടികളെല്ലാം റദ്ദാക്കപ്പെടും. സാമൂഹിക ആഘാത പഠനം ആരംഭിച്ച സ്ഥിതിക്ക് രണ്ടരവർഷത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കേണ്ടതുണ്ട്. പ്രാഥമിക വിജ്ഞാപനം വന്നശേഷവും ഉടമയ്ക്ക് ഭൂമി വിൽക്കാം. തഹസിൽദാർക്ക് അപേക്ഷ നൽകിയാൽ ആധാരം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകും. വില നിശ്ചയിച്ച് അന്തിമവിജ്ഞാപനം ഇറങ്ങിയാൽ ഭൂമി കൈമാറ്റത്തിന് വിലക്ക് വരും.

കെ-റെയിൽ നഷ്ടപരിഹാര പാക്കേജിൽ കൂടുതൽ എതിർപ്പുയരുന്നത് ഗ്രാമപ്രദേശങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ചാണ്. സംസ്ഥാനത്തെ നഗരപ്രദേശങ്ങളും ഗ്രാമങ്ങളും തമ്മിൽ കാര്യമായ അകലമില്ലാത്തതിനാൽ കുറഞ്ഞ നഷ്ടപരിഹാരമാകും ഭൂ ഉടമകൾക്ക് കിട്ടുകയെന്ന് പദ്ധതിയെ എതിർക്കുന്നവർ ആരോപിക്കുന്നു. അവസാന മൂന്നുവർഷത്തെ ക്രയവിക്രയങ്ങൾ അടിസ്ഥാനമാക്കി വില നിശ്ചയിച്ചാലും കമ്പോളവില കിട്ടില്ലെന്നു പരാതിയുണ്ട്. അതുകൊണ്ടാണ് കെ റെയിലിനെതിരെ ശക്തമായ പ്രതിരോധം ഉയരുന്നത്.

എന്നാൽ ആരെതിർത്താലും സംസ്ഥാനത്ത് കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. സിപിഎം. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലും കെ റെയിൽ തന്നെയായിരുന്നു മുഖ്യമന്ത്രി പ്രധാനമായും ചർച്ചയാക്കിയത്. വികസനപദ്ധതികൾ നാടിന്റെ ഉയർച്ചക്ക് അനിവാര്യമാണ്. പുതിയ തലമുറകളുടെ ശോഭനമായ ഭാവിക്ക് ഇത്തരം പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കെ-റെയിൽ പദ്ധതിയിൽ കോൺഗ്രസിന്റെ അതൃപ്തി വികസന മുരടിപ്പിന്റെ പ്രതീകമാണ്. പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച സർവേകല്ലുകൾ പിഴുതെറിയുമെന്ന് കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കൾ പ്രഖ്യാപനം നടത്തിയതായി അറിഞ്ഞു. എതിർപ്പിന്റെ പ്രതീകമായി ചിലപ്പോൾ കുറച്ച് കല്ലുകൾ പിഴുതെറിയാൻ അവർക്ക് കഴിഞ്ഞേക്കും. എന്നാൽ പദ്ധതി മുമ്പോട്ട് പോകുകതന്നെ ചെയ്യും.

സർക്കാർ പിടിവാശി കാട്ടുന്നു, സ്ഥലം ഏറ്റെടുക്കുന്നവരൊക്കെ വഴിയാധാരമാകും എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. പക്ഷേ, ജനവിരുദ്ധമായ ഒരുകാര്യവും സർക്കാർ ചെയ്യില്ലെന്നുറപ്പുള്ള ജനത കെ-റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ പൂർണമായി സഹകരിക്കുമെന്ന ഉറപ്പുണ്ട്. ഒരിക്കലും നടപ്പിലാകില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പോലെയുള്ളവ നടപ്പിലാക്കി കാണിച്ച പാരമ്പര്യം സർക്കാരിനുണ്ടെന്നത് വികസന പദ്ധതികൾക്ക് തുരങ്കംവെക്കാൻ ശ്രമിക്കുന്നവർ മറക്കരുതെന്നും പിണറായി പറഞ്ഞു.