- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയിറക്കപ്പെടുന്നവരുടെ സാമൂഹിക ജീവിത സാഹചര്യവും നഷ്ടത്തിന്റെ തോതും കൃത്യമായി പരിശോധിക്കണം; ആളറിയാതെ സാമൂഹികാഘാത പഠനം നടത്താനാകില്ല; സുധാകരന്റെ വൊളന്റിയർ സേനയെ എങ്ങനെ നേരിടുമെന്ന ഭയത്തിൽ ഉദ്യോഗസ്ഥർ; കെ റെയിലിൽ പ്രതിസന്ധിയിലാകുന്നത് പാവങ്ങളും സർക്കാർ ജീവനക്കാരും
തിരുവനന്തപുരം : കെ-റെയിൽ പദ്ധതിയും അതിനോടുള്ള എതിർപ്പുകളും ഭരണ-പ്രതിപക്ഷ പേരാട്ടത്തിലേക്ക് മാറുകയാണ്. ഇതിൽ വെട്ടിലാകുന്നത് ഉഗ്യോഗസ്ഥരും. വിഷയത്തിൽ അതിശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം. യു.ഡി.എഫിന്റെ ശ്രമം പരാജയപ്പെടുത്താനുള്ള രാഷ്ട്രീയദൗത്യം സിപിഎം. ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ട് തന്നെ കേരളം സംഘർഷത്തിലേക്ക് വീഴാൻ സാധ്യത ഏറെയാണ്. നഷ്ടപരിഹാര പാക്കേജും പ്രശ്‌നങ്ങളെ കുറയ്ക്കില്ല.
കെ റെയിലിൽ അഞ്ചുജില്ലകളിൽ സാമൂഹിക ആഘാതപഠനത്തിന് വിജ്ഞാപനമിറങ്ങിക്കഴിഞ്ഞു. ഓരോ വീടുകളിലുമെത്തി അവരുടെ സാമൂഹിക ജീവിതസാഹചര്യം, നഷ്ടത്തിന്റെ തോത് എന്നിവയെല്ലാം കൃത്യമായി പരിശോധിക്കണം. പ്രതിഷേധമുള്ള സ്ഥലങ്ങളിൽ ആളറിയാതെ സർവേ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. എന്നാൽ, സാമൂഹികാഘാത പഠനത്തിൽ ജനങ്ങളെ നേരിട്ടു കാണണം. പ്രതിപക്ഷപ്പാർട്ടികൾ പ്രതിഷേധത്തിലാണ്. അതിനാൽ സർവ്വേയ്ക്കിറങ്ങുന്ന ഉദ്യോഗസ്ഥർ വലിയ പ്രതിസന്ധിയിലും.
കെ-റെയിൽ പദ്ധതി ഒരു യുദ്ധമായി കാണുകയും പടനയിക്കാൻ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങുകയും ചെയ്തസ്ഥിതിക്ക് ജനകീയമായി ഇതിനെ നേരിടണമെന്നാണ് യു.ഡി.എഫ്. തീരുമാനം. നഷ്ടപരിഹാരമായി നൽകുന്ന പണത്തിന്റെ കണക്ക് പെരുപ്പിച്ചുകാണിച്ച് പ്രതിഷേധങ്ങൾക്ക് തടയാനാണ് ശ്രമമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാണ് യു.ഡി.എഫ്. തീരുമാനം. ഇതിനുവേണ്ടി ഓരോ പ്രദേശങ്ങളിലും വൊളന്റിയർ സേനയെ രംഗത്തിറക്കാനും ആലോചിക്കുന്നുണ്ട്. ഇത് സംഘർഷങ്ങൾക്കും വഴിവയ്ക്കും.
ജനങ്ങളുടെ മനസ്സുമാറ്റാൻ സിപിഎമ്മും നേരിട്ടിറങ്ങും. ഭൂമിയും വീടും സ്ഥാപനങ്ങളും നഷ്ടമാകുന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് സിപിഎം. നേരത്തേ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിച്ചുകൊണ്ടാണ്, മികച്ച നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് പദ്ധതിക്കെതിരേയുള്ള എതിർപ്പിനെ ഇല്ലാതാക്കാനുള്ള പ്രക്രിയ മുഖ്യമന്ത്രി തുടങ്ങിയത്. പദ്ധതി സംബന്ധിച്ച് പാർട്ടി ഘടകങ്ങളിൽ കൃത്യമായ വിശദീകരണം സിപിഎം. നൽകിയിട്ടുണ്ട്. ലഘുലേഖ തയ്യാറാക്കി വീടുകളിലെത്തിച്ച് ബോധവത്കരണവും തുടങ്ങി.
അതിനാൽ, പ്രാദേശിക തലത്തിലടക്കമുള്ള എല്ലാ പാർട്ടി അംഗങ്ങളും ജനങ്ങളുന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് മറുപടിപറയാൻ സജ്ജരാണെന്നാണ് സിപിഎം. കണക്കാക്കുന്നത്. നഷ്ടപരിഹാരം സംബന്ധിച്ചും വ്യക്തതവന്നു. ഇനി പാതകടന്നുപോകുന്ന സ്ഥലങ്ങളിലെ എല്ലാവീടുകളിലും നിരന്തരം ഇടപെട്ട് പദ്ധതിക്ക് അനുകൂലമായി മനസ്സുമാറ്റാനുള്ള ശ്രമം പ്രവർത്തകർ നടത്തണമെന്നാണ് സിപിഎം. നിർദേശിച്ചിട്ടുള്ളത്.
അതിനിടെ സിൽവർ ലൈനിൽ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. സിൽവർലൈൻ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തിൽ ഭിത്തി നിർമ്മിക്കേണ്ടിവരും.അത് കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാർഗങ്ങൾ തടസ്സപ്പെടും. സർക്കാർ ചെലവ് കുറച്ച് കാണിച്ച് എന്തിനാണ് വസ്തുതകൾ മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന പ്രവർതതനങ്ങളിൽ സാവകാശം വേണം. വൻകിട പദ്ധതികളുടെ ഡിപിആർ പുറത്തു വിടില്ലെന്ന വാദം തെറ്റാണ്. താൻ തയ്യാറാക്കിയ പല പദ്ധതികളുടെയും ഡിപിആർ പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ