- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതിയിൽ ചെലവും നഷ്ടപരിഹാര തുകയും നിതി ആയോഗ് വിലയിരുത്തിയതിനെക്കാൾ വളരെ കുറവെന്നും റിപ്പോർട്ട്; വാർത്തകൾ ഇങ്ങനെ ആയാൽ പൗരപ്രമുഖരുടെ യോഗം ഫലം കാണില്ല! കിഫ്ബി മോഡലിൽ എല്ലാം ശരിയാക്കാൻ നീക്കം; കോടികളുടെ പരസ്യം കെ റെയിലിലും വന്നേക്കും; ചോദ്യങ്ങളുമായി ഹൈക്കോടതിയും
തിരുവനന്തപുരം: കിഫ്ബിയെ ജനകീയമാക്കിയ മാതൃകയിൽ സിൽവർ ലൈനിനേയും ഉയർത്തിക്കാട്ടാൻ സർക്കാർ നീക്കം. കിഫ്ബിയിൽ പത്രങ്ങളിലും ചാനലുകളിലും നൽകിയ പരസ്യങ്ങൾ വിവാദ ചർച്ചകൾ ഒഴിവാക്കി. ഇതേ മാതൃക സിൽവർലൈനിലും സ്വീകരിക്കാനാണ് നീക്കം. കെ റെയിലിന്റെ പ്രത്യേകതകളും മറ്റും വിശദീകരിച്ചുള്ള പരസ്യ പ്രചരണത്തിന് ്‌സർക്കാർ തുടക്കമിട്ടേക്കും. പത്രങ്ങൾക്കും ചാനലുകൾക്കും കോടികളുടെ പരസ്യം കൊടുക്കാനാണ് നീക്കം. ഇതോടെ കെ റെയിൽ വിരുദ്ധ വാർത്തകളുടെ ശക്തികുറയുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ തീരുമാനം എടുക്കും.
അതിനിടെ സിൽവർ ലൈൻ പദ്ധതിക്കായി 955.13 ഹെക്ടർ സ്ഥലം ഏറ്റെടുക്കണമെന്ന് അറിയാമെങ്കിൽ എന്തിനാണു സർവേ നടത്തുന്നതെന്നു ഹൈക്കോടതി ചോദിച്ചു. ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ്, ബ്ലോക്ക് നമ്പർ, സർവേ നമ്പർ, വില്ലേജ് തുടങ്ങിയ വിവരങ്ങൾ സർക്കാർ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. സർവേ ആൻഡ് ബൗണ്ടറീസ് നിയമ പ്രകാരം സർവേ നടക്കുകയാണെന്നു പറയുമ്പോൾ ഈ വിവരങ്ങൾ എങ്ങനെയാണ് ഉൾപ്പെട്ടതെന്നു സർക്കാർ വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഇതെല്ലാം ചർച്ചയാകുന്നത് കെ റെയിൽ വിരുദ്ധ വികാരം സൃഷ്ടിക്കുമെന്നതാണ് വിലയിരുത്തൽ.
എല്ലാ മുഖ്യധാരാ മാധ്യമങ്ങിലും കെ റെയിലിനെതിരെ നിരന്തരം വാർത്ത വരുന്നു. സിൽവർലൈൻ പദ്ധതിയിൽ ചെലവ്, നഷ്ടപരിഹാരം ഇനങ്ങളിൽ വിലയിരുത്തുന്ന തുക നിതി ആയോഗ് വിലയിരുത്തിയതിനെക്കാൾ വളരെ കുറവുണ്ടെന്നത് അടക്കം വാർത്ത വന്നു. യഥാർഥത്തിൽ വേണ്ടിവരുന്ന ചെലവുകൾ കുറച്ചുകാട്ടിയെന്നും നഷ്ടപരിഹാരം വേണ്ടതിലും വളരെ കുറവായാണ് കണക്കാക്കിയതെന്നും വിലയിരുത്തലുണ്ട്. സർക്കാർ ഇപ്പോൾ പറഞ്ഞ പാക്കേജ് പരിഗണിച്ചാൽപ്പോലും നിതി ആയോഗ് പറഞ്ഞത്രയും നഷ്ടപരിഹാരം വരുന്നില്ലെന്ന് ആക്ഷൻ കൗൺസിലും ചൂണ്ടിക്കാണിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കുമ്പോൾ 28,157 കോടി വേണ്ടിവരുമെന്ന് നിതി ആയോഗ് പറഞ്ഞിരുന്നു. സർക്കാർ വിശദപദ്ധതി റിപ്പോർട്ടിൽ പറയുന്നത് 13,265 കോടി മാത്രം. ഭൂമി കണ്ടെത്തിയ കെ-റെയിൽ അധികൃതർ, വില കുറഞ്ഞതും ജനങ്ങളെ ബാധിക്കാത്തതുമായ ഭൂവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ വിലനിർണയത്തിൽ അപാകമുണ്ടെന്നാണ് നിതി ആയോഗ് പറഞ്ഞത്. മാതൃഭൂമിയാണ് ഈ വാർത്ത കൊടുത്തത്. ഇത്തരം വാർത്തകൾ പാക്കേജിനെ പോലും സംശയത്തിലാക്കും. അതുകൊണ്ട് തന്നെ സർക്കാർ അനുകൂല പ്രചരണത്തിനും മാധ്യമങ്ങളിൽ പരസ്യം കൊടുക്കാനാണ് തീരുമാനം.
ഒൻപത് ജില്ലകളിലായി 50 ഗ്രാമങ്ങളിലെ ഭൂമിവില ശേഖരിച്ച് നിതി ആയോഗ് നടത്തിയ പരിശോധനയിലാണ് വിശദ പഠനറിപ്പോർട്ടിലെ വിലക്കുറവ് തെറ്റാണെന്നു കണ്ടെത്തിയത്. നാലുതരം ഭൂമികളാണ് ഈ മേഖലയിലുള്ളത്- വാണിജ്യ സ്വഭാവമുള്ളത്, വാസമേഖല, തോട്ടം, തണ്ണീർത്തടം. നിതി ആയോഗ് റിപ്പോർട്ടിന്റെ എട്ട്, ഒൻപത് പേജുകളിലാണ് ഇതേക്കുറിച്ച് പറയുന്നത്.
ഹൈക്കോടതിയുെ നിർണ്ണായകം
സിൽവർ ലൈൻ പദ്ധതിക്കായി ഏകപക്ഷീയമായും നിയമവിരുദ്ധമായും ഭൂമിയിൽ പ്രവേശിച്ച് അതിർത്തികൾ അടയാളപ്പെടുത്തുന്നെന്നാരോപിച്ച് ഏറ്റുമാനൂർ സ്വദേശി ബിനു സെബാസ്റ്റ്യൻ അടക്കമുള്ളവർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. സമാന ഹർജികൾക്കൊപ്പം പരിഗണിക്കാൻ ഈ മാസം 12ലേക്കു മാറ്റി.
വിജ്ഞാപനം അനുസരിച്ചു സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സർവേ തുടരുകയാണെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായി 11 സ്‌പെഷൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഓഫിസുകൾ സ്ഥാപിച്ച് 2021 ഓഗസ്റ്റ് 18ന് സർക്കാർ ഉത്തരവിട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമം 2013 ന്റെ വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയിട്ടുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നായി 1221 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബർ 30ന് സർക്കാർ മറ്റൊരു ഉത്തരവും ഇറക്കി.
ഈ ഉത്തരവുകൾ റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം. റെയിൽവേ നിയമം 1989 അനുസരിച്ച് ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കാതെ പദ്ധതിക്കായി ഭൂമിയിൽ പ്രവേശിക്കാൻ സംസ്ഥാന സർക്കാരിനും കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷനും അധികാരമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കായി തയ്യാറെടുപ്പും പ്രാഥമിക ജോലികളുമാണു നടക്കുന്നതെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അന്തിമ അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിക്കുകയുള്ളൂയെന്നും അനുമതി ലഭിക്കുമെന്നു സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും ചീഫ് സെക്രട്ടറി വി.പി.ജോയി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വൻ പദ്ധതിയായതിനാൽ ആവശ്യമായ തയ്യാറെടുപ്പുകളും പ്രാഥമിക ജോലികളും ചെയ്യേണ്ടതുണ്ടെന്നു സത്യവാങ്മൂലത്തിൽ അറിയിച്ചു. കൃത്യമായ രീതിയിൽ ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ പദ്ധതിയുടെ ഭാവിയെ ബാധിക്കുമെന്നതിനാലാണ് നടപടികൾ സ്വീകരിച്ചതെന്നും പൊതുതാൽപര്യം മുൻനിർത്തിയാണ് ഇതെന്നും സർക്കാർ പറഞ്ഞു. സാമൂഹിക ആഘാത പഠനം നടത്തുന്ന സംഘത്തിനു തിരിച്ചറിയാൻ അതിർത്തി കല്ലുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തമാണ് സ്‌പെഷൽ യൂണിറ്റുകൾക്കു നൽകിയിരിക്കുന്നതെന്നും വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ