കണ്ണൂർ : കെ.റെയിൽ മാടായി പാറയിലുടെ കടന്നുപോകുന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ വാദം വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു.കഴിഞ്ഞ ദിവസം പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിട്ടതോടെയാണ് പരിസ്ഥിതിക - ജൈവ പ്രാധാന്യമുള്ള മാടായിപ്പാറയെ തകർത്തു കൊണ്ടാണ് സിൽവർ ലൈൻ കടന്നു പോകുന്നതെന്ന് വ്യക്തമായത്. കെ-റെയിൽ പദ്ധതിയുടെ പ്രാഥമിക പരിശോധനകൾ പൂർത്തിയാകവേ, കണ്ണൂർജില്ലയിൽ പാതക്കുണ്ടാവുക 63 കിലോമീറ്റർ ദൈർഘ്യമാണ് ഇതിൽ മാടായിപ്പാറയിൽ തുരങ്കം വഴിയായിരിക്കും പാതയുണ്ടാക്കുക.

എന്നാൽ കെ.റെയിൽ - സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി മാടായിപ്പാറയിൽ സ്ഥലമേറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും സർവേ നടത്താനുള്ള കുറ്റികൾ സ്ഥാപിക്കുക മാത്രമേ ഇപ്പോൾ ചെയ്യുന്നുള്ളുവെന്നാണ് ജില്ലാസെക്രട്ടറി എം വി ജയരാജൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സ്ഥലത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്തും ഈ സ്ഥലം സമീപപ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന് നിൽക്കുന്നതുകൊണ്ടുമാണിതെന്നാണ് അവകാശവാദം തുരങ്കം നിർമ്മിക്കുമ്പോൾ മാടായിപ്പാറയിൽ വൻതോതിൽ മണ്ണ് നീക്കം ചെയ്യുകയും പാറയിലെ ജൈവവൈവിധ്യങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യില്ലേയെന്ന ചോദ്യത്തിന് കെ. റെയിൽ അധികൃതർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

പയ്യന്നൂർ മുതൽ ന്യൂമാഹിവരെ 25 വില്ലേജുകളിലൂടെയാവും പാത കടന്നുപോവുക. പള്ളിക്കുന്ന് മുതൽ പയ്യന്നൂർവരെയുള്ള പാതയുടെ അലൈന്മെന്റ് പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് പള്ളിക്കുന്ന്മുതൽ മാഹിവരെയുള്ള ഭാഗം. അലൈന്മെന്റ് പോയിന്റുകൾ എന്ന നിലക്ക് ഇതുവരെയായി 2650 കുറ്റികൾ സ്ഥാപിച്ചു. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. 'സോഷ്യൽ വൊളന്റിയർ ഹെൽത്ത് സർവീസസ്' എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല.

നൂറുദിവസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കരാർ. ഈ പ്രവർത്തനം നടത്തുന്ന വൊളന്റിയർമാർക്കുള്ള പരിശീലനം പൂർത്തിയായി. ആവശ്യമുള്ള ഉപകരണങ്ങളും അനുവദിച്ചു. ഈ പ്രവർത്തനം പൂർത്തിയായാൽ മാത്രമേ പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെയും വസ്തുവകകളുടെയും വിശദാംശങ്ങൾ ലഭിക്കൂവെന്നാണ് കെ. റെയിൽ അധികൃതർ അറിയിച്ചത്.പദ്ധതിയുടെ ജില്ലയിലെ ഓഫീസ് തെക്കിബസാറിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

വടക്കൻ കേരളത്തിൽ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള മാടായിപ്പാറ വികസനത്തിന്റെ പേരിൽ നശിപ്പിക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും യു.ഡി.എഫും നേരത്തെ സമരത്തിലാണ്.ഇവിടെ സ്ഥാപിച്ച സർവേ കുറ്റികൾ പിഴുതുമാറ്റുകയും കൂട്ടിയിട്ട് റീത്തു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ പഴയങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.