- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിലിന് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം; നേരിട്ടുള്ള സർവേ നടത്താതെ ഡിപിആർ തയാറാക്കിയത് എങ്ങനെ എന്ന് കോടതിയും; കുറ്റി നാട്ടുന്നതിന് മുമ്പ് സർവ്വേ തീർക്കണമായിരുന്നുവെന്ന നിരീക്ഷണവും സർക്കാരിന് തലവേദന; ആളുകൾ റീത്ത് വയ്ക്കുന്നതിന് കോടതിയെ പഴിചാരേണ്ടെന്നും പരാമർശം; കെ റെയിലിൽ മറുപടി പറയാൻ വിയർത്ത് സർക്കാർ
കൊച്ചി: കെ റെയിലിൽ സർക്കാരിന് വീണ്ടും തിരിച്ചടിയായി ഹൈക്കോടതി നിരീക്ഷണങ്ങൾ. എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയിൽ പോലെയൊരു പദ്ധതി നടപ്പാക്കാൻ ആകൂവെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച ഹൈക്കോടതി ചില നിർണ്ണായക ചോദ്യങ്ങളും ഉയർത്തി. പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കെ റെയിൽ എല്ലാ അർത്ഥത്തിലും സംശയത്തിലാവുകയാണ്.
സർവ്വേ നടത്തും മുമ്പേ എങ്ങനെ ഡിപിആർ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയൽ സർവേ പ്രകാരമാണ് ഡിപിആർ തയ്യാറാക്കിയതെന്ന് സർക്കാർ ഇതിന് മറുപടി നൽകി. കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായി. ഏരിയൽ സർവ്വേയുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. കേന്ദ്ര നിലപാട് അടുത്ത സിറ്റിംഗിൽ വ്യക്തമാക്കുമോ എന്നതാണ് നിർണ്ണായകം. കോടതിയുടെ ഇന്നത്തെ പരാമർശങ്ങൾ കേന്ദ്രത്തേയും സ്വാധീനിച്ചേക്കും.
ഡിപിആർ പരിശോധിക്കുകയാണെന്നും വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണൽ സോളിസ്റ്റിർ ജനറൽ ഇന്ന് കോടതിയെ അറിയിച്ചത്. കെ റെയിലിനോട് സാങ്കേതിക രേഖകൾ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു. ഇതോടെ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന സംസ്ഥാന സർക്കാർ വാദങ്ങളും സംശയ നിഴിലായി. ഹർജി നൽകിയവരുടെ ഭൂമിയിലെ കെ-റെയിൽ സർവേ ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നാല് ഹർജികളിലായി പത്ത് പേരാണ് സർവേ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇവരുടെ ഭൂമിയിലെ സർവേ നടപടികളാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമവാദം കേട്ടുള്ള വിധി വരാനിരിക്കുന്നതേയുള്ളു. ഫെബ്രുവരി ഏഴിൽ കേസിൽ വിശദമായ വാദം കേൾക്കും. അതുവരെ ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികളാണ് കോടതി തടഞ്ഞിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്താകെ നടക്കുന്ന കെ-റെയിൽ സർവേ നടപടികൾ കോടതി തടഞ്ഞിട്ടില്ല. കോടതിക്ക് മൂന്നിൽ എത്തിയവരുടെ കാര്യത്തിൽ മാത്രമാണ് കോടതി തീരുമാനം എടുത്തിരിക്കുന്നത്.
സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം നടപടിക്രമങ്ങൾ പൂർത്തീകരിച്ചല്ല സർവേ നടക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ സർവേ ആൻഡ് ബൗണ്ടറീസ് ആക്റ്റിലെ സെക്ഷൻ നാല് പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നുണ്ടെന്നും കെ-റെയിൽ എന്ന് എഴുതിയ മഞ്ഞ കല്ലുകൾ സ്ഥാപിക്കുന്നത് ചട്ടവരുദ്ധമല്ല എന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
കേസിൽ എതിർ സത്യവാങ്മൂലവും സർക്കാർ നൽകിയിട്ടുണ്ട്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് നിയമപരമാണെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ എടുത്തിരിക്കുന്നു. കോൺക്രീറ്റ് കല്ലുകൾ ഉപയോഗിച്ചുള്ള സർവേ നടപടികൾ തടയാൻ കഴിയില്ലെന്ന് രേഖാമൂലം തന്നെ ഈ നിലപാട് സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചിരിക്കുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമവാദം കേട്ട് തീരുമാനമെടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
സർവ്വേ നടത്തും മുമ്പ് ഡിപിആർ തയ്യാറാക്കിയോ എന്നായിരുന്നു ഹൈക്കോടതി ഇന്ന് സർക്കാരിനോട് ചോദിച്ചത്. ഡിപിആർ തയ്യാറാക്കും മുമ്പ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
ഏരിയൽ സർവ്വേ പ്രകാരണമാണ് ഡിപിആർ തയ്യാറാക്കിയതെന്നാണ് സർക്കാർ വിശദീകരണം. ഇപ്പോഴും സർവേ നടക്കുന്നു എന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു, റിമോട്ട് സെൻസിങ് ഏജൻസി വഴിയാണ് സർവേ നടത്തുന്നത്. ഏരിയൽ സർവേയ്ക്ക് ശേഷം ഇപ്പോൾ ഫിസിക്കൽ സർവേ നടക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.
എന്നാൽ സർവ്വേ എങ്ങനെ ആണ് നടത്തുന്നത് ഇപ്പോഴും വ്യക്തം അല്ലെന്നും, കുറ്റി നാട്ടുന്നതിന് മുമ്പ് സർവ്വേ തീർക്കണമായിരുന്നു എന്നും കോടതി നിലപാടെടുത്തു. ഇപ്പോൾ കുറ്റികൾ നാട്ടുന്നില്ല എന്ന് കെ റെയിൽ കോടതിയെ അറിയിച്ചു. ആളുകൾ കോടതി ഉത്തരവ് മറയാക്കി കുറ്റികൾ എടുത്തു കളയുന്നു എന്ന് സർക്കാർ പരാതിപ്പെട്ടപ്പോൾ അങ്ങനെയുണ്ടെങ്കിൽ സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
ആളുകൾ റീത്ത് വച്ചാൽ സർക്കാരിന് നിയമ നടപടി സ്വീകരിക്കാം, അതിനു കോടതിയെ പഴി ചാരിയിട്ട് കാര്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രാഥമിക സർവ്വേക്ക് പോലും കേരള സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാർ വാദിക്കുന്നു. എന്നാൽ കേന്ദ്രസർക്കാർ നൽകിയ തത്വത്തിൽ ഉള്ള അനുമതിയുടെ അടിസ്ഥാനത്തിൽ ആണ് സർവ്വേ നടക്കുന്നത് എന്ന് സർക്കാർ മറുപടി നൽകിയിരുന്നു.
ഏരിയൽ സർവ്വേ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച ഹൈക്കോടതി ഏരിയൽ സർവ്വേ അടിസ്ഥാനത്തിൽ എങ്ങനെ ആണ് ഡിപിആർ തയാറാക്കുക എന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. ഏതൊക്കെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക എന്ന് മനസിലാക്കാനാണ് സർവ്വേയെന്ന് സർക്കാർ മറുപടി നൽകി. കോടതിയുടെ പരാമർശങ്ങൾ തിരിച്ചടി ആകുന്നു എന്നും സർക്കാർ പരാതിപ്പെട്ടു.
100 കോടിയുടെ മുകളിൽ ഉള്ള പദ്ധതിക്ക് കേന്ദ്രത്തിനു തത്വത്തിൽ അംഗീകാരം നൽകാൻ ആവില്ല എന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മാഹിയിൽ കൂടി റെയിൽ പോകുന്നതുകൊണ്ട് ഇതൊരു അന്തർ സംസ്ഥാന പദ്ധതി ആണെന്നും അതിനാൽ കേരളത്തിന് മാത്രമായി തീരുമാനം എടുക്കാൻ ആവില്ല എന്നുമാണ് ഹർജിക്കാർ പറയുന്നത്.
വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണം എന്ന് സർക്കാർ കോടതിയോട് അപേക്ഷിച്ചു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രം ആണ് സർവേ നടത്തുന്നത് എന്നും ഏറ്റെടുക്കാൻ വേണ്ടിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർവ്വേ പൂർത്തിയാകാതെ 955 ഹെക്ടർ ഏറ്റെടുക്കാൻ എങ്ങനെ അനുമതി നൽകുമെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇപ്പോൾ നടക്കുന്ന സർവ്വേയുടെ സ്വഭാവം എന്താണെന്നും കോടതി ചോദിച്ചു.
ഡിപിആർ പരിശോധന പൂർത്തിയായിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഡിപിആർ തയാറാക്കിയതിനെ കുറിച്ച് സർക്കാർ വിശദീകരിക്കണം, നേരിട്ടുള്ള സർവേ നടത്താതെ ഡിപിആർ തയാറാക്കിയത് എങ്ങനെ എന്നും കോടതി ചോദിക്കുന്നു. ഇതെല്ലാം സർക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളാണ്.
മറുനാടന് മലയാളി ബ്യൂറോ