തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി ബജറ്റിൽ വകയിരുത്തി. പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് ഉടൻ കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷിയാണ് ഇതെന്നും ധനമന്ത്രി പറയുന്നു. അതായത് കെ റെയിലുമായി മുമ്പോട്ട് പോകാനാണ് തീരുമാനം. കെ എസ് ആർ ടിസിക്ക് ആയിരം കോടിയുടെ പാക്കേജുമുണ്ട്.

ഇടുക്കി, വയനാട്, കാസർകോട് എയർ സ്ട്രിപ്പുകൾക്ക് 4.5 കോടിയും വകയിരുത്തി. ഉഡാൻ പദ്ധതിയിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. ശബരിമല ഗ്രീൻഫിൽഡ് വിമാനത്താവളത്തിന്റെ ഡിപിആർ തയ്യാറാക്കാൻ രണ്ട് കോടിയും അനുവദിച്ചു. ഈ പദ്ധതിക്കും കേന്ദ്രാനുമതി കിട്ടിയിട്ടില്ല. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി. ജലമെട്രോയ്ക്കും സാമ്പത്തിക സഹായം അനുവദിച്ചു.

നിലവിലുള്ള ഓട്ടോകൾ ഇ ഓട്ടോയിലേക്ക് മാറും. ഇതിനായി വണ്ടിയൊന്നിന് 15000 രൂപ സബ്‌സിഡി നൽകും. പദ്ധതിയുടെ അൻപത് ശതമാനം ഗുണോഭക്താക്കൾ വനിതകളായിരിക്കും. പതിനായിരം ഇഒട്ടോകൾ പുറത്തിറക്കാനാണ് സാമ്പത്തിക സഹായം. ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോർവാഹനവകുപ്പിന് 44 കോടി നൽകും. സംസ്ഥാനത്തെ പൊതു ഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും

വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ തടഞ്ഞു കെഎസ്ആർടിസിയെ ലാഭത്തിലാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും

തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാൻ ഫണ്ട് വകയിരുത്തി.

അഴീക്കൽ, കൊല്ലം, ബേപ്പൂർ,പൊന്നാനി തുറമുഖങ്ങൾ 41.5 കോടി, വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം, ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടരകോടി, ബേപ്പൂർ തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് 15 കോടി ഇങ്ങനെ പോകുന്ന പ്രഖ്യാപനങ്ങൾ. അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് തൊഴിൽ ലഭിക്കുന്നതിനായി വർക്ക് നിയർ ഹോം നടപ്പിലാക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനമുണ്ട്.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി അമ്പത് കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ളത്. വർക്ക് നിയർ ഹോം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്ക് തൊഴിൽ ഉറപ്പാക്കും. കോവിഡ് കാലത്ത് വ്യാപകമായ വർക്ക് ഫ്രം ഹോം വീട്ടമ്മമാർക്ക് ഏറെ ഫലപ്രദമായിരുന്നു എന്ന വിലയിരുത്തലാണ് പുതിയ പദ്ധതിയെ കുറിച്ച് സർക്കാരിനെ ചിന്തിപ്പിച്ചത്.ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള കമ്പനികൾക്ക് വേണ്ടി ഓൺലൈനായി ജോലി ചെയ്യാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഐടി അധിഷ്ഠിത സൗകര്യങ്ങളുള്ള തൊഴിൽ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങൾ ആരംഭിക്കുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാർക്കുൾപ്പടെ തൊഴിൽ ലഭിക്കും. പദ്ധതിക്കായി അമ്പത് കോടിയാണ് ബഡ്ജറ്റിൽ നീക്കി വച്ചിട്ടുള്ളത്.