- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമി ഏറ്റെടുക്കരുത്; അനുമതി നൽകിയത് ഡിപിആർ പഠനത്തിന് മാത്രം; പരിസ്ഥിതിയെ കുറിച്ച് ആശങ്കയുണ്ട്; റെയിൽവേ ഭൂമി വിട്ടു കൊടുക്കാനും തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി; ലോക്സഭയിൽ തർക്കിച്ച് ആരിഫും യുഡിഎഫ് എംപിമാരും; കെ റെയിൽ നടപ്പാകാൻ സാധ്യതയില്ലാ പദ്ധതി തന്നെ
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനിനു വേണ്ടി സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് വിശദമായ ഡിപിആർ തയ്യാറാക്കാനാണ്. അത് പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള അനുമതിയായി കാണരുത്. പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. ഇതോടെ പദ്ധതി തന്നെ ആശങ്കയിലാവുകയാണ്.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ചത്. പദ്ധതിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത് പ്രാഥമിക അംഗീകാരം മാത്രമാണ്. പദ്ധതിക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തി റിപ്പോർട്ടും വിശദമായ ഡിപിആറും തയ്യാറാക്കുകയും സാദ്ധ്യതാ പഠനം നടത്തുകയും ചെയ്യാൻ വേണ്ടി മാത്രമാണ് ഈ അംഗീകാരം. മറിച്ച് ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടു പോകാനുള്ള അനുമതിയില്ല. ഈ പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടുകൊടുക്കുമെന്നുള്ള അർത്ഥവും ഇതിനില്ല. പദ്ധതിയെക്കുറിച്ച് ഇ ശ്രീധരൻ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ശ്രീധരന്റേയും ജനങ്ങളുടെയും ആശങ്കകൾ കേന്ദ്ര സർക്കാർ പരിഗണിക്കും. ഇതിനൊപ്പം പാരിസ്ഥിതകയായ പ്രശ്‌നങ്ങളും കണക്കിലെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വ്യക്തമായ പാരിസ്ഥിതിക, സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടുകൾ കൂടി പഠിച്ച ശേഷം മാത്രമേ സർക്കാർ ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകാനുള്ള അനുമതി നൽകൂയെന്ന് മന്ത്രി സഭയിൽ പറഞ്ഞു. ലോക്‌സഭയിൽ സിൽവർലൈൻ പദ്ധതിയെച്ചൊല്ലി എൽഡിഎഫും യുഡിഎഫും തർക്കമുണ്ടായി.
പദ്ധതിയെ എതിർത്തുകൊണ്ട് യുഡിഎഫ് എംപിമാർ സംസാരിച്ചപ്പോൾ സിൽവർലൈനിനെ അനുകൂലിച്ച് എ എം ആരിഫ് എംപി രംഗത്തു വന്നു. പദ്ധതി ആദ്യം റെയിൽവേയുടെ ഭാഗമായിരുന്നു. പിന്നീടത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണ് കേന്ദ്ര സർക്കാർ ഇതിനെതിരെ വികസനവിരുദ്ധമായ നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നും എ എം ആരിഫ് ആരോപിച്ചു.
എന്നാൽ ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്കു കടക്കാൻ റെയിൽവേ മന്ത്രാലയം താൽപര്യപ്പെടുന്നില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠന റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാകും സർക്കാർ അന്തിമ കൈക്കൊള്ളുകയെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ.റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് മുസ്്ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എംപി.യും ആവശ്യപ്പെട്ടു.
യാതൊരു തരത്തിലും ഈ പദ്ധതിയെ നീതികരിക്കാൻ കഴിയുന്നതല്ല. കേരളത്തിൽ അത് വലിയ ദുരന്തങ്ങൾ വരുത്തിവെക്കും. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടും. ഇതിനു മുടക്കുന്ന തുകയും അതിൽ നിന്ന് തിരിച്ചു ലഭിക്കുന്ന വരുമാനവും തമ്മിൽ സാമ്പത്തികമായി പ്രായോഗികമല്ല. പല പരിസ്ഥിതി പ്രവർത്തകരും ഇതിനകം ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വളരെയേറെയാണ്. ഇതു കണക്കിലെടുത്തു കേന്ദ്ര സർക്കാർ കേരള സർക്കാരിനെ ഈ പദ്ധതിയിൽ നിന്നും പിന്തിരിപ്പിക്കണം. കേരളത്തിൽ മുടങ്ങിക്കിടക്കുന്ന പ്രധാന റെയിൽവേ പദ്ധതികളാണ് നിലമ്പൂർ-നഞ്ചൻഗോഡ്, മൈസൂരു തലശ്ശേരി റെയിൽ പാത. ഈ രണ്ട് പദ്ധതികളും വയനാട് വരെ രണ്ടു പദ്ധതികളായി അവിടെ നിന്ന് മൈസൂരു വരെ ഒരു പദ്ധതിയായും നടപ്പിലാക്കിയാൽ സാമ്പത്തികമായി വളരെയേറെ ഗുണം ചെയ്യും.
കേരള സർക്കാർ ഇത്തരത്തിലൊരു നീക്കത്തിന് അനുകൂലമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനു കേന്ദ്രം സന്നദ്ധമാകണം. കേരളത്തിലെ ചെറിയ സ്റ്റേഷനുകളുടെ കാര്യം വളരെ പരിതാപകരമാണ് ഷൊർണൂർ മംഗലാപുരം മേഖലയിൽ ഇപ്പോഴത്തെ സ്പീഡ് ലിമിറ്റ് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഇ.ടി പറഞ്ഞു. ബജറ്റിൽ പാസാക്കുന്നത് നടപ്പിലാക്കുന്ന കാര്യത്തിൽ വർഷങ്ങൾ കഴിഞ്ഞാലും സാധ്യമാകുന്നില്ല എന്ന സ്ഥിതിയാണുള്ളത്. കുറ്റിപ്പുറം റെയിവേ സ്റ്റേഷന് കെട്ടിടം പുതുക്കി നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടും ഇതുവരെയും നടപ്പിലായിട്ടില്ല. തിരൂർ റെയിൽവേ സ്റ്റേഷനിൽ വളരെ വൈകിയാണെങ്കിലും ലിഫ്റ്റിന്റെ പ്രവർത്തിക്കായുള്ള ടെണ്ടർ ചെയ്തിട്ടുണ്ട്. അതും വളരെ വൈകിയാണ് ചെയ്തത്.
റെയിൽവേ ഭൂമിക്ക് സമീപം താമസിക്കുന്നവർക്ക് കെട്ടിടം നിർമ്മിക്കുന്നതിനും മറ്റും അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വളരെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. റെയിൽവേയിൽ വലിയതോതിലുള്ള സ്വകാര്യവത്കരണം നടക്കുകയാണ്. സ്വകാര്യവൽക്കരണത്തെ ഞങ്ങൾ പൂർണ്ണമായും എതിർക്കുന്നവരല്ല പക്ഷേ സ്വകാര്യവൽക്കരണം വരുമ്പോൾ അതിന് നിയമപരമായി നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്. കോവിഡ് കാലത്തിനു മുമ്പ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിച്ചില്ല.
മലപ്പുറം ജില്ലയുടെ റയിൽവേ ആസ്ഥാനമായ തിരൂരിൽ രാജധാനി ഉൾപ്പെടെയുള്ള പല ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും ജനസഖ്യയുള്ള ജില്ലയിലെ പ്രധാനപ്പെട്ട തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ