തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നവരെ അടിച്ചൊതുക്കുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നു. അതിനിടെ സിപിഎം പുനർചിന്തനത്തിന് തയ്യാറാകുമെന്നാണ് സൂചന. കേരളത്തിലുട നീളം പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ഇത്. ശബരിമല പ്രക്ഷോഭ കാലത്ത് സ്ത്രീകൾ തെരുവിലിറങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് അടിതെറ്റി. കെ റെയിലിലും സ്ത്രീകളാണ് സമരത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. പ്രതിപക്ഷവും സമരത്തെ ഏറ്റെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരക്കാരെ നേരിടുന്നതിൽ പുനർചിന്തനത്തിന് സിപിഎം തയ്യാറെടുക്കുന്നത്.

റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളത്തിൽ ഇപ്പോൾ പ്രതിബന്ധങ്ങൾ കുറവാണ്. കുറച്ചു വസ്തു ഉള്ളവർ മാത്രമാണ് പ്രതിഷേധിച്ച് എത്തുന്നത്. എന്നാൽ റെയിൽവേയുടെ കാര്യം അങ്ങനെ അല്ല. തീവണ്ടി പാത എത്തുന്നതോടെ അതിന്റെ ഇരുവശത്തുമുള്ളവരുടെ ജീവിതം ദുസ്സഹമാകും. റോഡ് വികസനമെത്തിക്കുമെങ്കിൽ തീവണ്ടി പാത ദുരിതമാകും നൽകുന്നത്. അതുകൊണ്ട് കൂടിയാണ് സർക്കാരിന്റെ മോഹന വാഗ്ദാനങ്ങൾ സ്ഥലം നൽകേണ്ടവർ തള്ളുന്നത്. കൂടുതൽ ഭൂമിയുള്ളവനും നാടുവിട്ടു പോകേണ്ട അവസ്ഥയുണ്ടാക്കും. ഇത് സിപിഎം പരിശോധിക്കും. എങ്ങനേയും പുതിയ ഫോർമുല ഉണ്ടാക്കും. കെ റെയിൽ തൽകാലം ഉപേക്ഷിക്കില്ലെന്നും സൂചനയുണ്ട്.

വ്യാഴാഴ്ച ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു, പൊലീസ് നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 'സ്ത്രീകളെ മാത്രമല്ല, ആരെയും കയ്യേറ്റം ചെയ്യാൻ പാടില്ല. ജനവികാരത്തിനു സർക്കാർ എതിരാകരുത്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ജനങ്ങളോട് നിർവികാരത്തോടെ പ്രവർത്തിക്കരുത്.' ഗവർണർ പറഞ്ഞു. ഇതെല്ലാം പ്രതിഷേധങ്ങൾ ആളിക്കത്തിക്കുന്നു. ബിജെപിയും സമരത്തിൽ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ജനവികാരം കേരളത്തിലുടനീളം എതിരാകുമോ എന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്.

പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്ര നിലപാടും നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് കെ റെയിൽ സമരത്തിൽ കരുതലെടുക്കാനുള്ള നീക്കം. സർവ്വേ കല്ലുകൾ പിന്നീട് നാട്ടുകാർ പിഴുതെറിയുന്നു. മാടപ്പള്ളി ഭാഗത്ത് വ്യാഴാഴ്ച സ്ഥാപിച്ച സർവേ കല്ലുകളും പിഴുതു മാറ്റി. കോഴിക്കോട്ട് കല്ലായിയിലും പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച നാട്ടുകാർ അവ പിഴുതെറിഞ്ഞു. 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂരിൽ ഇന്നലെ സിൽവർലൈൻ സർവേ നടന്നില്ല. ഇവിടേയും സംഘർഷത്തിന് സാധ്യതയുണ്ട്.

അതിനിടെ മാടപ്പള്ളിയിൽ പൊലീസിന്റെ മർദനത്തിനിരയായവരെ യുഡിഎഫ് സംഘം സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരെ കണ്ട് വിവരങ്ങൾ ശേഖരിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കണ്ടു. 'മാടപ്പള്ളി മോഡൽ' സമരം കേരളം മുഴുവൻ ആവർത്തിക്കുമെന്ന് സതീശൻ പറഞ്ഞു.

സിൽവർലൈൻ വിരുദ്ധ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിനെതിരെ ലഭിച്ച പരാതികൾ പരിശോധിക്കണമെന്നു നിർദ്ദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സർക്കാരിനു കൈമാറും. ഇതും നിർണ്ണായകമാണ്. ഒട്ടേറെ പരാതികളാണ് ഗവർണർക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സർക്കാരിന്റെ തലവൻ എന്ന നിലയിൽ ഗവർണറോടു മുഖ്യമന്ത്രി വിശദീകരിക്കേണ്ടി വരും.

കെ റെയിലിന്റെ പേരിൽ വിജ്ഞാപനം ചെയ്യാത്ത ഭൂമിയിൽ കയറി കല്ലിടാൻ സർക്കാരിന് അധികാരമില്ലെന്നു കേരള ഹൈക്കോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ പറഞ്ഞു. സർക്കാരിന് അവകാശപ്പെടാൻ കഴിയാത്ത ഭൂമിയിൽ കയറി കല്ലിടാൻ ശ്രമിച്ചാൽ തടയാനും സ്വന്തം ഭൂമി സംരക്ഷിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാടപ്പള്ളിയിൽ സമര സ്ഥലത്ത് സോമിയ എന്ന 8 വയസ്സുകാരി കുട്ടിയെ കൊണ്ടുവന്നതിന് അമ്മ റോസ്ലിൻ ഫിലിപ്പിനെതിരെ പൊലീസ് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തു. അതിനിടെ ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസ് നേതാവ് വീണ എസ്.നായർ നൽകിയ പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഫയലിൽ സ്വീകരിച്ചു.