- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വിൽക്കാം; സ്ഥലം സർക്കാർ കെ റെയിലിനായി ഏറ്റെടുക്കുമ്പോൾ മൂന്നിരട്ടി വില ലഭിക്കും; ആ ലാഭം വാങ്ങുന്നവർക്ക് ലഭിക്കും! മനോജ് വർക്കിയുടെ പരിഹാസം വൈറലാകുന്നു; കെ റെയിലിൽ സോഷ്യൽ മീഡിയാ ചർച്ച കടുക്കുമ്പോൾ
കോട്ടയം: റോഡ് വികസനത്തെ പോലെ റെയിൽ പാതയ്ക്ക് ഭൂമി ആരും വിട്ടുകൊടുക്കില്ലെന്ന വാദം ശക്തമാക്കി കേരളത്തിലുടനീളം പ്രതിഷേധം ശക്തമാകുന്നു. മനോജ് വർക്കിയുടെ പോസ്റ്റ് പുതിയ ചർച്ചയാവുകയാണ്. കെ റെയിൽ പാത വരുന്ന സ്ഥലത്തെ സ്വന്തം വീട് വിൽക്കാൻ വെച്ച് മാടപ്പള്ളി സ്വദേശി മനോജ് വർക്കി. 60 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വിൽക്കുമെന്നാണ് മാടപ്പള്ളി സ്വദേശിയുടെ പ്രഖ്യാപനം. കെ റെയിലിനായി ഏറ്റെടുക്കുമ്പോൾ മൂന്നിരട്ടി വില ലഭിക്കുന്നതിനാൽ ആ ലാഭം വാങ്ങുന്നവർക്ക് ലഭിക്കുമെന്നും മനോജ് വർക്കി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
കെ റെയിലിനെ അനുകൂലിക്കുന്നവർ ഈ വീടും സ്ഥലവും വാങ്ങാൻ മുന്നോട്ട് വരണമെന്ന് മനോജ് വർക്കി ആവശ്യപ്പെട്ടു.കെ റെയിൽ പദ്ധതി മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ഇരട്ടി നഷ്ടപരിഹാരം ലഭിക്കുമെന്നും മുൻപത്തേക്കാൾ മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചരണങ്ങൾക്കിടെയാണ് ഭൂമി നഷ്ടപ്പെടുന്നയാളുടെ പ്രതികരണം. ഈ വീട് ആരെങ്കിലും വാങ്ങാനെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. കെ റെയിലിനെ അനുകൂലിക്കുന്ന ആർക്കും ഭൂമി നഷ്ടപ്പെടുന്നില്ലെന്ന ചർച്ചയും ശക്തമാണ്.
റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ കേരളത്തിൽ ഇപ്പോൾ പ്രതിബന്ധങ്ങൾ കുറവാണ്. കുറച്ചു വസ്തു ഉള്ളവർ മാത്രമാണ് പ്രതിഷേധിച്ച് എത്തുന്നത്. എന്നാൽ റെയിൽവേയുടെ കാര്യം അങ്ങനെ അല്ല. തീവണ്ടി പാത എത്തുന്നതോടെ അതിന്റെ ഇരുവശത്തുമുള്ളവരുടെ ജീവിതം ദുസ്സഹമാകും. റോഡ് വികസനമെത്തിക്കുമെങ്കിൽ തീവണ്ടി പാത ദുരിതമാകും നൽകുന്നത്. അതുകൊണ്ട് കൂടിയാണ് സർക്കാരിന്റെ മോഹന വാഗ്ദാനങ്ങൾ സ്ഥലം നൽകേണ്ടവർ തള്ളുന്നത്. കൂടുതൽ ഭൂമിയുള്ളവനും നാടുവിട്ടു പോകേണ്ട അവസ്ഥയുണ്ടാക്കും. അതുകൊണ്ടാണ് എതിർപ്പ് ശക്തമാകുന്നതും.
'കെ റെയിൽ പദ്ധതിക്ക് വേണ്ടി സ്ഥലം നൽകുന്നത് ഭാഗ്യമാണ്, വൻ തുക നഷ്ടപരിഹാരവും വേറെ വീടും ലഭിക്കുമ്പോൾ സമരം ചെയ്യുന്നത് എന്തിന്? കല്ലിടാനെത്തുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്, എന്റെ ഭൂമി കെ റെയിലിന് ഏറ്റെടുത്തിരുന്നെങ്കിൽ..' എന്നിങ്ങനെ പോകുന്നു കെ റെയിൽ അനുകൂലികളുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. ഇത്തരം വാദങ്ങൾ പ്രചരിക്കവെ കെ റെയിൽ പാത വരുന്ന സ്ഥലത്തെ സ്വന്തം വീടും പറമ്പും വിൽക്കാൻ വെച്ചിരിക്കുകയാണ് മാടപ്പള്ളി സ്വദേശി മനോജ് വർക്കി. 60 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വിൽക്കുകയാണെന്നും സ്ഥലം സർക്കാർ കെ റെയിലിനായി ഏറ്റെടുക്കുമ്പോൾ മൂന്നിരട്ടി വില ലഭിക്കുന്നതിനാൽ ആ ലാഭം വാങ്ങുന്നവർക്ക് ലഭിക്കുമെന്നും മനോജ് വർക്കി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
കെ റെയിലിനെ അനുകൂലിക്കുന്നവർ ഈ വീടും സ്ഥലവും വാങ്ങാൻ മുന്നോട്ട് വരണമെന്നാണ് പോസ്റ്റിൽ പറയുന്നത്.'ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്‌കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക,' മനോജ് വർക്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
വ്യാഴാഴ്ച ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ത്രീകളെ ഉൾപ്പെടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു, പൊലീസ് നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. 'സ്ത്രീകളെ മാത്രമല്ല, ആരെയും കയ്യേറ്റം ചെയ്യാൻ പാടില്ല. ജനവികാരത്തിനു സർക്കാർ എതിരാകരുത്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ജനങ്ങളോട് നിർവികാരത്തോടെ പ്രവർത്തിക്കരുത്.' ഗവർണർ പറഞ്ഞു. ഇതെല്ലാം പ്രതിഷേധങ്ങൾ ആളിക്കത്തിക്കുന്നു. ബിജെപിയും സമരത്തിൽ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ജനവികാരം കേരളത്തിലുടനീളം എതിരാകുമോ എന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്.
പദ്ധതിക്ക് അനുമതി നൽകിയിട്ടില്ലെന്ന കേന്ദ്ര നിലപാടും നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് കെ റെയിൽ സമരത്തിൽ കരുതലെടുക്കാനുള്ള നീക്കം. സർവ്വേ കല്ലുകൾ പിന്നീട് നാട്ടുകാർ പിഴുതെറിയുന്നു. മാടപ്പള്ളി ഭാഗത്ത് വ്യാഴാഴ്ച സ്ഥാപിച്ച സർവേ കല്ലുകളും പിഴുതു മാറ്റി. കോഴിക്കോട്ട് കല്ലായിയിലും പ്രതിഷേധം സംഘർഷത്തിലേക്കു വഴിമാറി. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച നാട്ടുകാർ അവ പിഴുതെറിഞ്ഞു. 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂരിൽ ഇന്നലെ സിൽവർലൈൻ സർവേ നടന്നില്ല. ഇവിടേയും സംഘർഷത്തിന് സാധ്യതയുണ്ട്. ഇതിനിടെയാണ് അതിശക്തമായ പ്രതികരണങ്ങളും ഉണ്ടാകുന്നത്.
കെ റെയിലിന്റെ പേരിൽ വിജ്ഞാപനം ചെയ്യാത്ത ഭൂമിയിൽ കയറി കല്ലിടാൻ സർക്കാരിന് അധികാരമില്ലെന്നു കേരള ഹൈക്കോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ പറഞ്ഞു. സർക്കാരിന് അവകാശപ്പെടാൻ കഴിയാത്ത ഭൂമിയിൽ കയറി കല്ലിടാൻ ശ്രമിച്ചാൽ തടയാനും സ്വന്തം ഭൂമി സംരക്ഷിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ