- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
63,941 കോടിയുടെ പദ്ധതി; കേന്ദ്രം പറയുന്നത് ചെലവ് ഒരു ലക്ഷം കടക്കുമെന്ന്; പക്ഷേ പ്രത്യേക ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പോലും കാശില്ലാത്ത പദ്ധതി! കെ റെയിലിലെ ജീവനക്കാരുടെ ദുരിതവും ചർച്ചകളിൽ; ശമ്പളം ഉടൻ നൽകുമെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ഇതാ ഒരു ശമ്പളമില്ലാ കഥയും. സർക്കാർ കണക്കു പ്രകാരം 63,941 കോടി രൂപയുടെ സിൽവർലൈൻ പദ്ധതി നടപ്പാക്കുന്ന കെറെയിലിൽ ആറുമാസമായി ഉദ്യോഗസ്ഥർക്കു ശമ്പളമില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമയാണ്. 11 ജില്ലകളിൽ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥർക്കാണു ശമ്പളം ലഭിക്കാത്തത്. ഇതിൽ നിന്നു തന്നെ കടമെടുത്ത് മുടിയലാണ് കെ റെയിലിലൂടെ കേരളം ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
അതിനിടെ ശമ്പളത്തിന് ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്നു കെറെയിൽ വ്യക്തമാക്കി. എന്നാൽ എല്ലാ ജില്ലകളിലും ശമ്പളം ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയില്ലെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയേറ്റെടുക്കലിനു മുന്നോടിയായ ഭരണപരമായ ചെലവുകൾക്കു 20.5 കോടി രൂപ സർക്കാർ കെ റെയിലിന് അനുവദിച്ചിരുന്നു. നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളിൽ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളച്ചെലവ് നൽകേണ്ടത് പദ്ധതി നടത്തുന്ന ഏജൻസിയാണ്. ഇതും പദ്ധതിച്ചെലവിന്റെ ഭാഗമാണ്. ഇതാണ് മുടങ്ങുന്നതെന്നാണ് റിപ്പോർട്ട്.
എന്നാൽ വായ്പ കിട്ടിയാൽ എല്ലാം സുഗമമാകുമെന്നാണ് കെ റെയിൽ പ്രതീക്ഷ. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ശമ്പളം ഇല്ലെന്ന വാർത്തയും എത്തുന്നത്. ഈ സാഹചര്യത്തിൽ അടുത്ത മാസങ്ങളിൽ സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെടും. നാണക്കേടുണ്ടാകുന്ന തരത്തിൽ ഒന്നും ചെയ്യുന്നില്ല. കെ റെയിലിലെ റവന്യൂ ഉദ്യോഗസ്ഥരാണ് കല്ലിടാൻ നാട്ടുകാർക്ക് മുമ്പിലേക്ക് എത്തുന്നത്. ഇവർക്ക് പ്രതിഷേധ ചൂട് നേരിടേണ്ടി വരുന്നു. ഇതിനൊപ്പമാണ് ശമ്പളമില്ലാ ദുരിതവും.
കെ- റെയിലിനായി സ്ഥലമെടുക്കുന്ന ഓഫീസുകളിലെ ജീവനക്കാർ ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധത്തിൽ മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജീവനക്കാർ കാസർകോഡ് പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി കെ- റെയിൽ വിവാദമായിരിക്കുകയാണ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ല് നാട്ടുന്നതിൽ ജനങ്ങളിൽ നിന്നും വൻ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്. അതിനിടയിലാണ് സ്ഥസം ഏറ്റെടുക്കുന്ന ഓഫീസ് ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്നത് പുറത്തുവരുന്നത്. കേരള എൻജിഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലാണ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തിയത്. ധർണ സംസ്ഥാന സെക്രട്ടറി വി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു.
അതിനിടെ കെ- റെയിലിനെ തുടർന്നുള്ള സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്കും മറ്റുമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് വിലയിരുത്തുന്നതിനായാണ് ഈ നടപടി. പാരിസ്ഥിതിക ആഘാതം എങ്ങനെ ഒഴിവാക്കാം എന്നത് കൂടി പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിന്റെ ഇതിന്റെ സാങ്കേതിക സാധ്യതകൾ കൂടി പരിഗണിച്ചശേഷം ആയിരിക്കും സർക്കാർ നടപടി കൈക്കൊള്ളുക.
അതിനിടെ കെ-റെയിലിനായി അടയാളക്കല്ല് സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നതിൽ തർക്കം നിലനിൽക്കുകയാണ്. കല്ലിടുന്നത് റവന്യൂ വകുപ്പാകാം എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്ന കെ-റെയിൽ അധികൃതരുടേതായി പുറത്തുവന്ന വാർത്ത റവന്യൂ മന്ത്രി കെ. രാജൻ തള്ളിയതോടെയാണ് വിവാദം തുടങ്ങിയത്. കല്ലിടാനുള്ള തീരുമാനം തങ്ങളുടേതല്ലെന്ന് കെ-റെയിലിന്റെ ഉത്തരവാദപ്പെട്ട ആരെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നീട് കല്ലിടലിന്റെ ഉത്തരവാദിത്തം കെ റെയിൽ ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് ശമ്പളമില്ലാ കഥയും ചർച്ചയാകുന്നത്.
സാധാരണ സർക്കാർ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നത് റവന്യൂ വകുപ്പാണ്. എന്നാൽ ഇവിടെ കെ റെയിൽ സ്വന്തമായി നടത്തുന്നു. ഈ സാഹചര്യത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരേയും കെ റെയിലിന് നിയമിക്കേണ്ടി വന്നത്. ഇതിലൂടെ രാഷ്ട്രീയ നിയമനങ്ങളും നടക്കും. ഇതെല്ലാം അനാവശ്യ ചെലവാണെന്ന വാദവും ശക്തമാണ്. ഈ സാഹചര്യത്തിൽ ശമ്പളം മുടങ്ങി ജീവനക്കാരുടെ പ്രതിഷേധം ഉണ്ടാകുന്നത് തടയാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ