തിരുവനന്തപുരം : ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്ത്. റെയിൽ പാത മുഖ്യമായും കടന്നു പോകുന്ന മധ്യ കേരളത്തിലെ പ്രബല സമുദായങ്ങളായ സഭകൾ കെ റെയിൽ വിരുദ്ധ സമരത്തെ അനുകൂലിക്കുകയും തങ്ങൾ ഇരകൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതും സർക്കാരിനെ വെട്ടിലാക്കി.

സീറോ മലബാർ കത്തോലിക്ക, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ , സി എസ് ഐ എന്നീ സഭകൾ പദ്ധതിക്കെതിരെ തുറന്ന നിലപാടുകളുമായി രംഗത്ത് വന്നിട്ടുണ്ട് - സിൽവർ ലൈൻ വിരുദ്ധ സമരങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വൈദികർ സമരക്കാർക്ക് പിന്തുണയുമായി രംഗത്തുണ്ട്. ചെങ്ങന്നൂരിൽ സമരക്കാർക്കൊപ്പം പങ്കെടുത്ത ഓർത്തഡോക്‌സ് വൈദികനും പൊലീസിന്റെ മർദ്ദനമേറ്റത് വൻ വിവാദമായിരുന്നു.

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ നടന്ന കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രദേശത്തെ ഒട്ടുമിക്ക ക്രിസ്ത്യൻ പുരോഹിതരും പങ്കെടുത്തിരുന്നു.
മാടപ്പള്ളിയിലുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുകയും, പൊലീസിന്റെ നടപടിയെ അപലപിക്കുകയും ചെയ്ത ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നിലപാടുകൾ സർക്കാരിനെ അമ്പരപ്പിച്ചിരിക്കയാണ്.

പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ മനസുകൾ നീറുകയാണ്. പദ്ധതിയുടെ ഇരകളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യംചെയ്യുകയും അവരെ നിശബ്ദരാക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് മാർ പെരുന്തോട്ടം ദീപിക പത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇരകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിൽകണ്ടു ബോധ്യപ്പെടാൻ പ്രസ്തുത സ്ഥലങ്ങൾ ഏതെങ്കിലും മതസമുദായ നേതാക്കൾ സന്ദർശിക്കുന്നതിനെ വിമർശിക്കുകയും അതിൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി ) യുടെ ജാഗ്രതാ കമ്മീഷനും പദ്ധതിക്കെതിരെ അതിരൂക്ഷമായി വിമർശിച്ചിരുന്നു.

ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. ചില വികസന പദ്ധതികളുടെ പേരിൽ എല്ലാം നഷ്ടപ്പെട്ട നിരവധിപ്പേർ ഇന്നും ജീവിച്ചിരിക്കുന്ന നാടാണ് കേരളം. വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ട ചരിത്രങ്ങൾ ഏറെയാണ്. അത്തരം മുന്നനുഭവങ്ങളുടെ പേരിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആകുലതകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്നും സർക്കാർ ഒഴിഞ്ഞുമാറരുതെന്ന് കെ സി ബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാദർ മൈക്കിൾ പുളിക്കൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികൾ പ്രായോഗികമാണോ എന്നുള്ളതിനും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന ഗതാഗത സൗകര്യമായ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി അപര്യാപ്തതകൾ കേരളത്തിന്റെ പ്രധാന പ്രതിസന്ധിയാണ്. ആവശ്യത്തിന് സൗകര്യമുള്ള റോഡുകളും, ഓവർബ്രിഡ്ജുകളും സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്ത അത്തരം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത് യുക്തമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.

പരിസ്ഥിതി - സാമൂഹിക പ്രവർത്തകർ മുതൽ സാധാരണക്കാർ വരെയുള്ള വലിയൊരു സമൂഹം കെ റെയിൽ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോൾ സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാൻ തയ്യാറാവുന്നതോടൊപ്പം വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ് നിർമ്മാണം പോലുള്ള മുൻ പദ്ധതികളിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഇനിയെങ്കിലും അർഹിക്കുന്ന നീതി നടപ്പാക്കി നൽകാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പും, കത്തോലിക്കാ മെത്രാൻ സമിതിയും സിൽവർ ലൈൻ പദ്ധതിക്കെതിരെ രംഗത്തു വന്നതോടെ കോട്ടയം, എറണാകുളം , പത്തനംതിട്ട എന്നി ജില്ലകൾക്കു പുറമേ കത്തോലിക്കർ തിങ്ങിപ്പാർക്കുന്ന മലബാറിലെ മലയോര മേഖലകളിലും സ്വാധീന മുള്ള കേരള കോൺഗ്രസ് (എം) ധർമ്മ സങ്കടത്തിലാണ്. സഭയുടെ നിലപാടിനെ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയിലാണ് പാർട്ടി അധ്യക്ഷൻ ജോസ് കെ മാണി. റെയിൽ പദ്ധതിക്ക് അനുകൂലമായോ പ്രതികൂലമായോ പറയാതെ ഒഴിഞ്ഞ് നടക്കയാണ് അദ്ദേഹം. പാർലമെന്റ് സമ്മേളനം നടക്കുന്നതു കൊണ്ട് മാധ്യമങ്ങളുടെ കണ്ണിൽ പൊടാതെ ഡൽഹിയിലാണിപ്പോ ജോസ് കെ മാണി.

സിൽവർ ലൈനക്കുറിച്ച് വിശദീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത പൗര പ്രമുഖരുടെ യോഗങ്ങളിൽ ഏതാണ്ട് പത്തോളം ബിഷപ്പുമാർ പങ്കെടുക്കുകയും പിണറായിയെ സ്തുതിച്ചു കൊണ്ട് അവരെല്ലാം യോഗത്തിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു.തിരുവനന്തപുരത്ത് ചേർന്ന പൗരപ്രമുഖരുടെ യോഗത്തിൽ മലങ്കര കത്തോലിക്ക സഭയുടെ കർദ്ദിനാൾ മാർ ക്ലിമ്മിസ്, ഓർത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, കോഴിക്കോട് നടന്ന യോഗത്തിൽ താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ തുടങ്ങിയവർ പങ്കെടുത്ത് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ പദ്ധതി പ്രദേശങ്ങളിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമായതോടെ പിണറായിയെ പിന്തുണച്ച ബിഷപ്പുമാർ മാളത്തിലൊളിച്ചു. ജന രോഷം ഭയന്ന് തുടക്കത്തിൽ പിന്തുണ നൽകിയ മതമേലധ്യക്ഷന്മാർ ഇപ്പോൾ പദ്ധതിക്ക് അനുകൂലമായി പ്രതികരിക്കാൻ തയ്യാറാവുന്നില്ല. ഏതാണ്ട് അവരെല്ലാം മാളത്തിലൊളിച്ച മട്ടാണ്.

ഇടത് അനുഭാവിയും യാക്കോബായാ സഭയുടെ തിരുവല്ല ഭദ്രാസന ബിഷപ്പുമായ ഗീവർഗീസ് മാർ കൂറിലോസും സിൽവർ ലൈൻ പദ്ധതിക്കെതിരെ പരസ്യ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്. കെ റെയിൽ പദ്ധതിക്കെതിരെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ യോഗത്തിൽ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസും പങ്കെടുത്തിരുന്നു. നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വികസന മാതൃകകൾ ആവശ്യമില്ലെന്നായിരുന്നു ഓർത്തഡോക്‌സഭ ചെങ്ങന്നൂർ ഭദ്രാസന ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് പറഞ്ഞത്.

എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഏകാധിപതിയുടേതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.മാർത്തോമ്മ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന മാരാമൺ കൺവെൻഷനിൽ സിൽവർ ലൈൻ പദ്ധതി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതാണെന്നും അതിൽ നിന്ന് പിന്മാറണമെന്നും സുവിശേഷ സംഘം പ്രസിഡണ്ട് യുയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപൊലീത്ത ആവശ്യപ്പെട്ടു. സിൽവർ ലൈനിനെതിരെ ആദ്യമായി രംഗത്തു വന്നതും മാർത്തോമ്മ സഭയായിരുന്നു.

വൻ തോതിൽ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്നതും അനേകായിരങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന പ്രബല മത വിഭാഗത്തിന്റെ നിലപാടിനെ ഒറ്റയടിക്ക് സർക്കാരിന് അവഗത്തിക്കാനുമാവില്ല. 2018- 19 കാലത്തെ ശബരിമല പ്രക്ഷോഭത്തിനെതിരെ പിണറായി സ്വീകരിച്ച കടുത്ത നിലപാട് മൂലം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം നിലം തൊടാതെ തകർന്നു പോയി. കെ - റെയിലിലും അത്തരമൊരു കടും പിടുത്തം സ്വീകരിച്ചാൽ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പച്ച തൊടാത്ത സ്ഥിതി പാർട്ടിക്കുണ്ടാവുമെന്ന് സി പി എമ്മിലെ ഒരു വിഭാഗം ഭയപ്പെടുന്നുണ്ട്.

അതു കൊണ്ട് സഭകളേയും സമുദായങ്ങളേയും പ്രകോപ്പിക്കേണ്ട എന്ന നിലപാടിലാണ് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾ . എന്നാൽ ഇക്കാര്യം പിണറായി വിജയന്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യമോ തന്റേടമോ പാർട്ടിയിലെ ബഹു ഭുരിപക്ഷം നേതാക്കൾക്കുമില്ല. അവരെല്ലാം വായില്ലാക്കുന്നിലപ്പന്മാരായി കഴിയുകയാണ്.