ചെങ്ങന്നൂർ: ഓഖി അടിച്ച ശേഷം പൂന്തുറയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രക്ഷപ്പെട്ടത് അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ കാറിലായിരുന്നു. ഇരട്ടച്ചങ്കന്റെ ആദ്യ പകർച്ച കണ്ടത് പൂന്തുറയിലായിരുന്നു. മത്സ്യ തൊഴിലാളികൾ അന്ന് കാട്ടിയ അതേ സമീപനത്തിലേക്ക് സിൽവർലൈൻ ഇരകളും എത്തുകയാണ്. വെള്ളം കുടിക്കുന്നത് മുഖ്യമന്ത്രി അല്ല. മറിച്ച് പ്രാദേശിക നേതാക്കളാണ്. സിൽവർ ലൈൻ നടപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചിരുന്നു. എന്നാൽ ഈ നേരിട്ടിറക്കം ഡൽഹിയിലേക്കായിരുന്നു. ആ ഓപ്പറേഷൻ പൊളിഞ്ഞു. ഇതിനൊപ്പമാണ് പ്രാദേശിക നേതാക്കളെ ഇറക്കി നാട്ടുകാരെ അനുയിപ്പിക്കാൻ തുടങ്ങിയത്. അതും പാളുന്നു.

സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന വെൺമണി പുന്തലയിൽ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെ തുരത്തി നാട്ടുകാർ. ഇതുവഴി ലൈൻ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കൽ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറഞ്ഞതു പാർട്ടിയിൽ വിവാദമായി. ഈ വീഡിയോ വൈറലാകുകയാണ്. ന്യായീകരിക്കാനെത്തിയ നേതാവ് ഒടുവിൽ സമരക്കാർക്കൊപ്പം ചേർന്നുവെന്നതാണ് വസ്തുത. കഴിഞ്ഞദിവസം വെൺമണി പഞ്ചായത്ത് 9ാം വാർഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ളവരെയാണു ശകാരവർഷവുമായി നാട്ടുകാർ നേരിട്ടത്.

ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും ഇവർ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിർബന്ധമാണെങ്കിൽ നിങ്ങളുടെ വസ്തു ഞങ്ങൾക്ക് എഴുതി തരൂ, അപ്പോൾ വീടു വിട്ടിറങ്ങാം എന്നും ചിലർ പറഞ്ഞു. ഇതോടെ പ്രാദേശിക നേതാക്കൾ പ്രതിസന്ധിയിലായി. ഇതിനിടെയാണ് ലോക്കൽ നേതാവിന്റെ അനുകൂല പ്രസംഗം. വിശദീകരണം ഉൾപ്പെടുത്തിയ ലഘുലേഖകൾ വാങ്ങാനും നാട്ടുകാർ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാനനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കൾ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താൻ എന്നു ലോക്കൽ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയിലുണ്ട്. വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ദൂരത്തിലാണു ലൈൻ കടന്നുപോകുന്നത്. 2.06 ഹെക്ടർ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും. ഈ മേഖലയിൽ സ്ഥലം ഏറ്റെടുപ്പിൽ എതിർപ്പ് രൂക്ഷമാകുകയാണ്. വെണ്മണി: കെ-റെയിൽ പദ്ധതി കടന്നുപോകേണ്ട വെണ്മണിയിൽ ഞായറാഴ്ച വിശദീകരണവുമായി എത്തിയ സിപിഎം. നേതാക്കളെയും ജനപ്രതിനിധികളെയും പടിയിറക്കിയത് ഇനി മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കല്ലിടൽ പോലെ വിശദീകരണവും സംഘർഷമായി മാറാൻ സാധ്യതയുണ്ട്.

ന്യായീകരണം കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയ്യാറല്ലെന്നും നാട്ടുകാർ പറഞ്ഞു. നിർബന്ധമാണെങ്കിൽ നേതാക്കളുടെ വസ്തു എഴുതി നൽകിയാൽ വീടുവിട്ടിറങ്ങാമെന്ന പരാമർശവുമുണ്ടായി. ഉത്തരമില്ലാതെനിന്ന ജനപ്രതിനിധിയടക്കമുള്ളവർ ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്നു പറഞ്ഞാണ് സ്ഥലംവിട്ടത്. വെണ്മണി, മുളക്കുഴ വില്ലേജ് പരിധിയിലായി ഒൻപതു കിലോമീറ്റർ ദൂരമാണ് കെ-റെയിൽ കടന്നുപോകേണ്ടത്. 67 വീടുകൾ പൂർണമായും 42 വീടുകൾ ഭാഗികമായും നഷ്ടപ്പെടും. നിലവിൽ 208 സർവേക്കല്ലുകൾ ഇട്ടിട്ടുണ്ട്.

വെൺമണി സിപിഎ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മുൻ ഏരിയാ കമ്മറ്റി അംഗവുമായ കെ എസ് ഗോപിനാഥാണ് കെ റെയിലിനെ പരസ്യമായി തള്ളിപ്പറയുന്നത്. കെ-റെയിലിൽ സർക്കാരിന്റെ നിലപാട് തെറ്റാണ് ഞാൻ കെ-റെയിലിനെ അനുകൂലിക്കുന്നില്ല നിങ്ങളുടെ ആരുടെയും സ്ഥലം പോകുന്നതിനോട് യോജിക്കുന്നില്ല എന്ന് ഗൃഹ സമ്പർക്കത്തിനിടയിൽ പരസ്യമായി അദ്ദേഹം പറുന്നത്. എനിക്ക് ഇതുവഴി കെ റെയിൽ ലൈൻ പോകുന്നതിനോട് യോജിപ്പുള്ള ആളല്ല.. ഞാൻ പരസ്യമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും സിപിഎം നേതാവ് വ്യക്തമാക്കുന്നു.

സിപിഎം പ്രവർത്തകർ പോലും പിണറായി സർക്കാർ ചെയ്യുന്ന ഈ ജനദ്രോഹ നടപടികൾക്കെതിരെ പരോക്ഷമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും പിണറായി വിജയനും ഇവിടെ ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും ഇത് നടപ്പിലാക്കിയേ തീരൂ എന്ന് കട്ടായം വാശിപിടിക്കുന്നതെന്തിന് വേണ്ടിയാണ് ആർക്കു വേണ്ടിയാണ്...? എന്ന ചോദ്യമാണ് ഇതോടെ സൈബർ ഇടങ്ങളിൽ ഉയരുന്നതും. അച്ചടക്കവാൾ ഉയർത്തി പുറത്താക്കാനാണെങ്കിൽ നിരവധി സിപിഎം നേതാക്കളെ പുറത്താക്കേണ്ടി വരുമെന്നുമാണ് ഈ വീഡിയോ വ്യക്തമാക്കുന്നത്.

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ. പിറവം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരേ നേരത്തെ സിപിഎം നടപടി സ്വീകരിച്ചിരുന്നു. തങ്കച്ചനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തിൽനിന്നും പുറത്താക്കിയാണ് പാർട്ടി പകപോക്കിയത്.