- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്നെ അറസ്റ്റ് ചെയ്യൂ ഭരതൻ എസ്ഐ എന്ന് ആറാം തമ്പുരാനിലെ ജഗന്നാഥൻ പറഞ്ഞ പോലെ റോഡിന്റെ നടുക്ക് കല്ലിടൂവെന്ന് കെ റെയിലുകാരോട് നാട്ടുകാർ; കൊഴുവല്ലൂരിലെ മന്ത്രി മന്ദിരം രക്ഷിക്കാൻ അലൈന്മെന്റ് 'റ' പോലെയാക്കിയപ്പോൾ കല്ല് വന്നത് തിരക്കേറിയ റോഡിന് നടുവിൽ! അടുക്കളയിൽ കല്ലിട്ടവർക്ക് റോഡിലിടാൻ മടി
ചെങ്ങന്നൂർ: ആറാം തമ്പുരാൻ സിനിമ കണ്ടവർ ഒരിക്കലും അതിലെ ഭരതൻ എസ്ഐ എന്ന കഥാപാത്രത്തെ മറക്കില്ല. നായകനായ ജഗന്നാഥനെ അറസ്റ്റ് ചെയ്യാൻ പാഞ്ഞു വരുന്ന ഭരതൻ എസ്ഐ ഒടുവിൽ ഒരു ഫോൺ വരുമ്പോൾ തിരിച്ചോടുന്നു. എന്നെ അറസ്റ്റ് ചെയ്യൂ ഭരതൻ എസ്ഐ എന്ന് പറഞ്ഞ് ജഗന്നാഥൻ പിന്നാലെ. ഇതിന് സമാനമായ കാഴ്ചകൾ കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ നാടായ കൊഴുവല്ലൂരിൽ അരങ്ങേറി.
മന്ത്രി മന്ദിരവും സഹോദരന്റെ വീടും രക്ഷിക്കാൻ വേണ്ടി ഇവിടെ കെ റെയിൽ അലൈന്മെന്റ് രണ്ടു തവണ മാറ്റിയപ്പോൾ ഭൂതംകുന്ന് കോളനിയിൽ നിന്ന് 'റ' ആകൃതിയിൽ വളച്ചൊടിക്കേണ്ടി വന്നു. അങ്ങനെ കല്ലിട്ട് വന്നപ്പോൾ രണ്ടെന്നം ഇടേണ്ടത് തിരക്കേറിയ റോഡിൽ. ഇവിടെ കല്ലിടാതെ മാർക്കിങ് മാത്രം നടത്തി പോകാനൊരുങ്ങിയ ഉദ്യോഗസ്ഥരോട് കല്ലിടാൻ നാട്ടുകാർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കെ-റെയിൽ വിരുദ്ധ സമര വാർത്തകൾക്കൊപ്പം വന്ന ദൃശ്യങ്ങളിൽ ഏറ്റവും ദയനീയമായി തോന്നിയതുകൊഴുവല്ലൂർ പള്ളിക്ക് സമീപം മൂന്നു സെന്റിൽ താമസിക്കുന്ന തങ്കമ്മയെന്ന വയോധികയുടെ അടുപ്പ് കല്ല് പൊളിച്ചു മാറ്റി അവിടെ കെ-റെയിൽ കുറ്റി സ്ഥാപിച്ചതായിരുന്നു.
അന്തിയുറങ്ങുന്ന കൂരയിൽ സ്ഥലമില്ലാത്തതിനാൽ പുറത്ത് അടുപ്പു കൂട്ടിയാണ് തങ്കമ്മ ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ അടുപ്പു കല്ല് ഇളക്കി മാറ്റി അതിനുള്ളിലാണ് ഉദ്യോഗസ്ഥർ കെ-റെയിലിന്റെ കല്ല് സ്ഥാപിച്ചത്. ഇതു പോലെ മറ്റു പല വീടുകളുടെയും അടുക്കളയിലും ചായ്പിലുമൊക്കെ ഉദ്യോഗസ്ഥർ കല്ലിട്ടു പോയിരുന്നു. മന്ത്രി സജി ചെറിയാന് വേണ്ടി അലൈന്മെന്റ് മാറ്റി എന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി ആരോപിക്കുന്ന ഭൂതംകുന്ന് കോളനി ഭാഗത്ത് കല്ലിടാൻ വേണ്ടി മാർക്ക് ചെയ്തതുകൊഴുവല്ലൂർ-കാരയ്ക്കാട് റോഡിന്റെ മധ്യത്തിലായിരുന്നു.
റോഡിന്റെ നടുവിലും വശത്തുമായി രണ്ട് കല്ലുകളാണ് സ്ഥാപിക്കേണ്ടിയിരുന്നത്. കുഴിയെടുക്കാൻ വേണ്ടി ഈ ഭാഗത്ത് വട്ടമിടുകയും ചെയ്തു. എന്നാൽ, റോഡ് കുഴിച്ച് കല്ലിടാൻ ഉദ്യോഗസ്ഥർ തയാറായില്ല. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങിയതെന്ന് സമര സമിതി ആരോപിക്കുന്നു. മൂന്നു സെന്റുള്ള വയോധികയുടെ അടുപ്പു കല്ലിളക്കി അവിടെ കെ-റെയിൽ കല്ലു സ്ഥാപിച്ചവർ എന്തു കൊണ്ടാണ് റോഡിൽ കല്ലിടാതിരുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.
റോഡിൽ കല്ലിട്ടാൽ അത് പിഴുതു മാറ്റാൻ ആരും മുന്നോട്ടു വരുമായിരുന്നില്ല. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെടും. ഇക്കാര്യം മനസിലാക്കിയാണ് റോഡിൽ കല്ലിടുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ മന്ത്രി വിലക്കിയത് എന്നാണ് ആക്ഷേപം. സജി ചെറിയാന്റെ മൂത്ത സഹോദരൻ റെജി ചെറിയാന്റെ കിടപ്പാടം സംരക്ഷിക്കുന്നതിന് വേണ്ടി ഭൂതംകുന്ന് കോളനിയിൽ നിന്ന് അലൈന്മെന്റ് യു-ടേൺ അടിച്ചതോടെയാണ് റോഡിന് നടുവിൽ കല്ലിടേണ്ട സാഹചര്യം വന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്