കൊച്ചി: സിൽവർലൈനിൽ സർവ്വേ തുടരാൻ സുപ്രീംകോടതിയുടെ അനുമതി. ഇതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി. അതിനിടെ മറ്റ് ചില ചോദ്യങ്ങൾ ഹൈക്കോടതി ഉയർത്തുന്നു. ജനങ്ങളെ മുൻകൂട്ടി അറിയിക്കാതെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തുന്നത് ശരിയല്ലെന്നാണ് ഹൈക്കോടതി നിലപാട്. എല്ലാം നിയമപരമായി ചെയ്യണം. കെ റെയിൽ പദ്ധതിക്ക് ഹൈക്കോടതി എതിരല്ലെന്നും വിശദീകരിച്ചു. സുപ്രീംകോടതിയുടെ തീരുമാനങ്ങൾ സംസ്ഥാന സർക്കാരിന് ആശ്വാസമാണ്. എന്നാൽ ഹൈക്കോടതിയുടെ പരാമർശം വെല്ലുവളിയും.

കെ റെയിൽ എന്നെഴുതിയ കല്ലിടുന്നതിന് അനുമതിയില്ലെന്ന സൂചനയും ഹൈക്കോടതിയിൽ നിന്ന് വരുന്നു. മുൻകൂട്ടി അനുമതി ഇല്ലാതെ സ്വകാര്യ വ്യക്തികളുടെ വീട്ടിൽ കയറി കല്ലിടരുതെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിയമപരമായി കല്ലിടണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കരുത്. കോടതിക്ക് രാഷ്ട്രീയമില്ല. നിയമം നടപ്പാക്കണമെന്ന് മാത്രമാണ് കോടതി നിർദ്ദേശിക്കുന്നതെന്നും ഹൈക്കോടതി പറയുന്നു. സർവ്വേയക്ക് എതിരല്ലെന്ന് പറയുമ്പോഴും ചില നിർദ്ദേശങ്ങൾ മുമ്പോട്ട് വയ്ക്കുകയാണ് ഹൈക്കോടതി. ഇത് സർക്കാരിന്റെ ഇപ്പോഴത്തെ നിയമ നടപടികൾക്കെതിരെയുള്ള വിമർശനവും.

കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയത് സർക്കാരിന് പ്രതീക്ഷയാണ്. സർവേയിൽ തെറ്റ് എന്താണെന്ന് കോടതി ചോദിച്ചു. സർവേയെയും കല്ലിടനലിനെയും വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സുപ്രീംകോടതി വിമർശിച്ചു. ഡിവിഷൻ ബെഞ്ചിന്റെ നടപടി സുപ്രീംകോടതി ശരിവച്ചു. ബൃഹത്തായ പദ്ധതിയുടെ സർവേ തടയാനാവില്ലെന്ന് കോടതി അറിയിച്ചു.

അതേസമയം, മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടിൽ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. കെ റെയിലോ എന്ത് പദ്ധതിയായാലും നിയമപരമായി സർവേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സർവേ തുടരുന്നതിനും തടസമില്ല. നിയമം നോക്കാൻ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു

സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപെടുത്താൻ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് സര്വേുയെന്ന് ക്യത്യമായി വിശദീകരിക്കണം. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടാൻ ഡിവിഷൻ ബഞ്ച് എവിടെയാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ചോദിച്ചു.

കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ, റദ്ദാക്കിയിട്ടുണ്ടെങ്കിൽ ഡിവിഷൻ ബഞ്ചിന്റെ ആ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത്.

ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാൻ കോടതിക്ക് സാധിക്കില്ല, രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ലെന്ന് കോടതി കൂട്ടിച്ചേർത്തു.