- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതിക്കായി 1,221 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ തുടങ്ങിയത്; 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള സാമൂഹികാഘാത പഠനമാണ് നടക്കുന്നത്; ഈ കത്ത് കിട്ടുന്നതോടെ വായ്പ നൽകാൻ ബാങ്കുകൾ കൂടുതൽ മടിക്കും; കെ റെയിൽ ഇരകൾക്ക് എല്ലാം കൊണ്ടും ഇനി ദുരിത കാലം
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി സർവേ നടത്തിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ഈ ഭൂമി ഈടുവച്ച് വായ്പയെടുക്കുന്നതിനോ തടസ്സമില്ലെന്ന വാദവുമായി ഭൂമിയിൽ സർവ്വേ തുടരാൻ സർക്കാർ. എന്നാൽ കലക്ടർമാർക്കും സഹകരണ രജിസ്റ്റ്രാർക്കും റവന്യു അഡിഷനൽ ചീഫ് സെക്രട്ടറിയുടെ കത്ത് പുറത്തു വന്നെങ്കിലും കല്ലിടൽ പ്രതിഷേധമായി തന്നെ തുടരും.
ഭൂമി കൈമാറ്റവും വായ്പയെടുക്കലും പലയിടത്തും തടസ്സപ്പെടുന്നു എന്ന പരാതിയെത്തുടർന്നാണ് സർക്കാർ നിർദേശ പ്രകാരം അഡിഷനൽ ചീഫ് സെക്രട്ടറി കത്തയച്ചത്. അപ്പോഴും ബാങ്കുകളാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കല്ലിടുന്നതോടെ വസ്തുവിൽ പ്രശ്‌നം തുടരും. അത്തരം വസ്തു ഈടു വച്ച് ആരും വായ്പ നൽകില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ കത്തിൽ ബാങ്കുകൾ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ചീഫ് സെക്രട്ടറി കത്ത് ബാങ്കുകൾക്ക് അയച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
സാമൂഹികാഘാത പഠനം ഭൂമിയുടെ ക്രയവിക്രയങ്ങളെ ബാധിക്കില്ലെന്ന് സർക്കാർ രേഖാമൂലം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നു ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. സർവേ നടക്കുന്നതിന്റെ പേരിൽ ഭൂമി കൈമാറ്റമോ വായ്പയോ എവിടെയെങ്കിലും തടയുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹാരം കാണണമെന്നും കത്തിൽ നിർദേശമുണ്ട്. ഇക്കാര്യം സഹകരണ ബാങ്കുകളെ രജിസ്ട്രാർമാർ അറിയിക്കും. എങ്കിലും ഇവർ ലോൺ നൽകുമോ എന്ന് ഉറപ്പില്ല.
കത്തിൽ നിന്ന്: 'കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്നാണ് സിൽവർലൈൻ പദ്ധതിക്കായി 1,221 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ തുടങ്ങിയത്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള സാമൂഹികാഘാത പഠനമാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് ഈ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തും. റെയിൽവേ ബോർഡിൽ നിന്നു പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കൽ ആരംഭിക്കൂ. അതു സംബന്ധിച്ച 11(1) വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം ഭൂമി ക്രയവിക്രയം ചെയ്യാൻ പാടില്ല.'
ഈ വരികളിൽ തന്നെ ഭുമി ഏറ്റെടുക്കാനുള്ള നടപടികളുടെ തുടക്കമാണ് ഇതെന്ന് വ്യക്തമാക്കുന്നുണ്ട്. അപ്പോഴെങ്ങനെ ലോൺ കൊടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഭാവിയിൽ ഈ ഭൂമി ഏറ്റെടുത്താൽ അതിലൂടെ ബാങ്കുകൾക്ക് ഉണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ബാധ്യതയായി മാറും. കാരണം സർക്കാരും പറയുന്നത് ഏറ്റെടുക്കലിനെ കുറിച്ചാണ്. ഇത്തരമൊരു കത്ത് ബാങ്കുകൾക്ക് കിട്ടിയാൽ പിന്നെ എങ്ങനെ വായ്പ അനുവദിക്കുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരും മറ്റും ഉയർത്തുന്ന ചോദ്യം.
ആർക്കാണ് വായ്പ കൊടുക്കേണ്ടതെന്ന് തീരുമാനിക്കുക ധനകാര്യ സ്ഥാപനങ്ങളാണ്. വായ്പാ തിരിച്ചടയ്ക്കാനുള്ള കഴിവും ഈടുവയ്ക്കുന്ന വസ്തുവിന്റെ ആധികാരികതയുമാണ് ഉറപ്പാക്കേണ്ടത്. സർക്കാരിന്റെ കത്ത് തന്നെ കല്ലിടുന്ന ഭൂമി ഭാവിയിൽ എറ്റെടുക്കാനുള്ള സാധ്യതയാണ് ചർച്ചയാക്കുന്നത്. ഇതോടെ ബാങ്കുകൾക്ക് കല്ലിട്ട വസ്തുവിൽ വായ്പ നൽകുന്നതിന് കഴിയാത്ത സ്ഥിതിയും വരുമെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ