- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്ട്രയുടെ പഠനം ആവശ്യപ്പെട്ടത് ബ്രോഡ് ഗേജ്; അന്തിമ റിപ്പോർട്ടിൽ എഴുതിയത് സ്റ്റാൻജേർഡ് ഗേജ് നിർദ്ദേശം; ഏത് പഠനമാണ് ഇതിന് ആധാരമെന്നതിന് മറുപടിയില്ല; അബദ്ധപഞ്ചാംഗമാണ് അലോക് വർമ്മയെന്ന് പറയുന്നവർ അദ്ദേഹത്തേയും പാനൽ ചർച്ചയ്ക്ക് വിളിച്ചു; എന്നിട്ടും ശ്രീധരൻ പുറത്ത്; ഗേജ് മാറ്റത്തിന് പിന്നിൽ ആര്? ഉത്തരം പറയാതെ കെ റെയിൽ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിലുള്ള ബ്രോഡ് ഗേജ് സംവിധാനത്തിന് പകരം സിൽവർലൈൻ അർധ അതിവേഗ തീവണ്ടിപ്പാതയ്ക്ക് സ്റ്റാൻഡേർഡ് ഗേജ് സ്വീകരിക്കാനുള്ള തീരുമാനത്തിന് പിന്നിൽ കള്ളക്കളികൾ. ഇക്കാര്യത്തിൽ കെ-റെയിൽ വിശദീകരണം നൽകുന്നില്ല. ഇതും വിദഗ്ധരുടെ പാനൽ ചർച്ചയിൽ ചർച്ചയാകും. ഗേജ് മാറ്റത്തിലെ കള്ളകളികൾ ചർച്ചയാകുന്നത് ഒഴിവാക്കാനാണ് മെട്രോമാൻ ഇ ശ്രീധരനുമായുള്ള സംവാദം കെ റെയിൽ ഒഴിവാക്കുന്നത്. രഹസ്യ ഇടപെടലുകളാണ് ഗേജ് മാറ്റത്തിന് കാരണമെന്നാണ് പുറത്തു വരുന്ന സൂചനകൾ.
സിസ്ട്ര നടത്തിയ പ്രാഥമിക സാധ്യതാ പഠനത്തിൽ സ്റ്റാൻഡേർഡ് ഗേജ് (പാളം 1.435 മീറ്റർ) അനുയോജ്യമല്ലെന്നും ബ്രോഡ് ഗേജാണ് (പാളം 1.676 മീറ്റർ) നല്ലതെന്നുമാണ് നിർദേശിച്ചത്. എന്നാൽ, അന്തിമറിപ്പോർട്ടിൽ സ്റ്റാൻഡേർഡ് ഗേജ് തന്നെ ഉറപ്പിച്ചു. കെ-റെയിൽ നിർദേശിച്ചത് അനുസരിച്ചാണ് സ്റ്റാൻഡേർഡ് ഗേജ് ഉറപ്പിച്ചതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. അതിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രാഥമിക പഠനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. ഗേജ് മാറ്റിയത് ഏത് പഠനനിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെ റെയിൽ ആരോടും വിശദീകരിച്ചിട്ടില്ല. ഇതാണ് പുതിയ ചർച്ചകൾക്ക് അടിസ്ഥാനം.
പ്രാഥമിക റിപ്പോർട്ട് അലോക് വർമയുടെ നേതൃത്വത്തിലാണ് സിസ്ട്ര തയ്യാറാക്കിയത്. സാങ്കേതിക പഠനത്തിന്റെ പിൻബലമില്ലാതെയാണ് അർധ അതിവേഗ പാത സ്ഥാപിക്കാൻ കെ-റെയിൽ തയ്യാറാകുന്നതെന്ന വാദവുമായി വിരുദ്ധപക്ഷത്താണ് ഇപ്പോൾ അലോക് വർമയുള്ളത്. ഇതിനൊപ്പം ഇ ശ്രീധരൻ അടക്കമുള്ളവരും നിലയുറപ്പിക്കുന്നു. അതുകൊണ്ട് തന്നെ പാനൽ ചർച്ചയിൽ അലോക് വർമ്മയ്‌ക്കൊപ്പം ശ്രീധരനുമെത്തിയാൽ പ്രതിസന്ധിയാകും. ഈ സാഹചര്യത്തിലാണ് ശ്രീധരനെ ചർച്ചകൾക്ക് വിളിക്കാത്തത്. കെ റെയിലിന്റെ ഒരു ചർച്ചയ്ക്കും ശ്രീധരനെ വിളിക്കരുതെന്നാണ് കെ റെയിലിന് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. രാഷ്ട്രീയക്കാരൻ എന്നു പറഞ്ഞു മാറ്റി നിർത്തും.
നിലവിലെ റെയിൽവേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്തവിധത്തിൽ പ്രത്യേക റെയിൽവേ പാത നിർമ്മിക്കുന്നത് ഗുണകരമല്ല. സാമ്പത്തിക വിജയവുമുണ്ടാക്കില്ലെന്ന വിലയിരുത്തൽ സജീവമാണ്. നിലവിലെ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് 10-15 കിലോമീറ്റർ അകലെ അർധ അതിവേഗ പാതയുടെ സ്റ്റേഷൻ സ്ഥാപിച്ചാൽ യാത്രാക്ലേശവും സമയവും കൂടും. യാത്രക്കാരിൽ ഏറെയും സംസ്ഥാനത്തിന് പുറത്ത് സഞ്ചരിക്കുന്നവരാണ് അതിനാൽ സിൽവർലൈൻ ഇന്ത്യൻ റെയിൽവേയുമായി ബന്ധമുള്ളതാകണമെന്നും വിദഗ്ധനായ അലോക് വർമ്മ പറയുന്നു.
മസ്‌കറ്റ് ഹോട്ടലിലെ പാനൽ ചർച്ചയ്ക്ക് ക്ഷണിക്കപ്പെടുന്നവരെല്ലാം കെ റെയിൽ അനുകൂലികളോ ഇടതുപക്ഷക്കാരോ ആകും. പത്ത് മിനിറ്റ് വിദഗ്ദ്ധർക്ക് സംസാരിക്കാം. അതിന് ശേഷമുള്ള ചോദ്യോത്തരത്തെ കെ റെയിൽ അനുകൂലമാക്കാനാണ് നീക്കം. അതിനിടെ പാനൽ ചർച്ചാ വേദിയിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ വലിയ സുരക്ഷാ ക്രമീകരണങ്ങൾ തിരുവനന്തപുരത്ത് പാനൽ ചർച്ച നടക്കുന്ന മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടാകും.
അലോക് വർമയുടെ പ്രാഥമിക സാധ്യതാപഠന റിപ്പോർട്ട് അബദ്ധപഞ്ചാംഗമായിരുന്നുവെന്ന വാദമാണ് ഇപ്പോൾ കെ-റെയിൽ മുന്നോട്ടുവെക്കുന്നത്. ഇത് സ്ഥാപിക്കാൻ 2019 മാർച്ച് 25ന് കെ-റെയിൽ എം.ഡി. സിസ്ട്ര എം.ഡി. ഹരികുമാർ സോമൽരാജുവിന് അയച്ച കത്ത് പുറത്തുവിട്ടിരുന്നു. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യം പരിഗണിക്കാതെയാണ് അലോക് വർമയുടെ റിപ്പോർട്ടെന്നാണ് കെ-റെയിൽ സ്ഥാപിക്കുന്നത്. ഇത്തരത്തിലൊരാളെ പാനൽ ചർച്ചയ്ക്ക വിളിച്ചിട്ടും കെ ശ്രീധരനെ വിളിക്കുന്നില്ലെന്നതാണ് അത്ഭുതകരം.
ഗേഡ് മാറ്റം ചർച്ചയാക്കുമ്പോൾ ഏത്് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത് എന്നതിന് കെ-റെയിലിന് ഉത്തരവുമില്ല. മറ്റേതെങ്കിലും സംഘം പ്രാഥമികപഠനം നടത്തിയതായും റിപ്പോർട്ട് നൽകിയതായും കെ-റെയിൽ എവിടെയും വിശദീകരിച്ചിട്ടില്ല. സ്റ്റാൻഡേർഡ് ഗേജിൽ ഇന്ത്യൻ റെയിൽവേ പാതയുമായി ബന്ധിപ്പിക്കാനാകാത്ത കേരളത്തിന് മാത്രമായ പാത സ്ഥാപിക്കാനായിരുന്നു തിടുക്കമെന്നും ഇത് സംശയമുണ്ടാക്കുന്നതാണെന്നുമാണ് അലോക് വർമയുടെ ആരോപണം.
സിൽവർലൈൻ പദ്ധതിയുടെ വിശദപദ്ധതിരേഖ മാറ്റി പുതിയത് ഉണ്ടാക്കുകയാണെങ്കിൽ സർക്കാരിന് പൂർണപിന്തുണ നൽകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ അറിയിച്ചിട്ടുണ്ട്. ഡി.പി.ആറിൽ പല അബദ്ധങ്ങളുണ്ട്. അതൊക്കെ തിരുത്താതെ റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സർക്കാർ നടത്താനിരിക്കുന്ന പാനൽ ചർച്ച നേരത്തേത്തന്നെ നടത്തേണ്ടതായിരുന്നു. പ്രവൃത്തികൾ തുടങ്ങിയശേഷമല്ല ചർച്ച നടത്തേണ്ടതെന്നും ശ്രീധരൻ പറയുന്നു.
സാങ്കേതികമായ സംശയം ഉന്നയിച്ചവരെ കേൾക്കാനാണ് സർക്കാർ തീരുമാനം. ഇതോടനുബന്ധിച്ച് അലോക് വർമ, ആർ വി ജി മേനോൻ,ജോസഫ് സി മാത്യൂ എന്നിവരെ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ഇവരുടെ ആശങ്കകൾക്ക് കെ-റെയിൽ അധികൃതരാണ് മറുപടി പറയുക. പാനൽ ഡിസ്‌കഷൻ എന്ന രീതിയിലാണ് പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം 28 നാണ് തിരുവനന്തപുരത്തായിരിക്കും പരിപാടി നടക്കുക. കെ-റെയിലിനെ അനുകൂലിക്കുന്ന മൂന്ന് പേർക്കും പ്രതികൂലിക്കുന്ന മൂന്ന് പേർക്കും 10 മിനിറ്റ് നേരം സംസാരിക്കാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നത്. പരിപാടി തത്സമയം സംപ്രേഷണം ചെയ്യാനുള്ള അനുമതി മാധ്യമങ്ങൾക്ക് നൽകും.
പരിപാടിയുടെ മോഡറേറ്ററായി എത്തുന്നത് സയൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ.പി സുധീറായിരിക്കും. പദ്ധതിയുടെ മുഖ്യ വിമർശകനാണ് അലോക് വർമ്മ. കെ-റെയിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്താൻ അനുമതി തേടിയെങ്കിലും അത് നിഷേധിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ