- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫ് സി മാത്യുവിനെ ആദ്യം ഉൾപ്പെടുത്തിയത് ഒഴിവാക്കി വിവാദമുണ്ടാക്കാൻ; മെട്രോ മാനെ മറന്നവർ വിഎസിന്റെ അതിവിശ്വസ്തനെ വിളിച്ചത് കുളം കലക്കി മീൻ പിടിക്കാൻ; കെ റെയിൽ സംവാദത്തിൽ നിറയുക അനുകൂല വാദങ്ങൾ മാത്രം; കേൾവിക്കാരും അവതാരകരും സിൽവർലൈൻ ആരാധകരായത് ഇങ്ങനെ
തിരുവനന്തപുരം: ഇനി കെ റെയിൽ സംവാദകാലം. സർക്കാർ നടത്തുന്ന സംവാദത്തിൽ എതിർത്തു വാദിക്കാൻ ഒരാളും അനുകൂലിക്കാൻ 3 പേരുമാകുമ്പോൾ നേട്ടം കെ റെയിലിനാണ്. തങ്ങളുടെ നിലപാട് അവതരിപ്പിക്കാൻ കിട്ടുന്ന സുവർണ്ണാവസരം. അതുകൊണ്ട് തന്നെ കെ റെയിൽ സംവാദം ആഗ്രഹിച്ച പടി നടന്നുവെന്ന് തന്നായണ് സർക്കാർ വിലയിരുത്തലും.
സർക്കാർ നിർദ്ദേശപ്രകാരം കെറെയിൽ സംഘടിപ്പിക്കുന്ന പാനൽ സംവാദം ഇന്നു നടക്കും. സർക്കാർ നേരിട്ടാണു സംവാദം സംഘടിപ്പിക്കുന്നതെന്ന ഉറപ്പു ലഭിക്കാത്തതിനാൽ പിന്മാറിയ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമയ്ക്കും പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും പകരക്കാരെ കണ്ടെത്തിയില്ല. അലോക് വർമ്മയെ ഇതിൽ പങ്കെടുപ്പിക്കാൻ സർക്കാരിന് താൽപ്പര്യമില്ലായിരുന്നു. അതിന് വേണ്ടിയാണ് ജോസഫ് സി മാത്യുവിനെ പാനലിൽ ആദ്യം കൊണ്ടു വന്നത്. ജോസഫ് സി മാത്യുവിനെ മാറ്റിയതും തന്ത്രത്തിന്റെ ഭാഗമാണ്. ഇതോടെ അലോക് വർമ്മയും പിണങ്ങി പോയി. ആർ.വി.ജി. മോനോനും വരില്ലെന്നായിരുന്നു സർക്കാർ കരുതിയത്. എന്നാൽ അതുണ്ടായില്ല.
11 മണിക്ക് ഹോട്ടൽ താജ് വിവാന്തയിലാണു സംവാദം. പദ്ധതിയെ എതിർക്കുന്നവരുടെ ഭാഗത്തു നിന്നു ശാസ്ത്രസാഹിത്യ പരിഷത് മുൻ പ്രസിഡന്റ് ഡോ.ആർ.വി.ജി.മേനോൻ മാത്രമാണു പങ്കെടുക്കുന്നത്. ദേശീയ റെയിൽവേ അക്കാദമി മുൻ വകുപ്പു മേധാവി മോഹൻ എ.മേനോൻ മോഡറേറ്ററാകുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ചു റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, സാങ്കേതിക സർവകലാശാല മുൻ വിസി ഡോ.കുഞ്ചെറിയ പി.ഐസക്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ എന്നിവർ വാദങ്ങളുന്നയിക്കും.
ജോസഫ് സി മാത്യുവിനെ ആദ്യം ഉൾപ്പെടുത്തിയത് ഒഴിവാക്കി വിവാദമുണ്ടാക്കാനാണ് മെട്രോ മാനെ ഇ ശ്രീധരനെ മറന്നവർ വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തനായ ജോസഫ് സി മാത്യുവിനെ വിളിച്ചത് കുളം കലക്കി മീൻ പിടിക്കാനായിരുന്നു. അത് നടന്നു. അലോക് വർമ്മയും പിന്മാറി. ഇതോടെ കെ റെയിൽ സംവാദത്തിൽ നിറയുക അനുകൂല വാദങ്ങൾ മാത്രമായിരിക്കും കേൾവിക്കാരും അവതാരകരും സിൽവർലൈൻ ആരാധകരാകും എന്നതാണ് പ്രത്യേകത.
ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിലാണു സംവാദം. കെറെയിലിന്റെ താൽപര്യമനുസരിച്ചാണു സദസ്സിനെ ക്ഷണിച്ചിരിക്കുന്നത്. ഡോ.ആർ.വി.ജി.മേനോന്റെ ആവശ്യപ്രകാരം ക്ഷണിച്ചിരിക്കുന്നതു ശാസ്ത്ര സാഹിത്യപരിഷത് ഭാരവാഹികളെ മാത്രമാണ്. എംഡി വി.അജിത് കുമാർ ഉൾപ്പെടെ കെറെയിലിന്റെ ഉദ്യോഗസ്ഥരും സദസ്സിലുണ്ടാകും. ഇതിനിടെ, കെറെയിൽ സെമിനാറിൽ നിന്ന് ഒഴിവാക്കപ്പെടുകയും പിന്മാറുകയും ചെയ്തവരെ പങ്കെടുപ്പിച്ച് മെയ് 4 നു ജനകീയ സംവാദ സദസ്സ് സംഘടിപ്പിക്കാൻ ജനകീയ പ്രതിരോധ സമിതി തീരുമാനിച്ചു.
അലോക് വർമ, ഇ.ശ്രീധരൻ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി.മാത്യു എന്നിവർക്കു പുറമേ, മുൻ മന്ത്രി തോമസ് ഐസക്, കെ.പി.കണ്ണൻ, കുഞ്ചെറിയ പി.ഐസക്, ഡോ.ആർ.വി.ജി.മേനോൻ തുടങ്ങിയവരെയും പങ്കെടുപ്പിക്കുമെന്നു സമിതി അറിയിച്ചു. ഇതിനൊപ്പം മറ്റൊരു സെമിനാറും നടക്കുന്നുണ്ട്. മൂവ്‌മെന്റ് ഫോർ പീപ്പിൾസ് ഫ്രണ്ട്ലി ഡവലപ്‌മെന്റിന്റെ നേതൃത്വത്തിൽ ഇന്നു 3 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മറ്റൊരു സെമിനാറും നടക്കും.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ജിയോളജിസ്റ്റ് ഡോ.സി.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോസഫ് സി.മാത്യു, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ