കൊച്ചി: സിൽവർ ലൈനിൽ ഇനി കല്ലിടൽ ഉണ്ടാകില്ല. സാമൂഹികാഘാത പഠനത്തിന് കല്ലിടില്ലെന്ന് കോടതിയേയും സർക്കാർ അറിയിച്ചു. അതിനിടെ കേന്ദ്രസർക്കാർ പദ്ധതിക്ക് അനുമതി നൽകില്ലെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ സാമൂഹികാഘാത പഠനത്തോടെ സിൽവർലൈനും അവസാനിക്കാനാണ് സാധ്യത. അതിനിടെ സാമൂഹികാഘാത പഠനത്തിന്റെ മറവിൽ ഭൂമി സ്വന്തമാക്കാൻ മാഫിയയും സജീവമാണ്. കല്ലിടൽ പോലും അവർക്ക് വേണ്ടി ആയിരുന്നുവെന്നതാണ് വസ്തുത.

കെ റെയിലിൽ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ സാമൂഹികാഘാത പഠനത്തിൽ ലഭ്യമാക്കും. ബഫർസോണും നിശ്ചയിക്കും. അതിന് പുറത്തുള്ള താമസക്കാർക്കും റെയിൽ പാത ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ സാമൂഹിക ആഘാത പഠനത്തിന് ശേഷം ഡിജിറ്റലായി കല്ലിടുന്ന വസ്തുക്കളെല്ലാം വിലയില്ലാ വസ്തുക്കളാകും. അത് ചുളുവിന് കൈക്കലാക്കാനാണ് ഭൂമി മാഫിയയുടെ നീക്കം. അതിന് ശേഷം കേന്ദ്രാനുമതി കിട്ടാത്ത ഈ വസ്തുവിലൂടെ കെ റെയിൽ വരില്ലെന്നും തെളിയും. അപ്പോൾ കേരളത്തിലെ അങ്ങോളം ഇങ്ങോളും ഭൂമി മാഫിയയുടെ കൈയിലുമാകും. ഇങ്ങനെ പല പദ്ധതികളുടെ പേരിലും ഭൂമി തട്ടിപ്പ് മാഫിയ നടത്തിയിട്ടുണ്ട്.

സിൽവർലൈൻ കേസിലുടനീളം കോടതി പറഞ്ഞതാണ് ഇപ്പോൾ സർക്കാർ പറയുന്നതെന്നു ഹൈക്കോടതിയും വ്യക്തമാക്കി കഴിഞ്ഞു. ഈ ബുദ്ധി നിങ്ങൾക്ക് അന്നുണ്ടായിരുന്നെങ്കിൽ? സാമൂഹികാഘാത പഠനത്തിനു നാട്ടാൻ തയാറാക്കിയ കല്ലൊക്കെ എവിടെ കൊണ്ടുപോയി വയ്ക്കുമെന്നും കോടതി ചോദിച്ചു. കെറെയിലിനുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥർ ഇപ്പോൾ എവിടെയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി കെറെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയാണു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

സാമൂഹികാഘാത പഠനം നടത്താൻ ഇത്രയും വലിയ കല്ലിടേണ്ട കാര്യമില്ല. നേരത്തെ കോടതി നിർദേശിച്ച കല്ലുകൾ ഉപയോഗിച്ചിരുന്നെങ്കിൽ ആഘാതം വലിയതോതിൽ കുറയുമായിരുന്നു. പോർവിളിയുമായി പദ്ധതി നടപ്പാക്കരുതെന്നു ഡിസംബറിൽ കോടതി പറഞ്ഞതാണ്. കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ചിരുന്നെങ്കിൽ വിഷമസ്ഥിതി ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കിൽ ഫെബ്രുവരി, മാർച്ചിൽ ക്ലിയറൻസ് വന്നേനെ. കേന്ദ്രസർക്കാരിന് ആദ്യ ഘട്ടത്തിൽ എതിർപ്പില്ലായിരുന്നു. ഇത്രയും ബഹളം കണ്ടപ്പോഴാണ് കേന്ദ്രസർക്കാരിനും സംശയം തുടങ്ങിയതെന്ന് ഹൈക്കോടതിയും പറയുന്നു.

കാസർകോടു മുതൽ തിരുവനന്തപുരം വരെ ദേശീയപാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ എന്തെങ്കിലും കോലാഹലം ഉണ്ടായിരുന്നോ? ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലിനുള്ള ഏക നിയമസാധുത അത് അനിവാര്യമാണെന്നു ജനങ്ങൾ മനസ്സിലാക്കി എന്നതാണ്. ജനങ്ങളെ സർക്കാർ വിശ്വാസത്തിലെടുക്കണം. അതനിടെ കെറെയിൽ എന്നെഴുതിയ കല്ലുകൾ സ്ഥാപിക്കുന്നതു കോടതി തടഞ്ഞതു മറികടക്കാൻ സർവേ ഡയറക്ടർ കല്ലുകൾ സ്ഥാപിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയതിൽ ഹൈക്കോടതി വിശദീകരണം തേടി. എന്തും ചെയ്യാം, എന്തും ആവാം എന്ന വിചാരിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നേർവഴിക്കു തിരിച്ചുകൊണ്ടുവരണമെന്നു കോടതി പറഞ്ഞു. കോടതി ഹർജി പരിഗണിക്കുമ്പോൾ ഉത്തരവിടാൻ ഉദ്യോഗസ്ഥൻ ധാർഷ്ട്യം കാണിച്ചു.

നിയമപ്രകാരമുള്ള സർവേ തുടരാമെന്നും ചട്ടത്തിൽ വ്യക്തമാക്കിയിരിക്കുന്ന വലുപ്പത്തിലും രീതിയിലുമുള്ള അടയാളങ്ങൾ മാത്രമേ സ്ഥാപിക്കാവൂയെന്നും ഡിസംബർ 23ലെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇതു കണക്കാക്കാതെ, വലിയ കല്ലുകൾ അനുവദിച്ച് സർവേ ഡയറക്ടർ ഉത്തരവിറക്കിയതിനെയാണ് കോടതി വിമർശിച്ചത്. ഇതെല്ലാം ഭൂ മാഫിയയ്ക്ക് വേണ്ടിയാണെന്നതാണ് വസ്തുത. സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് ഇത്രയധികം ശബ്ദവും ക്രോധവും വേണ്ടെന്നു ഹൈക്കോടതി പറയുന്നു. പദ്ധതി നടക്കണമെങ്കിൽ സാമൂഹികാഘാത പഠനം (എസ്‌ഐഎ) നിശ്ശബ്ദമായി നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

എസ്‌ഐഎയ്ക്കായി കല്ലിടുന്നതിന് എതിർപ്പുള്ള സ്ഥലങ്ങളിൽ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചു സർവേ തുടരാൻ നിർദേശിച്ചെന്നു സർക്കാർ വിശദീകരിച്ചു. തുടർന്നാണു നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ ഹൈക്കോടതി ഓർമിപ്പിച്ചത്. സർക്കാർ അഭിഭാഷകൻ വിശദീകരണം നൽകാൻ നിർദേശിച്ച കോടതി ഹർജി ജൂൺ രണ്ടിനു പരിഗണിക്കും.