തിരുവനന്തപുരം: കെ റെയിലിലെ സർവ്വേ കള്ളക്കളിയിൽ കോടതി ഇടപെടൽ നിർണ്ണായകമാകും. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങുന്നതിനു മുൻപ് എങ്ങനെ സർവേ നടത്താൻ വിജ്ഞാപനമിറങ്ങി എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.

സർവേക്കുള്ള വിജ്ഞാപനത്തിനു മുൻപ് എങ്ങനെ സ്‌പെഷൽ ഓഫിസുകൾ രൂപീകരിച്ചു വിജ്ഞാപനമിറങ്ങി എന്നതാണ് ഉയരുന്ന ചോദ്യം. സിൽവർലൈൻ പദ്ധതി സർവേ സംബന്ധിച്ച് ഈ നിർണായക ചോദ്യങ്ങൾക്കാണു ജൂൺ 2 ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകേണ്ടത്. സർവേ നടപടിക്രമങ്ങൾ തുടങ്ങിയത് എന്നാണെന്ന് ഇതിന്റെ 'ടൈം ലൈൻ' സഹിതം സർക്കാർ അല്ലെങ്കിൽ കെറെയിൽ വിശദീകരിക്കണമെന്നാണു കോടതിയുടെ നിർദ്ദേശം.

സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണു സർവേ നടത്തി അതിർത്തി നിർണയിച്ചു കല്ലിടുന്നതെന്നായിരുന്നു സർക്കാരും കെറെയിലും കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങിയതു കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായാണ്. ഇത് ദുരൂഹമാണെന്നാണ് ഉയരുന്ന വാദം. അതുകൊണ്ടാണ് കോടതിയിൽ സർക്കാർ നൽകുന്ന മറുപടി നിർണ്ണായകമാകുന്നത്.

സർവേക്കുള്ള വിജ്ഞാപനം 2021 ഒക്ടോബറിലും സ്‌പെഷൽ ഓഫിസർമാരെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം 2021 ഓഗസ്റ്റിലും ഇറങ്ങി. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾക്ക് എങ്ങനെ അതിനു മുൻപേ വിജ്ഞാപനമിറക്കിയെന്ന സംശയമാണു കോടതിയിൽ വിശദീകരിക്കേണ്ടത്. സർവേ, അതിരടയാള നിയമപ്രകാരമുള്ള വിജ്ഞാപന പ്രകാരമാണു കല്ലിടൽ എന്ന സർക്കാർ വാദത്തെയും ഹൈക്കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്.

നിലവിലുള്ള പദ്ധതിക്കല്ലാതെ, ഭാവിയിൽ വരാനിരിക്കുന്ന പദ്ധതിക്ക് ഈ നിയമപ്രകാരം അതിരടയാളമിടാൻ പാടില്ലെന്ന വാദമാണ് പരാതിക്കാരുടേത്. ഇതിനും സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. സിൽവർലൈൻ പദ്ധതിക്കായി ഇനി സർവേ നടത്തുന്നതിനു മുൻപ് ഓരോ ഭൂവുടമയോടും അനുവാദം ചോദിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതായി കോടതി ഉത്തരവിലുണ്ട്.

ഭൂവുടമകൾക്കു സർവേക്കു മുന്നോടിയായി നോട്ടിസ് നൽകും. ഭൂമിയിൽ അടയാളമിടുന്നതിനെ അവർ എതിർത്താൽ ഡിജിറ്റൽ അടയാളപ്പെടുത്തൽ മാത്രമേ നടത്തുകയുള്ളൂവെന്നാണു സർക്കാരിന്റെ ഉറപ്പ്. ഇതെല്ലാം സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണെന്നും പറയുന്നു.

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ഇത്രയും കോലാഹലങ്ങൾ എന്തിനായിരുന്നെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇത് നിശ്ശബ്ദമായും നടത്താമായിരുന്നു. പോർവിളിയോടെയല്ല വികസന പദ്ധതികൾ നടപ്പാക്കേണ്ടത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലൊക്കെ എവിടെ കൊണ്ടുപോയി വെച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് എതിർപ്പ് ഉന്നയിക്കുന്ന സ്ഥലത്ത് കല്ലിടുന്നില്ലെന്നും അവിടെ ജിയോ ടാഗ് വഴി സർവേ നടത്തുകയാണെന്നും സ്‌പെഷൽ ഗവ. പ്ലീഡർ അറിയിച്ചപ്പോഴാണ് കോടതിയുടെ പരാമർശമുണ്ടായത്.

നോട്ടീസ് നൽകാതെ സർവേക്കായി എത്തുന്നതും കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നതും ചോദ്യം ചെയ്യുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുവേണം പദ്ധതികൾ നടപ്പാക്കാനെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും കോടതിയുടെ നിർദ്ദേശങ്ങൾ ഫലം കാണുകയാണെന്നും വിലയിരുത്തിയാണ് ഹരജികൾ മാറ്റിയത്. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് തടഞ്ഞ് നേരത്തേയുള്ള ഇടക്കാല കോടതിവിധി മറികടക്കാൻ സർവേ ഡയറക്ടർ ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് സർക്കാറിന്റെ വിശദീകരണവും തേടി.