- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പദ്ധതി ചെലവിന്റെ ആറര ശതമാനത്തോളം വിദേശ നിക്ഷേപം; കേന്ദ്രം അനുകൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ പദ്ധതിക്ക് വേണ്ടി വീണ്ടും കൺസൾട്ടൻസി എത്തും; കോടികൾ പാഴാക്കുന്നത് നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി 4251.71കോടിയുടെ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമോ എന്നറിയാൻ; സിൽവർലൈനിൽ 'കൊള്ളയടി' തുടരും
കൊച്ചി: കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ സിൽവർലൈൻ നടപ്പാക്കാനാവില്ലെന്ന് പ്രസ്താവന നടത്തി സിൽവർലൈനിൽ നിന്ന് സർക്കാർ പിന്നോട്ടു പോവുന്നെന്ന പ്രതീതി സൃഷ്ടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് വ്യക്തമാവുന്നു. സിൽവർലൈനിന് 4251.71കോടിയുടെ വിദേശ നിക്ഷേപം ആകർഷിക്കാൻ കൺസൾട്ടൻസിയെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാൻ കെറെയിലിന് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു.
പദ്ധതി ഉപേക്ഷിക്കുമെന്ന പ്രതീതി സൃഷ്ടിച്ച്, പ്രതിഷേധങ്ങളുടെ മുനയൊടിച്ച ശേഷം തന്ത്രപരമായി നീക്കം നടത്തുകയാണ് സർക്കാർ. സിൽവർലൈനിനായി 33,699.80 കോടിയുടെ വിദേശവായ്പയെടുക്കുന്നതിന് പുറമേയാണ് 4251.71കോടിയുടെ വിദേശ ഓഹരി സമാഹരിക്കുന്നത്. പ്രവാസി മലയാളികൾ, വ്യവസായികൾ, വിദേശ ഇന്ത്യക്കാർ, വിദേശ പൗരന്മാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നെല്ലാമായി 4251.71കോടിയുടെ ഓഹരി സമാഹരിക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിന് പഠനം നടത്താനും മറ്റുമാണ് കൺസൾട്ടൻസി. കെ റെയിലിന് കേന്ദ്രം അനുകൂലമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു കഴിഞ്ഞു. അങ്ങനെ അനുകൂലമല്ലാത്ത പദ്ധതിക്ക് വേണ്ടിയാണ് കൺസൾട്ടൻസി വരുന്നത്. നേരത്തെ തന്നെ കൺസൾട്ടൻസി അഴിമതികൾ പല കേസിലും ചർച്ചയായിരുന്നു. ശബരിമല വിമാനത്താവള പദ്ധതിയിലും മറ്റും കോടികളാണ് കൺസൾട്ടൻസിക്കായി ഖജനാവിൽ നിന്ന് ഒഴുക്കിയത്.
സിൽവർലൈനിനായി 33,699.80 കോടിയുടെ വിദേശവായ്പയെടുക്കുന്നതിന് പുറമേയാണ് 4251.71കോടിയുടെ വിദേശ ഓഹരി സമാഹരിക്കുന്നത്. ഈ തുക പദ്ധതിചെലവിന്റെ 6.65% വരും. ഇത്രയും തുകയ്ക്കുള്ള ഓഹരി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിൽക്കാൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. സിൽവർലൈനിൽ ഓഹരി എടുക്കുന്നവർക്ക് 13.55% ലാഭവിഹിതം നൽകുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. റെയിൽവേ പദ്ധതിയായതിനാൽ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കെ റെയിൽ പറയുന്നു.
സിൽവർലൈനിന് കേന്ദ്രസർക്കാരിന്റെയോ റെയിൽവേയുടെയോ അനുമതി ലഭിച്ചിട്ടില്ലെന്ന് മറച്ചുവച്ചാണ് പ്രവാസികളിൽ നിന്നടക്കം 4251.71കോടിയുടെ ഓഹരി സമാഹരിക്കാൻ സർക്കാർ ശ്രമിക്കുന്നത്. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി മാത്രമാണ് ഇതുവരെ കിട്ടിയത്. പഠനങ്ങളും സർവേകളും നടത്താൻ മാത്രമാണ് അനുമതിയുള്ളത്. ഇതുപയോഗിച്ചാണ് ഭൂമിയേറ്റെടുക്കാൻ ജനങ്ങളുടെ പുരയിടത്തിൽ കെ റെയിൽ മഞ്ഞക്കുറ്റികൾ കുഴിച്ചിട്ടത്. അതേസമയം, പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി കിട്ടിയശേഷമേ സംസ്ഥാനത്തിന് നിക്ഷേപം സ്വീകരിക്കാനാവൂ. ഇത് മറച്ചുവച്ചാണ് നിക്ഷേപ സമാഹരണത്തിനായി കൺസൾട്ടൻസിയെ നിയമിക്കുന്നത്.
വിദേശനിക്ഷേപം ആകർഷിക്കാൻ എസ്.ബി.ഐയുടെ നിയന്ത്രണത്തിലുള്ള ഏജൻസിയെയും രണ്ട് സ്വകാര്യ കൺസൾട്ടൻസികളെയും നിയോഗിക്കാനാണ് ധാരണ. ഏതുതരത്തിലുള്ള സ്വകാര്യനിക്ഷേപമാണ് വേണ്ടതെന്ന ഫിനാൻഷ്യൽ മോഡൽ ഇവരാകും ഉണ്ടാക്കുക. ഭീമമായ കൺസൾട്ടൻസി തുകയ്ക്ക് പുറമേ, നിക്ഷേപത്തിന് അനുസരിച്ച് ഇവർക്ക് കമ്മീഷനും നൽകേണ്ടി വരും. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലുമടക്കം നിക്ഷേപക സംഗമങ്ങൾ, റോഡ് ഷോ എന്നിവയും ഇവരാകും നടത്തുക.
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ വിജയകരമായ മാതൃകയാവും സിൽവർ ലൈനിനായി സർക്കാർ മുന്നോട്ടുവയ്ക്കുക. നെടുമ്പാശേരിയിൽ 19,600ഓഹരിയുടമകളുണ്ട്. കണ്ണൂരിൽ സംസ്ഥാന സർക്കാരിനും സ്വകാര്യ വ്യക്തികൾക്കുമായി 33%ഓഹരിയുണ്ട്. സംസ്ഥാന സർക്കാരിനും, ബിപിസിഎലിനും ശേഷം കണ്ണൂർ വിമാനത്താവള കമ്പനിയിലെ മൂന്നാമത്തെ വലിയ ഓഹരി ഉടമയാണ് എം.എ യൂസഫലി. അദ്ദേഹത്തിന് 8.59 ശതമാനം ഓഹരി കിയാലിലുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലും രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമയാണ് യൂസഫലി.
സിൽവർലൈൻ കേരളത്തിന് മാത്രമല്ല രാജ്യത്തിനും ഗുണകരമായ പദ്ധതിയാണെന്നും അന്തിമാനുമതി ഉടൻ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടും കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. കേരളത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്ന പദ്ധതിക്ക് അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും വഴിയൊരുക്കും. പരിസ്ഥിതിക്കും സാമ്പത്തികമേഖലയ്ക്കും ഗുണകരമായ പദ്ധതിയാണ്.
ഓഹരിയുടമകൾക്ക് 13.55ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാൽ ലാഭകരമായ പദ്ധതിയാണ്. വിദേശവായ്പാ ബാദ്ധ്യത ഏറ്റെടുത്തതിന് പുറമേ, ഭൂമിയേറ്റെടുക്കലിനുള്ള 13,700കോടി ചെലവ് പൂർണമായി സംസ്ഥാനം വഹിക്കുമെന്നും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. റെയിൽവേയുടെ സാമ്പത്തികശേഷി മോശമായതിനാൽ സിൽവർലൈനിന് വിഹിതം നൽകാനാവില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ നേരത്തേ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചതിലും മുടക്കമുതൽ തിരിച്ചുകിട്ടുന്നതിലും ചില സംശയങ്ങൾ റെയിൽവേ ഉന്നയിച്ചിട്ടുമുണ്ട്. മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടുമെന്നും നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവാമെന്നുമാണ് ഡി.പി.ആറിലുള്ളത്. ഇതിലും റെയിൽവേ മന്ത്രാലയം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്