കോട്ടയം: മന്ത്രി സജി ചെറിയാനെതിരേ ഗുരുതര ആരോപണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സിൽവർ ലൈൻ അലൈന്മെന്റിൽ മാറ്റംവരുത്തിയെന്ന് തിരുവഞ്ചൂർ ആരോപിച്ചു.

മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കു വശത്തുകൂടി ആയിരുന്നു ആദ്യം സിൽവർലൈൻ അലൈന്മെന്റ്. ആ അലൈന്മെന്റ് ഇപ്പോൾ പടിഞ്ഞാറുവശത്തേക്ക് മാറ്റി. സജി ചെറിയാൻ ഇനി ശബ്ദിച്ചാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

അലൈന്മെന്റ് ഒരിടത്തും മാറ്റിയിട്ടില്ലെന്ന് മന്ത്രി തന്നെയാണല്ലോ പറഞ്ഞത്. അദ്ദേഹത്തിന്റെ തന്നെ പഞ്ചായത്തായ മുളക്കുഴയെ കുറിച്ചു തന്നെയാണ് ഞാൻ പറയുന്നത്. ഈ മുളക്കുഴ എന്നു പറയുന്നത് അദ്ദേഹത്തിന് അത്ര അപരിചിതമൊന്നുമല്ല. അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്തുണ്ടായ സംഭവമാണ് പറയുന്നത്. ഞാൻ ഇത് പറയാനിരുന്നതല്ല. എന്നെക്കൊണ്ടു പറയിപ്പിച്ചതാണ്, തിരുവഞ്ചൂർ പറഞ്ഞു.

താൻ ഇത് പറയാനിരുന്നതല്ലെന്നും തന്നെക്കൊണ്ടു പറയിപ്പിച്ചതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അലൈന്മെന്റ് മാറ്റിയതിന്റെ പ്രയോജനം ആർക്കാണ് കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിൽ കടന്നു പോകുന്ന നിരവധി സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ അലൈന്മെന്റ് മാറ്റിയിട്ടുണ്ടെന്നും ആരെ രക്ഷിക്കാനാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂർ ചോദിച്ചു. കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള പല കാര്യങ്ങളും സംസ്ഥാന സർക്കാർ ജനങ്ങളിൽ നിന്ന് മറച്ചു വെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാനുണ്ട്. അക്കാര്യങ്ങൾ കൂടി പുറത്ത് വരുമ്പോൾ കെ റെയിലിനെ കുറിച്ച് സംസാരിക്കാനുള്ള ശക്തി പോലും സംസ്ഥാന സർക്കാരിന് ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

അതേ സമയം ചെങ്ങന്നൂരിലെ വീടിരിക്കുന്ന സ്ഥലത്തെ സിൽവർ ലൈൻ അലൈന്മെന്റ് മാറ്റിയെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ''സിൽവർ ലൈനിന് എന്റെ വീടു വിട്ടു നൽകാം'' എന്ന തലക്കെട്ടിൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

സിൽവർ ലൈനിന് എന്റെ വീട് വിട്ടുനൽകാം

ഞാൻ ചെങ്ങന്നൂരിൽ കെ റെയിൽ അലൈന്മെന്റ് മാറ്റി എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞുകേട്ടു. തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു എന്റെ ധാരണ. കെ റെയിലിന്റെ അലൈന്മെന്റിൽ എന്റെ വീട് വന്നാൽ പൂർണമനസ്സോടെ വീട് വിട്ടുനൽകാം. അലൈന്മെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കിൽ എന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാം. എന്റെ കാലശേഷം വീട് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകുമെന്നും ഡോക്ടർമാരായ പെൺമക്കൾ അവരുടെ സൗജന്യസേവനം കരുണയ്ക്ക് നൽകുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനൽകാൻ കൂടുതൽ സന്തോഷമേയുള്ളൂ. വീട് സിൽവർ ലൈനിന് വിട്ടുനൽകിയാൽ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നൽകാം. അദ്ദേഹവും കോൺഗ്രസ് നേതാക്കളും ചേർന്ന് കരുണയ്ക്ക് കൈമാറിയാൽ മതി.

സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സിൽവർ ലൈൻ അലൈന്മെന്റ് മാറ്റിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കു വശത്തുകൂടി ആയിരുന്നു അലൈന്മെന്റ്. ആ അലൈന്മെന്റ് ഇപ്പോൾ പടിഞ്ഞാറുവശത്തേക്ക് മാറ്റി. സജി ചെറിയാൻ ഇനി ശബ്ദിച്ചാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.

നേരത്തെ കെ - റെയിൽ വിരുദ്ധ സമരത്തിന് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കിവിടുകയാണെന്ന് സജി ചെറിയാൻ ആക്ഷേപിച്ചിരുന്നു. 'ഒരു കിലോ മീറ്റർ അങ്ങോട്ടും ഇങ്ങോട്ടും ബഫർ സോണാണെന്നാണ് ഇവർ പറയുന്നത്. ഡി പി ആറിൽ ഒരുമീറ്റർ പോലും ബഫർസോൺ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭൂരിപക്ഷം മേഖലയിലെയും കെ - റെയിൽ കടന്നുപോകുന്നത് മുകളിലൂടെയാണ്. ഒരാളുടെയും സ്ഥലം അനധികൃതമായി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇനിയും അലൈന്മെന്റിൽ മാറ്റമുണ്ടാകും. ഭൂവുടമകളുടെ വൈകാരിക മാനസിക അവസ്ഥയെ ഇളക്കി സർക്കാരിനെതിരേ തിരിക്കുകയാണെന്നും ഇതിനായി പണം ഇറക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. അതേസമയം ബഫർസോണിനെക്കുറിച്ച് താൻ ഇന്നലെ പറഞ്ഞതിൽ തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ ഇന്ന് സമ്മതിച്ചിരുന്നു. സമരക്കാരെ ആക്ഷേപിച്ച സജി ചെറിയാനെതിരെ ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിടുന്ന ശൈലിയിൽ തന്നെയാണ് പിണറായി വിജയനും നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാൽ കർഷക സമരത്തിന് മുന്നിൽ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും എന്ന മുന്നറിയിപ്പും വി ഡി സതീശൻ നൽകിയിരുന്നു.