- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ അലൈന്മെന്റ് മാറ്റം വന്നേക്കാം; നിലവിലെ അലൈന്മെന്റ് മാറ്റം വരുത്താൻ കേന്ദ്ര അനുമതിയും അത്യാവശ്യം; സ്ഥലം വിട്ടുകൊടുത്തവർക്കും പരിസരവാസികൾക്കും വെല്ലുവിളി 20 മീറ്റർ ബഫർ സോൺ; ഭൂമി പോകുന്നവർക്ക് നഷ്ടപരിഹാരം കിട്ടുമെങ്കിൽ ബഫർസോണിൽ പെടുന്നവർക്ക് അതും ലഭിക്കില്ല
തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ പദ്ധതിയുടെ നിർദിഷ്ട പാതയിൽ മാറ്റം വരുത്തിയേക്കാം എന്ന സൂചനകളും സജീവമാണ്. ഇക്കാര്യത്തിൽ സാമൂഹിക ആഘാത പഠനത്തെ മാനദണ്ഡമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പദ്ധതിയുടെ നിലവിലെ അലൈന്മെന്റിന് മാറ്റത്തിന് സാധ്യതയുണ്ടെന്ന് കെ റെയിൽ നൽകുന്ന സൂചന. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയും സർക്കാറുമാണ്. പദ്ധതിയുടെ അലൈന്മെന്റിൽ മാറ്റം വരുത്തുകയാണെങ്കിൽ കേന്ദ്രസർക്കാറിന്റെയും അനുമതി ആവശ്യമായി വറും.
പഠനം നടത്തേണ്ട ഏജൻസിയാണു നിലവിലെ അലൈന്മെന്റ് എവിടെയെങ്കിലും വലിയ സാമൂഹികാഘാതത്തിനു കാരണമാകുന്നുണ്ടോയെന്നു റിപ്പോർട്ട് ചെയ്യേണ്ടത്. അലൈന്മെന്റ് മാറ്റത്തിന്റെ ഭാഗമായി പദ്ധതിച്ചെലവു വ്യത്യാസപ്പെട്ടാൽ കേന്ദ്ര അംഗീകാരം കൂടി വേണ്ടിവരുമെന്നു കെറെയിൽ എംഡി വി.അജിത് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കല്ലിടലുമായി മുന്നോട്ടു പോവുകയാണെന്നും തടസ്സം നീക്കേണ്ടതു സർക്കാരാണെന്നും എംഡി പറഞ്ഞു. കല്ലുകൾ പിഴുതു കളഞ്ഞിടത്തു പുതിയ കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കല്ലിടാതെ സാമൂഹികാഘാത പഠനം നടത്തിക്കൂടേ എന്ന ചോദ്യത്തിന് കെറെയിൽ എംഡി വ്യക്തമായ ഉത്തരം നൽകിയില്ല. കല്ലിടാൻ കോടതിയുടെ അനുമതിയുണ്ടെന്നായിരുന്നു മറുപടി. കല്ലിടുന്നതു ഭൂമിയുടെ ക്രയവിക്രയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പറയാൻ താൻ വിദഗ്ധനല്ലെന്നും റവന്യു വകുപ്പാണ് വ്യക്തത വരുത്തേണ്ടതെന്നുമായിരുന്നു കെ റെയിൽ എംഡി നൽകിയ മറുപടി.
20 മീറ്റർ ബഫർസോൺ വലിയ വെല്ലുവിളി
സിൽവർലൈൻ പദ്ധതിയിൽ ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ലെന്നും ബഫർ സോൺ ഉണ്ടെന്നതു കള്ളപ്രചാരണമാണെന്നും മന്ത്രി സജി ചെറിയാർ പറഞ്ഞത് തെറ്റാണെന്നാണ് കെ റെയിൽ എംഡി വ്യക്തമാക്കുന്നത്. താൻ ഡിപിആർ നന്നായി പഠിച്ചതാണെന്നും സിൽവർലൈനിന് ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ലെന്നുമാണു മന്ത്രി ആലപ്പുഴയിൽ പറഞ്ഞത്. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്നും അതിൽ ഇരുവശത്തും 5 മീറ്റർ വീതം ഭാഗത്ത് നിർമ്മാണ നിരോധനമുണ്ടെന്നും കെറെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു. മന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കെറെയിൽ എംഡിയുടെ മറുപടി.
ബഫർ സോണിൽപെടുന്ന സ്ഥലം കെറെയിൽ ഏറ്റെടുക്കാനോ നഷ്ടപരിഹാരം നൽകാനോ തീരുമാനമില്ല. ബഫർസോണിൽ ഇരുവശത്തും 5 മീറ്റർ കഴിഞ്ഞുള്ള ഭാഗത്തു നിർമ്മാണത്തിന് അനുമതി വാങ്ങണം. 5 മീറ്റർ പരിധിയിൽ കെട്ടിടമുണ്ടെങ്കിൽ പൊളിക്കേണ്ട. എന്നാൽ പുതുക്കിപ്പണിയാൻ കഴിയില്ല എംഡി പറഞ്ഞു.
ബഫർ സോൺ കൂടി വരുന്നതോടെ ഭൂ ഉടമകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നേരിടേണ്ടി വരും. കെ റെയിൽ പദ്ധതിക്കാതെ ഭൂമി വിട്ടു കൊടുക്കുന്നവർക്ക് നഷ്ടപരിഹാരമെങ്കിലും ലഭിക്കും. എന്നാൽ, കെ റെയിലിന് 20 മീറ്റർ പരിസരത്തുള്ളവർക്കാണ് വലിയ വെല്ലുവിളി. ഇവിടെ ബഫർസോൺ ആകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരും. കൂടാതെ ഭൂമിയുടെ വില അടക്കം കുത്തനെ ഇടിയാനും ഇത് ഇടയാക്കുമെന്ന് ഉറപ്പാണ്. ഇതോടെ കെ റെയിലിന്റെ സമൂഹിക ആഘാതം ഏൽക്കേണ്ടി വരിക വലിയൊരു വിഭാഗം ജനങ്ങളാകും എന്ന കാര്യവും ഉറപ്പാണ്.
ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാൽ മുഴുവൻ നഷ്ടപരിഹാരവും നൽകി മാത്രമേ ഭൂമിയേറ്റെടുക്കുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കുമ്പോൾ ബഫർ സോണിൽ വരുന്നവരുടെ കാര്യത്തിൽ ആശങ്കകൾ ശക്തമാകുകയാണ്. കല്ലിടലുമായി മുന്നോട്ട് പോകാനാണ് കെ റെയിലിന്റെ തീരുമാനം. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാൽ സാമുഹിക ആഘാത പഠനം വൈകും. പദ്ധതി വൈകും തോറും ഓരോ വർഷവം 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോൾ കല്ലിട്ട അതിരുകൾ പഠനത്തിന് ശേഷം മാറും.
ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോർട്ടിൽ വെച്ചിട്ടുണ്ട് പുതിയ റിപ്പോർട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഡിപിആറിന് ഒപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാൽ മതിയാവും. അത് ബോണ്ടായി നൽകും. പിന്നിട് പലിശ സഹിതം പണം നൽകും. സന്നദ്ധരായവർക്കാവും ഈ പാക്കേജ്. - കെ റെയിൽ എം ഡി പറഞ്ഞു.
സാമൂഹികാഘാത പഠനം തുടങ്ങിയത് കണ്ണൂരിൽ മാത്രം
സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടങ്ങാനായതു കണ്ണൂർ ജില്ലയിൽ മാത്രമാണ്. ആദ്യ പടിയായി അതിർത്തി നിർണയിച്ചുള്ള കല്ലിടൽ പൂർത്തിയാകാത്തതിനാൽ മറ്റെവിടെയും പഠനം തുടങ്ങാനായിട്ടില്ല. ആകെ 530 കിലോമീറ്റർ ദൂരം കല്ലിടേണ്ടതിൽ ഇന്നലെ വരെ പൂർത്തിയായതു 182 കി.മീ. മാത്രം. ആകെ സ്ഥാപിച്ചത് 6083 കല്ലുകൾ. പഠനം ഏറ്റെടുത്ത ഏജൻസികൾക്കു സർക്കാർ സമയം നീട്ടി നൽകും.
ഏറ്റവുമധികം കല്ലുകൾ സ്ഥാപിച്ചതു കാസർകോട് ജില്ലയിലാണ്. ഇവിടെ 14 വില്ലേജിലായി 42.6 കിലോമീറ്ററിൽ 1651 കല്ലുകളിട്ടു. തൊട്ടുപിന്നിൽ കണ്ണൂരാണ്. 12 വില്ലേജിലായി 36.9 കിലോമീറ്ററിൽ 1130 കല്ല്. ഏറ്റവുമാദ്യം കല്ലിടൽ തുടങ്ങിവച്ച ജില്ലകളാണിവ. 11 ജില്ലകളിൽ പത്തനംതിട്ടയിൽ ഒരു കല്ലു പോലും ഇടാനായില്ല. റവന്യു വകുപ്പിനാണു കല്ലിടൽ ചുമതല. പാത കടന്നുപോകുന്ന 530 കിലോമീറ്ററിൽ ഏതാണ്ട് 200 കിലോമീറ്ററിലധികം റെയിൽവേ ഭൂമിയിലൂടെയാണ് അലൈന്മെന്റ്. ഇവിടെ ഈ ഘട്ടത്തിൽ കല്ലിടൽ നടത്തുന്നില്ല. കേന്ദ്ര റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം ദക്ഷിണ റെയിൽവേയുമായി ചേർന്നു കെറെയിൽ സംയുക്ത സർവേ നടത്തുന്നുണ്ട്.
അലൈന്മെന്റിൽ അതിരടയാള കല്ലുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. 1961ലെ കേരള സർവേ അതിരടയാള നിയമത്തിലെ 6(1) വകുപ്പു പ്രകാരമാണ് ഇതിനുള്ള വിജ്ഞാപനം. സാമൂഹികാഘാത പഠനം നടത്താൻ ഈ കല്ലിടൽ കൂടിയേ തീരൂ. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണു സാമൂഹികാഘാത പഠനം. സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ എന്നിവയാണു പഠിക്കുന്നത്. അലൈന്മെന്റിന്റെ അതിർത്തി കല്ലിട്ട് അടയാളപ്പെടുത്തിയാലേ ഇവിടെ നിന്ന് എത്ര അകലത്തിലുള്ള വീട്, കെട്ടിടം തുടങ്ങിയവയെ പദ്ധതി ബാധിക്കുമെന്നും മറ്റും മനസ്സിലാക്കാനാകൂ. അതിർത്തി നിർണയക്കല്ലുകൾ സ്ഥാപിക്കാതെ സാമൂഹികാഘാത പഠനം സാധ്യമല്ല. പ്രക്ഷോഭം മൂലം കല്ലിടൽ തടസ്സപ്പെട്ടതോടെയാണു പഠനവും മുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ