തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയെ അനുകൂലിച്ചുള്ള സിപിഐ.യുടെ നിലപാട് വിവാദത്തിലേക്ക്. തിരുത്തൽവാദത്തിൽ അടക്കം സിപിഐ-സിപിഎം തർക്കം തുടങ്ങുമ്പോഴാണ് പുതിയ വിവാദം. ചിന്തയിലെ സിപിഐ വിമർശന ലേഖനത്തിന് പിന്നാലെ നവയുഗത്തിൽ തിരിച്ചടിക്കാനാണ് സിപിഐ തീരുമാനം. ഇതിനിടെയാണ് കെ റെയിലിലും സിപിഐയെ സമ്മർദ്ദത്തിലാക്കി പുതു നീക്കം. ഇതോടെ കെ റെയിലിനേയും സിപിഐയ്ക്ക് ഇനി എതിർക്കേണ്ടി വന്നേക്കും. ഇതിൽ പാർട്ടിക്കുള്ളിൽ ചർച്ച നടക്കും.

സിൽവർലൈനിന്റെ കാര്യത്തിൽ ജനവികാരം അവഗണിച്ചു സിപിഎം നിലപാടിനൊപ്പം സിപിഐ നിൽക്കരുതെന്ന് പാർട്ടിയുടെ ഉന്നതശീർഷരായ ഇരുപതോളം മുൻ നേതാക്കളുടെ മക്കൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു കത്തയച്ചത് ഗൗരവത്തോടെ തന്നെ പാർട്ടി നേതൃത്വവും എടുക്കും. ജനവിരുദ്ധ നിലപാടുകൾ സർക്കാർ എടുക്കുമ്പോൾ മുൻകാലങ്ങളിൽ ചെയ്തതു പോലെ അക്കാര്യം തുറന്നു പറയാൻ സിപിഐ തയാറാകണം. പാർട്ടിയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തരുതെന്നാണ് അവരുടെ ആവശ്യം.

സി.അച്യുതമേനോൻ, കെ.ദാമോദരൻ, എം.എൻ.ഗോവിന്ദൻ നായർ, എൻ.ഇ.ബാലറാം, സി.ഉണ്ണിരാജ, കെ.മാധവൻ, പി.ടി.പുന്നൂസ്, കെ.ഗോവിന്ദപ്പിള്ള, ശർമാജി, പൊടോറ കുഞ്ഞിരാമൻ നായർ, പി.രവീന്ദ്രൻ, പവനൻ, കാമ്പിശേരി കരുണാകരൻ, വി.വി.രാഘവൻ, പുതുപ്പള്ളി രാഘവൻ തുടങ്ങിയവരുടെ മക്കളാണു കത്തിൽ ഒപ്പിട്ടിരിക്കുന്നത്. സിപിഐയുടെ എക്കാലത്തേയും മികച്ച നേതാക്കളുടെ മക്കളാണ് ഇവർ. സിപിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നവർ. 21 പേരാണ് കത്തിൽ ഒപ്പിട്ടത്.

കെ-റെയിൽപോലുള്ള ജനവിരുദ്ധ കാര്യങ്ങളിൽ തുറന്നുപറയാൻ പാർട്ടി തയ്യാറാകണമെന്നാണ് കത്തിലെ ആവശ്യം. പ്രതീക്ഷയോടെകണ്ട സിപിഐ.യുടെ വർത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഈ സർക്കാരിലും നിർണായമായ പലപ്രശ്‌നങ്ങളിലും എതിർപ്പ് രേഖപ്പെടുത്തേണ്ട സമയത്ത് അത് ചെയ്യാൻ സിപിഐ. തയ്യാറായിട്ടുണ്ട്.

ലോകായുക്ത നിയമഭേദഗതിലെ നിലപാട് ശരിയുടെ ഭാഗത്തുള്ള നിൽപ്പായി ഞങ്ങൾ കാണുന്നു. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുടെ കാര്യത്തിൽ സത്യസന്ധവും ഉചിതവുമായ നിലപാടെടുക്കുന്നതാണ് സിപിഐ.യുടെ പൈതൃകം. എന്നാൽ, കെ-റെയിലിന്റെ കാര്യത്തിൽ സിപിഐ.യുടെ നിലപാട് മനസ്സിലാക്കാനാകുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം സിപിഐ.യ്‌ക്കൊപ്പംനിന്ന നേതാക്കൾക്ക് പൊതുകാര്യങ്ങളിൽ ഉറച്ചനിലപാടുണ്ടായിരുന്നു. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് സൈലന്റ് വാലി പദ്ധതിയിൽ പാർട്ടി നിലപാട് സുവ്യക്തമായിരുന്നു. ഇപ്പോൾ സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കെ-റെയിൽ പദ്ധതിവരുമ്പോൾ ഒരു ചർച്ചയുംകൂടാതെയെടുക്കുന്ന നിലപാടിനോട് യോജിക്കാനാവുന്നില്ല. ജനകീയവികാരം അവഗണിച്ചുള്ള സിപിഎം. നിലപാടിനോട് ഒപ്പംനിൽക്കേണ്ട ബാധ്യത സിപിഐ.ക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നെന്ന് കത്തിൽ ഓർമിപ്പിക്കുന്നു.

ജനവിരുദ്ധമായ പദ്ധതികളിൽ അക്കാര്യം തുറന്നുപറഞ്ഞ് വിയോജിക്കാൻ തയ്യാറാവണം. ഞങ്ങളുടെ മാതാപിതാക്കളടക്കം പതിനായിരങ്ങൾ അവരുടെ ജീവൻകൊടുത്ത് വളർത്തിയ പ്രസ്ഥാനം, അതിന്റെ രാഷ്ട്രീയപാരമ്പര്യത്തോടെ മുൻപന്തിയിൽ നിൽക്കണം. കെ-റെയിലിനെ പിന്തുണയ്ക്കുന്നതിനുമുമ്പ് ഡി.പി.ആർ. പഠിക്കാൻ എല്ലാവരും തയ്യാറാകണം. വിദഗ്ധരെ പങ്കെടുപ്പിച്ച് ചർച്ചനടത്തണമെന്നും കത്തിൽ പറയുന്നു. ഈ കത്തിനെ അനുകൂലിച്ച് ഒപ്പിട്ടവർ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കംതൊട്ട് ദീർഘകാലം ഈ പ്രസ്ഥാനത്തെ സേവിച്ചവരുടെ മക്കളാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഈ കത്തിൽ പാർട്ടിക്കുള്ളിൽ ചർച്ച നടക്കും. അതിന് ശേഷം കെ റെയിലിലെ പ്രഖ്യാപിത നിലപാട് സിപിഐ മാറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യം. കെ റെയിലിൽ കേരളത്തിലുടനീളം പ്രതിഷേധം ശ്ക്തമാണ്. കെ റെയിൽ കടക്കെണിയാണെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പദ്ധതി ആരും രഹസ്യമായി കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'ഏതെല്ലാം തരത്തിൽ ഒരു പദ്ധതിയെ ഇല്ലാതാക്കണമെന്ന മാനസികാവസ്ഥ പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷത്തിന്റെ സംസാരത്തിലൂടെ മനസിലാക്കാൻ സാധിച്ചു. അത്രമാത്രം പാപ്പരായ അവസ്ഥയിൽ അവരെത്തിച്ചേർന്നിരിക്കുന്നു. ഞങ്ങൾ സംവദിക്കുന്ന ഒരു രീതിയുണ്ട്. ആ രീതിയിൽ വിപുലമായി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും. എന്നാൽ അതെത്താത്ത ഒരു വിഭാഗമുണ്ട്. ആ വിഭാഗവുമായും സംവദിക്കും', മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പറയുന്ന തരത്തിൽ ഒരാശങ്കയുമില്ല. വളരെ വേഗം പദ്ധതി പൂർത്തിയാക്കാൻ കഴിയണമെന്നുമുള്ള വികാരമാണ് പൊതുവെ ഉള്ളത്. കെ റെയിലുമായി ബന്ധപ്പെട്ട സമരങ്ങൾ യുഡിഎഫ് വിചാരിച്ചാൽ നടത്താൻ കഴിയുമെന്ന് സമ്മതിക്കുന്നു. എന്നാൽ, യുഡിഎഫിന്റെ അണികളെ തന്നെ ആവേശഭരിതരാക്കി കെ റെയിലിനെതിരെ കൊണ്ടുവരാൻ കഴിയുന്നുണ്ടോ. പദ്ധതി കേരളം മൊത്തത്തിൽ അംഗീകരിച്ചുകഴിഞ്ഞു. അത് നമ്മൾ കാണണം-ഇതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് സിപിഐയിലെ നീക്കം.