കണ്ണൂർ: കെ റെയിലുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുടെയും അത് വഴി പൊലീസ് മർദ്ദനങ്ങളുടെയും കർശനനടപടികളുടെയും വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നാൽ പ്രതിഷേധ ഭാഗമല്ലാതെ കെ റെയിലിന്റെ പേരിൽ അടിപൊട്ടിയാലോ.. അത്തരമൊരു വാർത്തയാണ് കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്.സാധാരണ കെ റെയിലിന് കല്ലിടുമ്പോൾ വീട്ടുകാരും സർക്കാരുമാണ് കയ്യാങ്കളിയിലെത്താറുള്ളതെങ്കിൽ ഇവിടെ അടിപൊട്ടിയത് വീട്ടുകാർ തമ്മിൽ.

വീടിന്റെ മുറ്റത്ത് കെ. റെയിലിനായി സർവേകുറ്റി സ്ഥാപിച്ചതാണ് വീട്ടുകാർ തമ്മിൽ തർക്കത്തിന്റെ തുടക്കം. പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗവും കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തിയതോടെ പൊലീസിന് കേസെടുക്കേണ്ടിയും വന്നു.കണ്ണൂർ കോർപറേഷൻ പരിധിയിലെ റെയിൽവേ ട്രാക്കിനോടടുത്തുള്ള വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം കെ റെയിലിനായി കുറ്റിയടിച്ചത്.ചതുപ്പ് നിലത്താണ് ഈ പഴയവീട് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ വീട് ഇളയമകന് നൽകിയ ശേഷം അമ്മയും സഹോദരങ്ങളും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു.

വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഈവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ഇളയമകൻ. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കെ.റെയിലിനായി സ്ഥലം അക്വയർ ചെയ്യുന്നതിനായി വീടിന്റെ മുറ്റത്ത് കെ റെയിൽ കോർപറേഷൻ സർവേ സംഘം കുറ്റിയിടിച്ചത്.വീടും സ്ഥലവും അക്വയർ ചെയ്യുമ്പോൾ ഇളയമകന് വൻ തുക നഷ്ടപരിഹാരം ലഭിക്കുമെന്ന വിവരംപരന്നതിനെ തുടർന്ന് വീടുവിട്ടുപോയ അമ്മയും സഹോദരങ്ങളും തിരിച്ചുവരികയും ഈ സ്വത്തിൽ അവകാശവാദമുന്നയിക്കുകയുമായിരുന്നു.

കൂടാതെ നേരത്തെ വീടുവിട്ടുപോയ മറ്റൊരുമകൻ ഈ വീട്ടിൽ പൂജനടത്തണമെന്നാവശ്യവുമായെത്തി. ഇവരുടെ നീക്കം ചെറുത്തതോടെ ഇളയമകനുമായി തർക്കവും വാക്കേറ്റവും നടന്നു. തർക്കം കൈയാങ്കളിയിലെത്തിയപ്പോഴാണ് കണ്ണൂർ ടൗൺ പൊലിസിനെ ഇരുവിഭാഗവും സമീപിച്ചത്.

കെ റെയിലിന്റെ കുറ്റി എവിടുണ്ടോ അവിടെ ഇപ്പൊ അടി ഉറപ്പാണ് എന്ന നിലയിലേക്ക് എത്തി കാര്യങ്ങൾ.അടിയിലെ ആൾക്കാർ മാത്രമാണ് മാറുന്നത്.