തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് കെ റെയിൽ സംഘടിപ്പിക്കുന്ന സംവാദം തിരുവനന്തപുരത്ത് തുടങ്ങി. മുൻ റയിൽവേ ബോർഡ് മെംബർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് വാദിക്കുന്നത്. ഇവർക്കൊപ്പം പദ്ധതി എതിർക്കുന്നവരുടെ കൂട്ടത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി മേനോൻ മാത്രമാണ് പങ്കെടുക്കുന്നത്.

അതേ സമയം കൈരളി ചാനലിൽ പോലും സംവാദം തൽസമയം കാണിക്കാൻ തയ്യാറാകാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പദ്ധതി എത്ര പൊള്ളയാണ് എന്ന് മനസിലാക്കാൻ സാധിക്കുമെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് വീണ എസ് നായർ രംഗത്ത് എത്തി. ഫേസ്‌ബുക്കിലൂടെയാണ് പ്രതികരണം.

സംസ്ഥാനത്തിന്റെ പുരോഗതിക്ക് മാറ്റി നിർത്തനാവാത്ത പദ്ധതി എന്നാണ് സി പി എം സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പറയുന്നത്. എന്നാൽ പാർട്ടി ചാനലിനു പോലും കെ റയിൽ നടത്തുന്ന സംവാദം കാണിക്കാൻ താല്പര്യമില്ല എന്ന കാണുമ്പോൾ ഈ പദ്ധതി എത്ര പൊള്ളയാണ് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുമെന്ന് വീണ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു
.
കെ റയിൽ സംവാദം മൊത്തം ഹാഷ് ബുഷ് ഇംഗ്ലീഷിൽ ആയതു കൊണ്ടാണോ കൈരളി ചാനൽ കാണിക്കാത്തത് എന്നതും പരിശോധിക്കണമെന്നും വീണ പറയുന്നു.

ക്ഷണിക്കപ്പെട്ട സദസ്സിനും, മാധ്യമങ്ങൾക്കും മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. സർക്കാർ നേരിട്ട് ക്ഷണിക്കാത്തതിനാൽ വിദഗ്ധൻ അലോക് കുമാർ വർമ്മ പിന്മാറിയിരുന്നു. പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ കെ റെയിൽ സംഘാടകരായതിനെ തുടർന്ന് പിന്മാറിയിരുന്നു. നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽ നിന്ന് വിമരിച്ച സീനിയർ പ്രൊഫസർ മോഹൻ എ.മേനോനാണ് മോഡറേറ്റർ.