- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ നിലവിലുള്ള റെയിൽപാതയോട് ചേർന്ന് പാതയൊരുക്കാമെന്ന് പിണറായി സർക്കാർ പ്രതീക്ഷ; അട്ടിമറിക്കാൻ സുരേന്ദ്രനും ശ്രീധരനും അടക്കമുള്ളവർ ഡൽഹിയിലേക്ക്; കെ റെയിലിൽ എതിർപ്പ് തുടർന്ന് കേരളാ ബിജെപി; ബജറ്റിലും സിൽവർ ലൈൻ ഉണ്ടാകില്ല
ന്യൂഡൽഹി: കെ റെയിലിന്റെ ഭാവി ഇന്നറിയാനാകും. കേന്ദ്ര ബജറ്റിൽ ഇന്ന് കെ റെയിലിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ പിന്നീട് കേന്ദ്ര അനുമതി പ്രതിസന്ധിയിലാകും. കെ റെയിലിൽ ബജറ്റ് പ്രഖ്യാപണം ഉണ്ടാകില്ലെന്ന് തന്നെയാണ് ബിജെപി കേരള ഘടകത്തിന്റെ പ്രതീക്ഷ. ഈ വിഷയത്തിൽ ബിജെപി പ്രതിനിധി സംഘം ഡൽഹിയിലേക്ക് പോകുന്നതും ഈ സൂചനകൾ ലഭിച്ച ശേഷമാണ്.
ധന വകുപ്പിനെ കാര്യങ്ങൾ ബിജെപി കേരള ഘടകം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആറന്മുള പോലെ കെ റെയിലും കേന്ദ്രം വെട്ടും. അതിനിടെയാണ് പദ്ധതിക്ക് അനുമതി നൽകരുതെന്ന് ബിജെപി സംഘം റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നതിന് വേണ്ടി ഡൽഹിയിലേക്ക് പോകുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംഘത്തിൽ മെട്രോമാൻ ഇ. ശ്രീധരനും ഉണ്ടാകും. അടുത്തയാഴ്ചയാണ് സംഘം ഡൽഹിയിലെത്തുക.
ഇതിനിടേയും എങ്ങനേയും കേന്ദ്ര ബജറ്റിൽ കെ റെയിലിനെ എത്തിക്കാൻ സംസ്ഥാനം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിനിടെയാണ് ബിജെപിയുടെ സമ്മർദ്ദ നീക്കം. പദ്ധതിയെ പൂർണമായും എതിർക്കുന്ന ബിജെപി തങ്ങളുടെ നീക്കങ്ങൾക്കും എതിർപ്പിനും കൂടുതൽ ശക്തി പകരുന്നതിനാണ് ഡൽഹിയിലേക്ക് പോകുന്നത്. പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നൽകരുതെന്ന ആവശ്യമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുൻപിൽ സംഘം ഉന്നയിക്കുക. പ്രതിനിധി സംഘത്തിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഉണ്ടാകും.
പദ്ധതിക്കെതിരേ വലിയ പ്രക്ഷോഭപരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രാലയത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റേയും പിന്തുണ തേടിയാണ് സംഘത്തിന്റെ ഡൽഹി യാത്ര. മെട്രോമാൻ ഇ ശ്രീധരനെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിലെ ദോഷവശങ്ങൾ കൂടി കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ്. ധനവകുപ്പ് മന്ത്രി നിർമ്മലാ സീതാരാമനേയും കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബജറ്റിൽ കെ റെയിൽ വരില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.
നിർദിഷ്ട കെ-റെയിലിന്റെ അലൈന്മെന്റ് പൂർണമായി പുറത്തു വിടാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഡിപിആർ പുറത്തുവിട്ടെങ്കിലും മാഹി വഴിയുള്ള അലൈന്മെന്റിലാണ് ദുരൂഹത തുടരുന്നത്. കണ്ണൂർ-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിയിൽ ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് പോണ്ടിച്ചേരിയുടെ വിയോജിപ്പ് കെ-റെയിലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
സർക്കാർ പുറത്ത് വിട്ട 3773 പേജുള്ള ഡിപിആറിൽ സിൽവർ ലൈനിന്റെ തിരുവനന്തപുരത്തു നിന്നുള്ള 120 കി.മീ അലൈന്മെന്റ് മാത്രമാണ് വ്യക്തമാക്കിയത്. എന്നാൽ, വടക്കൻ കേരളത്തിൽ പലയിടത്തും സർവെ കല്ലുകൾ സ്ഥാപിച്ചെങ്കിലും മാഹിയിൽ ഇതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മാഹി വഴി പാത കടന്നുപോകില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോണ്ടിച്ചേരി സർക്കാറിന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ദൂരൂഹമായി തുടരുകയാണ്. ഡിപിആറിൽ പൂർണ അലൈന്മെന്റ് പുറത്തുവിടാത്തതിനു പിന്നിൽ മാഹിയിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനമാവാത്തതാണെന്ന് അറിയുന്നു. പദ്ധതിക്കായി പോണ്ടിച്ചേരി അനുമതി നിഷേധിച്ചാൽ തുടർനടപടികളെ പ്രതികൂലമായി ബാധിക്കും. എന്നാൽ, കെ-റെയിലിന്റെ വെബ് സൈറ്റിലുള്ള രൂപരേഖയിൽ ഗൂഗിൾ മാപ്പിൽ മാഹിയിലൂടെ തന്നെയാണ് പാത കടന്നുപോകുന്നത്.
കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ നിലവിലുള്ള റെയിൽപാതയോട് ചേർന്ന് പാതയൊരുക്കാമെന്നാണ് കണക്ക് കൂട്ടൽ. റെയിൽവെയുടെ ഭൂമി ഏറ്റെടുത്താൽ സ്വകാര്യഭൂമി പരമാവധി കുറക്കാമെന്നും ഇതുവഴി കുടിയിറക്ക് പരമാവധി ഒഴിവാക്കാമെന്നും കെ-റെയിൽ കരുതുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി കേരള ഘടകം റെയിൽവേ മന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തീരുമാനിക്കുന്നതും.
മറുനാടന് മലയാളി ബ്യൂറോ